സിഡ്നി: ബോണ്ടി ബീച്ച് ഭീകരാക്രമണത്തിൽ പോലീസിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ തുടരുന്ന ഭീകരൻ നവീദ് അക്രമിനെതിരേ 59 കുറ്റങ്ങൾ ചുമത്തി പോലീസ്. ഇതിൽ 15 എണ്ണം കൊലപാതകക്കുറ്റങ്ങളാണ്. കൊലപാതകശ്രമങ്ങൾ, നിരോധിത ഭീകരസംഘടനയുടെ മുദ്രകൾ പ്രദർശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളും ഉൾപ്പെടുന്നു.
ഞായറാഴ്ച സിഡ്നിയിലെ ബോണ്ടി ബീച്ചിൽ യഹൂദരെ ലക്ഷ്യമിട്ട ഭീകരാക്രമണത്തിൽ 15 പേരാണു കൊല്ലപ്പെട്ടത്. നവീദും പിതാവ് സാജിദ് അക്രവും സമീപത്തെ പാലത്തിൽനിന്ന് വെടിയുതിർക്കുകയായിരുന്നു. ഇന്ത്യൻ പൗരനായ സാജിദിനെ പോലീസ് വധിച്ചു. വെടിയേറ്റു ഗുരുതരാവസ്ഥയിൽ കസ്റ്റഡിയിലെടുത്ത നവീദ് ചികിത്സയിലാണ്.
ഡോക്ടർമാരുടെ അനുമതി ലഭിച്ചാൽ ഇയാളെ ചോദ്യംചെയ്യാനുള്ള നീക്കത്തിലാണു പോലീസ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആശയങ്ങളിൽനിന്നു പ്രചോദനം ഉൾക്കൊണ്ടുള്ള ഭീകരാക്രമാണമാണു നടന്നതെന്ന് ഓസ്ട്രേലിയൻ പോലീസ് അറിയിച്ചിരുന്നു.
