ക്വിറ്റോ: ആമസോൺ വനാന്തരത്തിൽ 2,500 വർഷം പഴക്കമുള്ള നഗരം കണ്ടെത്തി. കിഴക്കൻ ഇക്വഡോറിലെ ഉപാനോ മേഖലയിൽ നിബിഡവനത്തിനിടയിലാണ് ഭവനങ്ങളുടെയും ചത്വരങ്ങളുടെയും അടിസ്ഥാനങ്ങൾ കണ്ടെത്തിയത്. പരസ്പരം ബന്ധിച്ചുകിടക്കുന്ന റോഡുകളും തോടുകളുമായി ഏറെ സങ്കീർണമായ നാഗരിക വ്യവസ്ഥയാണ് ഇവിടെ നിലനിന്നിരുന്നതെന്ന് അനുമാനിക്കുന്നു. തെക്കേ അമേരിക്കയിൽ ഇത്രയും പുരാതനമായ നാഗരികത ഉണ്ടെന്നുറപ്പുവരുത്തുന്നത് ഇതാദ്യമാണ്. 2,500 വർഷം മുന്‍പ് നിർമിക്കപ്പെട്ട നഗരത്തിൽ പതിനായിരത്തിനു മുകളിൽ ആളുകൾ വസിച്ചിരുന്നുവെന്ന് ഉറപ്പാണ്. ആയിരത്തോളം വർഷം നഗരം നിലനിന്നു. അഗ്നിപർവത സ്ഫോടനത്തിലായിരിക്കും നശിച്ചതെന്നു കരുതുന്നു. 300 ചതുരശ്ര കിലോമീറ്റർ പ്രദേശത്ത് വിമാനം ഉപയോഗിച്ചു നടത്തിയ ലേസർ സെൻസർ സർവേയിലും ഖനനത്തിലുമാണു നഗരത്തിനു തെളിവുകൾ കണ്ടെത്തിയത്. ചതുരാകൃതിയിലുള്ള 6,000 തറകൾ കണ്ടെത്തിയിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും ഭവനങ്ങളാണെന്ന് കരുതുന്നു. ചിലത് ആരാധനാകേന്ദ്രങ്ങളാണ്. ദുർഘടമായ ഭൂപ്രകൃതിയിലെ റോഡുകൾ നേർരേഖയിലുള്ളതാണ്. ഒരു റോഡിന് 25 കിലോമീറ്റർ ദൂരമുണ്ട്.
Read MoreCategory: NRI
കത്തീഡ്രൽ പള്ളിയിലെ സ്റ്റാലിന്റെ ചിത്രം മാറ്റും
ടിബ്ലിസി: സോവ്യറ്റ് നേതാവ് സ്റ്റാലിന്റെ ചിത്രം മെത്രാസന പള്ളിയിൽനിന്നു നീക്കണമെന്ന് ജോർജിയയിലെ ഓർത്തഡോക്സ് സഭ. തലസ്ഥാനമായ ടിബ്ലിസിയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ ഏഴു മാസം മുന്‍പ് സ്ഥാപിച്ച ചിത്രമാണു വിവാദമുണ്ടാക്കുന്നത്. ഇരുപതാം നൂറ്റാണ്ടിൽ മോസ്കോയിൽ ജീവിച്ചിരുന്ന ഓർത്തഡോക്സ് വിശുദ്ധയായ മട്രോണയുടെ ചില ചിത്രങ്ങളിലൊന്നിലാണ് സ്റ്റാലിനും കടന്നുകൂടിയത്. വിശുദ്ധ മട്രോണ സ്റ്റാലിനെ അനുഗ്രഹിക്കുന്ന രംഗമാണിത്. എന്നാൽ, വിശുദ്ധയും സ്റ്റാലിനും നേരിട്ടു കണ്ടതിനു തെളിവില്ലാത്ത സാഹചര്യത്തിൽ ചിത്രത്തിൽ മാറ്റം വരുത്തുമെന്ന് ജോർജിയൻ ഓർത്തഡോക്സ് സഭ അറിയിച്ചു. അലൈൻസ് ഓഫ് പേട്രിയറ്റ്സ് എന്ന റഷ്യാ അനുകൂല പാർട്ടിയാണു ചിത്രം പള്ളിക്കു നല്‍കിയത്. പ്രതിപക്ഷം അടുത്തിടെ ഇതിനെതിരേ രംഗത്തുവന്നു. ചിത്രം വികൃതമാക്കാനുള്ള ശ്രമം അടുത്തിടെ നടന്നിരുന്നു.
