21280 ഗ്രാം സ്വര്‍ണം,1250 കിലോ വെള്ളി ! വെള്ളിത്തിരയിലൂടെ വന്ന് തമിഴകത്തിന്റെ മുഴുവന്‍ ‘അമ്മ’യായ ജയലളിതയ്ക്ക് സ്വന്തമായുണ്ടായിരുന്നത് 1000 കോടിയുടെ സ്വത്ത്; എല്ലാം ഇനി സഹോദരന്റെ മക്കള്‍ക്ക് സ്വന്തം…

അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി കെ.ജയലളിതയുടെ അളവറ്റ സ്വത്തിന് ഇനി അവകാശികള്‍ സഹോദരന്‍ ജയകുമാറിന്റെ മക്കളായ ദീപയും ദീപക്കും മാത്രം.

ഊട്ടി കോടനാട് എസ്‌റ്റേറ്റില്‍ നടന്ന കൊലപാതകത്തിനും കവര്‍ച്ചയ്ക്കുമിടെ ജയലളിതയുടെ സ്വത്തുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ നഷ്ടമായെന്നാണ് വിവരം.

എന്നിരുന്നാലും 1000കോടിയില്‍ പരം സ്വത്ത് ജയലളിതയ്ക്ക് ഉണ്ടെന്നാണ് കണക്ക്. ഇതാണ് ഇനി സഹോദരന്റെ മക്കള്‍ക്ക് സ്വന്തമാവുക. സ്വത്ത് തര്‍ക്കത്തില്‍ മദ്രാസ് ഹൈക്കോടതിയാണ് നിയമപരമായ പിന്തുടര്‍ച്ചാവകാശികളെ പ്രഖ്യാപിച്ചത്.

താമസിച്ചിരുന്ന പോയസ് ഗാര്‍ഡനിലെ വേദനിലയം സ്മാരകമാക്കുന്നതു പുനഃപരിശോധിക്കണമെന്ന് ഉത്തരവിട്ട കോടതി, കെട്ടിടം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയാക്കുന്നത് പരിഗണിക്കണമെന്നും നിര്‍ദ്ദേശിച്ചു.

വേദനിലയം സ്മാരകമാക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ച തമിഴ്നാട് സര്‍ക്കാരിനു കനത്ത തിരിച്ചടിയാണ് വിധി. സ്വകാര്യ കെട്ടിടങ്ങള്‍ വന്‍വില കൊടുത്ത് ഏറ്റെടുക്കുന്നതിനു പകരം ജനോപകാര പദ്ധതികള്‍ നടപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

സേവന പ്രവര്‍ത്തനങ്ങള്‍ക്കായി ജയലളിതയുടെ പേരില്‍ ട്രസ്റ്റ് രൂപീകരിക്കാന്‍ ദീപക്കിനെയും ദീപയെയും അനുവദിച്ചിട്ടുമുണ്ട്.

ഈ സ്വത്തെല്ലാം സ്വന്തമാക്കാന്‍ തോഴിയായ ശശികല ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതാണ് കോടതി വിധിയോടെ ഇനി അപ്രസക്തമാകുന്നത്.

സ്മാരകം ഒരുക്കാനുള്ള പണം ഉപയോഗിച്ച് ജനോപകാരപ്രദമായ പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കേണ്ടതെന്ന് കോടതി നിര്‍ദ്ദേശിച്ചു.

2017 ഓഗസ്റ്റിലാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ‘വേദനിലയം’ സ്മാരകമാക്കുന്നതായി പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് സ്വത്തിന്റെ യഥാര്‍ഥ അവകാശികള്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മക്കളായ ദീപയും ദീപക്കും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

സ്വത്തുക്കളുടെ ഒരുഭാഗം പൊതുജനക്ഷേമത്തിനായി വിട്ടുകൊടുക്കാമെന്ന് അവര്‍ നേരത്തേ കോടതിയെ അറിയിച്ചിരുന്നു.

ഈ മാസം 22-നാണ് ‘വേദനിലയം’ സ്മാരകത്തിനായി ഏറ്റെടുത്ത് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയത്. 1967-ല്‍ ജയലളിതയുടെ അമ്മ സന്ധ്യയാണ് ‘വേദനിലയം’ 1.32 ലക്ഷം രൂപയ്ക്ക് വാങ്ങിയത്.

വേദനിലയത്തിന്റെ പത്തില്‍ ഒരു ഭാഗം സ്മാരകമാക്കുന്നതില്‍ എതിര്‍പ്പില്ലെന്നും വ്യക്തമാക്കിയ കോടതി ജയലളിതയുടെ പേരില്‍ സാമൂഹിക സേവനത്തിനായി ട്രസ്റ്റ് രൂപീകരിക്കാന്‍ സര്‍ക്കാരിനോടും പിന്തുടര്‍ച്ചാ അവകാശികളോടും നിര്‍ദ്ദേശിച്ചു.

