മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പൊരിച്ചോ പുഴുങ്ങിയോ ഒക്കെ യഥേഷ്ടം മുട്ടയെ അകത്താക്കാം. വെളുപ്പ് നിറം അല്ലെങ്കിൽ ഇളം ബ്രൗൺ നിറത്തിലാകും സാധാരണ മുട്ടയുടെ നിറം. കറുത്ത നിറത്തിലുള്ള മുട്ടയെ കുറിച്ച് കേട്ടിട്ടുണ്ടോ?
അതിശയിക്കേണ്ട, ജപ്പാനിലാണ് കറുത്ത നിറത്തിലുള്ള മുട്ട കിട്ടുന്നത്. വെറും മുട്ട അല്ലിത്. ഇത് കഴിച്ചാൽ ആയുസ് വർധിക്കുമെന്നാണ് പറയുന്നത്. ‘കുറോ-താമാഗോ’ എന്നാണ് ഇതിനെ ജപ്പാൻകാർ വിളിക്കുന്നത്. ജപ്പാനിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഹാക്കോണിലാണ് കറുത്ത മുട്ട കിട്ടുന്നത്. ഈ ഒരു മുട്ട കഴിച്ചാല്‍ ആയുസില്‍ ഏഴ് വര്‍ഷം അധികം ലഭിക്കുമെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം.
ജപ്പാനിലെ അഗ്നിപര്‍വത മേഖലയായ ‘ഓവകുഡാനി’ യിലെ തിളച്ചുമറിയുന്ന പ്രകൃതിദത്തമായ കുളങ്ങളില്‍ സാധാരണ കോഴിമുട്ടകള്‍ പുഴുങ്ങിയെടുക്കുമ്പോഴാണ് ഇതിന് കറുപ്പ് നിറം ലഭിക്കുന്നത്. തോട് പൊളിക്കുന്പോൾ സാധാരണ മുട്ട പോലെ തന്നെയാണ് ഇവയുടെ ഉൾഭാഗവും കാണപ്പെടുന്നത്. ഓവാകുഡാനി എന്ന സ്ഥലത്ത് മാത്രമേ ഈ മുട്ട ലഭിക്കൂ.അഞ്ച് മുട്ടകള്‍ അടങ്ങിയ പാക്കറ്റിന് 500 ജാപ്പനീസ് യെന്‍ (280 രൂപ) ആണ് വില.