Read Moreവംശഹത്യ ആരോപണം സത്യത്തെ വളച്ചൊടിക്കലെന്ന് ഇസ്രയേൽ
ദ ഹേഗ്: ഗാസയിൽ വംശഹത്യ നടക്കുന്നുവെന്ന ദക്ഷിണാഫ്രിക്കയുടെ ആരോപണം സത്യം വളച്ചൊടിക്കലാണെന്ന് ഇസ്രയേൽ. ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണു ദക്ഷിണാഫ്രിക്ക പറയുന്നതെന്നും ഇസ്രേലി അഭിഭാഷകൻ താൽ ബെക്കർ ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്നലെ നടന്ന വാദത്തിൽ ചൂണ്ടിക്കാട്ടി. സിവിലിയൻ ജനതയ്ക്കുണ്ടാകുന്ന ദുരിതങ്ങൾ ദൗർഭാഗ്യകരമെങ്കിലും ഇതിനുത്തരവാദി ഹമാസ് ഭീകരരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇസ്രയേലിനെതിരേ വംശഹത്യക്കുറ്റം ആരോപിച്ച് ദക്ഷിണാഫ്രിക്ക നല്കിയ കേസിലാണ് വിചാരണ നടക്കുന്നത്. വ്യാഴാഴ്ച ദക്ഷിണാഫ്രിക്കയുടെ വാദം കോടതി കേട്ടിരുന്നു. കോടതിക്കു പുറത്ത് ഇസ്രേലി, പലസ്തീൻ അനുകൂലികൾ ബാനറുകളുമായി കൂട്ടം ചേർന്നിരുന്നു. ദക്ഷിണാഫ്രിക്കയുടെ ആരോപണത്തോട് യോജിപ്പില്ലെന്ന് യുഎസും ബ്രിട്ടനും വ്യക്തമാക്കിയിട്ടുണ്ട്. ഇസ്രേലി ആക്രമണത്തിൽ ഗാസയിൽ 23,350 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിൽ ഭൂരിഭാഗവും വനിതകളും കുട്ടികളുമാണ്. കേസിൽ ലോകകോടതിയുടെ വിധി വരാൻ വർഷങ്ങളെടുക്കും. വിധി ‘അഭിപ്രായം’ മാത്രമായിരിക്കും. യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണമെന്ന് ലോകകോടതി ഉത്തരവിട്ടിരുന്നെങ്കിലും പാലിക്കപ്പെടുകയുണ്ടായില്ല.
Read Moreമാലദ്വീപിനെ പിന്തുണച്ച് ചൈന: ആഭ്യന്തരകാര്യങ്ങളിൽ കൈകടത്തിയാൽ ശക്തമായി എതിർക്കും
ബെയ്ജിംഗ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമർശത്തിന്റെ പേരിൽ ഇന്ത്യയുടെ കടുത്ത പ്രതിഷേധത്തിനിരയായ മാലദ്വീപിനു പിന്തുണയുമായി ചൈന. മാലദ്വീപിന്റെ ആഭ്യന്തരകാര്യങ്ങളിൽ കൈകടത്തുന്നത് ശക്തമായി എതിർക്കുന്നുവെന്നു ചൈന വ്യക്തമാക്കി. ദ്വീപ് രാഷ്ട്രത്തിന് പരമാധികാരവും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കാനുള്ള അധികാരത്തെ പിന്തുണയ്ക്കുന്നതായും വികസനത്തിലേക്കുള്ള മാലദ്വീപിന്റെ യാത്രയെ സ്വാഗതം ചെയ്യുന്നതായും ചൈന അറിയിച്ചു. മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ ചൈന സന്ദർശനത്തിനു പിന്നാലെയാണു പ്രതികരണം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി മുയിസു കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങളുടെ പ്രധാന താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി പരസ്പരം ശക്തമായി പിന്തുണയ്ക്കുന്നത് തുടരാൻ ചൈനയും മാലിദ്വീപും സമ്മതിക്കുന്നുവെന്നു സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. നരേന്ദ്ര മോദിക്കും ഇന്ത്യക്കുമെതിരേ അഭിപ്രായപ്രകടനം നടത്തിയ മൂന്നു മന്ത്രിമാരെ മാലിദ്വീപ് സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ ഇവരെ പുറത്താക്കിയിട്ടില്ല. ചൈനയോട് ആഭിമുഖ്യം കാണിക്കുന്ന നേതാവാണ് മുഹമ്മദ് മുയിസു.