ട്രസ്റ്റിനുള്ള സ്വത്തുക്കള്‍ തീരുമാനിക്കാനുള്ള അവകാശം ദീപയ്്കും ദീപക്കിനുമാണെന്നും വിധിയിലുണ്ട്. ട്രസ്റ്റ് രൂപീകരണ നടപടികള്‍ എട്ടാഴ്ചയ്ക്കം അറിയിക്കാനും കോടതി നിര്‍ദ്ദേശിച്ചു.

ഇതോടെ ഊട്ടിയിലെ കോടനാട് എസ്റ്റേറ്റ് അടക്കമുള്ള ജയലളിതയുടെ സ്വത്തുക്കളുടെ അവകാശികളാരെന്ന തര്‍ക്കത്തിനും അറുതിയായി.

ഭൂമി, കെട്ടിടങ്ങള്‍, നിക്ഷേപങ്ങള്‍, ആഭരണങ്ങള്‍ എന്നിവയടക്കം 113 കോടിയുടെ ആസ്തിയാണ് 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ജയലളിത വെളിപ്പെടുത്തിയത്.

എന്നാല്‍ സ്വദേശത്തും വിദേശത്തുമായി വെളിപ്പെടുത്താത്ത സ്വത്തുക്കളുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബാങ്കുകളില്‍ ജയലളിതയുടെ പേരിലുള്ള സ്ഥിര നിക്ഷേപം 10.63 കോടി രൂപയാണ്. ഓഹരി പങ്കാളിത്തമുള്ള സ്ഥാപനങ്ങളിലേത് വേറെ. ജയ പബ്ലിക്കേഷന്‍സില്‍ 21.50 കോടി, ശശി എന്റര്‍പ്രൈസസില്‍ 20 ലക്ഷം, കോടനാട് എസ്റ്റേറ്റില്‍ 3.13 കോടി എന്നിവയാണ് ഓഹരി പങ്കാളിത്തം.

അതിന് പുറമെ റോയല്‍ വാലി ഫ്‌ളോറിടെക് എസ്‌ക്‌പോര്‍ട്‌സില്‍ 40 ലക്ഷം രൂപയുടെ ഓഹരി പങ്കാളിത്തമുണ്ട് ജയലളിതയ്ക്ക്. കൂടാതെ ഗ്രീന്‍ ടീ എസ്റ്റേറ്റില്‍ 2.20 കോടി രൂപയുടെ ഓഹരി പങ്കാളിത്തവും. 21280 ഗ്രാം സ്വര്‍ണം അവരുടെ കൈവശമുണ്ടായിരുന്നു. 1250 കിലോ വെള്ളിയും.

എന്നാല്‍ ഈ ആഭയരണങ്ങള്‍ ഇപ്പോള്‍ കര്‍ണാടക സര്‍ക്കാരിന്റെ ട്രഷറിയിലാണ്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രതികളായപ്പോള്‍ കോടതി കണ്ടുകെട്ടിയവയാണിത്. 42.25 ലക്ഷം രൂപയുടെ വാഹനങ്ങള്‍ അവര്‍ക്കുണ്ട്.

ഹൈദരാബാദില്‍ 14.50 ഏക്കര്‍ ഭൂമി, കാഞ്ചീപുരം ചെയ്യൂര്‍ ഗ്രാമത്തില്‍ 3.43 ഏകര്‍ കൃഷിഭൂമിയും ജയലളിതയ്ക്കുണ്ട്.

ചെന്നൈ ജെമിനി പാലത്തിന് സമീപവും മന്ദവേലി സെന്റ് മേരീസ് റോഡിലും ഹൈദരാബാദിലെ ശ്രീനഗര്‍ കോളനിയിലും അവര്‍ക്ക് സ്ഥലവും കെട്ടിടങ്ങളുമുണ്ട്.

ചെന്നൈ പോയസ് ഗാര്‍ഡനിലാണ് ജയലളിത താമസിച്ചിരുന്നത്. 24000 ചതുരശ്ര അടി സ്ഥലത്താണ് ഇവിടുത്തെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. എന്തായാലും നാളുകള്‍ നീണ്ട ഒരു പ്രശ്‌നത്തിനാണ് ഇപ്പോള്‍ കോടതി വിധിയോടെ അറുതിയായിരിക്കുന്നത്.

Related posts

Leave a Comment