ചൈനയില്‍ വന്‍ പ്രതിസന്ധി ! ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍; ചൈനയെ മറികടന്ന് ഒന്നാമനാകാന്‍ ഇന്ത്യ…

വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞതു പോലെയാണ് ചൈനയുടെ അവസ്ഥ. ഒറ്റക്കുട്ടി നയം രാജ്യത്ത് യുവതയുടെ എണ്ണം കുത്തനെ കുറച്ചതോടെയാണ് ചൈനയ്ക്ക് വീണ്ടു വിചാരമുണ്ടായത്.

ഇതേത്തുടര്‍ന്ന് കുട്ടികള്‍ മൂന്ന് വരെയാകാമെന്ന് ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ ഈ ഒറ്റക്കുട്ടി നയം പിന്തുടര്‍ന്ന കാലയളവില്‍ ചൈനീസ് ജനത വല്ലാതെ മാറിയിരുന്നു.

ഇതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍. ചൈനയിലെ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

2021 ല്‍ ആയിരം പേര്‍ക്ക് 7.52 എന്ന തോതിലാണ് ചൈനയിലെ ആകെ ജനനനിരക്ക്. ചൈനയുടെ 73 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ ജനനനിരക്കാണ് 2021 ല്‍ രേഖപ്പെടുത്തിയത്.

2020 ല്‍ ആയിരം പേര്‍ക്ക് 8.52 എന്ന തോതിലായിരുന്നു ചൈനയിലെ ജനനനിരക്ക്. ശക്തമായ കുടുംബാസൂത്രണ നിബന്ധനകള്‍മൂലമാണ് ജനനനിരക്ക് കുത്തനെ കുറഞ്ഞത്.

ജനസംഖ്യ കുറയുന്നതിനെ മറികടക്കാന്‍ മൂന്നുകുട്ടികള്‍ വരെയാകാമെന്ന നിയമത്തിന് കഴിഞ്ഞ ഓഗസ്റ്റില്‍ ചൈന അംഗീകാരം നല്‍കിയിരുന്നു.

ജനസംഖ്യ കണക്കെടുപ്പില്‍ യുവാക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതിനെ തുടര്‍ന്നാണ് ചൈന നിയമം തിരുത്തിയെഴുതിയത്.

രാജ്യത്തെ യുവാക്കള്‍ക്ക് വിവാഹിതരാവാനും കുട്ടികളുണ്ടാകാനും താത്പര്യം കുറഞ്ഞുവരുന്നതായാണ് റിപ്പോര്‍ട്ട്.

ഉയര്‍ന്ന ജോലി സമ്മര്‍ദം, സ്ത്രീകളുടെ വിദ്യാഭ്യാസത്തിലുണ്ടായ മുന്നേറ്റം, സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്രം, ഉയര്‍ന്ന ജീവിത ചെലവ് തുടങ്ങിയ ഘടകങ്ങളും ജനനനിരക്കിനെ സ്വാധീനിച്ചതായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

സാമ്പത്തിക ബാധ്യതയാകുമെന്ന് കരുതിയാണ് പല ദമ്പതികളും ഒന്നിലധികം കുട്ടികളെന്ന ആഗ്രഹം ഉപേക്ഷിക്കുന്നത്.

മൂന്നു പതിറ്റാണ്ടിലേറെയായി നടപ്പാക്കിയ ഒറ്റക്കുട്ടി നയം 400 ദശലക്ഷത്തികം ജനനങ്ങള്‍ തടഞ്ഞുവെന്ന് ചൈനീസ് അധികൃതരുടെ അവകാശവാദം.

മാത്രമല്ല ഇക്കാലയളവില്‍ ചൈനീസ് ജനതയിലുണ്ടായ പാശ്ചാത്യ സംസ്‌കാര സ്വാധീനം പാശ്ചാത്യരുടെ ജീവിത ശൈലി സ്വീകരിക്കുന്നതിലേക്ക് അവരെ നയിക്കുകയും ചെയ്തു.

ഇതിന്റെ ഫലമായി ലിവിംഗ് ടുഗെദറും മറ്റും ചൈനീസ് ജനതയ്ക്കിടെ സാധാരണമായി. ഇതോടെ വിവാഹത്തോടും കുട്ടികളെ ഉത്പാദിപ്പിക്കുന്നതിനോടും ചൈനീസ് ജനതയ്ക്കിടയില്‍ ഒരു വിപ്രതിപത്തി ഉടലെടുത്തു. ഇതും ചൈനീസ് ജനന നിരക്കില്‍ ഇടിവുണ്ടാകാന്‍ കാരണമായി.

നിലവില്‍ ഏകദേശം 144 കോടി ജനങ്ങളുമായി ജനസംഖ്യയില്‍ ചൈന തന്നെയാണ് ഒന്നാമതെങ്കിലും നിലവില്‍ 140 കോടി ജനങ്ങളുള്ള ഇന്ത്യ ഉടന്‍ തന്നെ ഇക്കാര്യത്തില്‍ ചൈനയെ മറികടക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Related posts

Leave a Comment