Read Moreയെമനിലെ ഹൂതി ശക്തികേന്ദ്രങ്ങൾ യുഎസും ബ്രിട്ടണും ആക്രമിച്ചു: ആക്രമണം യുദ്ധവിമാനങ്ങളും കപ്പലുകളും ഉപയോഗിച്ച്
യെമന്‍: ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്കുനേരേ ആക്രമണം നടത്തിയതിന്റെ പേരിൽ യെമനിലെ ഹൂതികള്‍ക്കുനേരേ സൈനിക നടപടി ആരംഭിച്ച് അമേരിക്കയും ബ്രിട്ടണും. ധമര്‍, സദാ എന്നിവയടക്കമുള്ള ഹൂതി ശക്തികേന്ദ്രങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായി. യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചും കപ്പലുകള്‍ ഉപയോഗിച്ചും ഒരേസമയം ആക്രമണം നടക്കുകയാണെന്നാണു റിപ്പോർട്ട്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള തുറമുഖങ്ങളിലും ആക്രമണം ശക്തമാണ്. തിരിച്ചടിക്കുമെന്ന് ഹൂതികളും പ്രതികരിച്ചതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഹമാസിനു പിന്തുണ പ്രഖ്യാപിക്കുന്നുവെന്ന് അറിയിച്ചാണ് ഹൂതികള്‍ ചെങ്കടലില്‍ ചരക്കു കപ്പലുകള്‍ക്കുനേരേ വ്യാപക ആക്രമണം ആരംഭിച്ചത്. ഡിസംബര്‍ 19നു ശേഷം 27 തവണ ചരക്കു കപ്പലുകള്‍ക്കുനേരേ ഹൂതികള്‍ ആക്രമണം നടത്തി. ഇതോടെ പല കപ്പലുകളും പരമ്പരാഗതമായി ഉപയോഗിക്കുന്ന പാത ഉപേക്ഷിക്കുകയും കൂടുതല്‍ ദൈര്‍ഘ്യമുള്ള പാതകളിലേക്കു മാറുകയും ചെയ്തു. ഇത് ആഗോളതലത്തില്‍ ചരക്കു നീക്കത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ഈ സാഹചര്യത്തിലാണ് ഹൂതികള്‍ക്കുനേരേ പ്രത്യാക്രമണം ആരംഭിച്ചത്.
Read Moreറഷ്യയുമായി വെടിനിർത്തലില്ലെന്ന് സെലൻസ്കി
ഖാർകിവ്: റഷ്യയുമായി വെടിനിർത്തലില്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി പ്രഖ്യാപിച്ചു. വെടിനിർത്തിയാൽ വീണ്ടും ആയുധം സംഭരിക്കാനുള്ള അവസരമായി റഷ്യ അതിനെ ഉപയോഗിക്കുമെന്ന് സെലൻസ്കി എസ്തോണിയയിൽ പറഞ്ഞു. യുദ്ധത്തിനാവശ്യമായ ഷെല്ലുകളും മിസൈലുകളും റഷ്യ ഉത്തരകൊറിയയിൽനിന്നാണു വാങ്ങുന്നതെന്നും ഡ്രോണുകൾ ഇറാനാണു നൽകുന്നതെന്നും സെലൻസ്കി ആരോപിച്ചു. കൂടുതൽ യുദ്ധസാമഗ്രികൾക്കായി സെലൻസ്കി സഖ്യരാഷ്ട്രങ്ങളോട് അഭ്യർഥിച്ചെങ്കിലും അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഇതിനിടെ, യുക്രെയ്നിലെ രണ്ടാമത്തെ വലിയ നഗരമായ ഖാർകിവിലെ ഹോട്ടലിനുനേരേ റഷ്യ വ്യോമാക്രമണം നടത്തി. എസ്-300 മിസൈലുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. 11 പേർക്കു പരിക്കേറ്റു. പരിക്കേറ്റവരിൽ തുർക്കിഷ് മാധ്യമപ്രവർത്തകനും ഉൾപ്പെടുന്നതായി ഖാർകിവ് മേയർ ഒലെ സിനെഹുബോബ് അറിയിച്ചു.
Read Moreമാലദ്വീപിനു പിന്തുണയുമായി ചൈന
ബെയ്ജിംഗ്: മാലദ്വീപിന്റെ ആഭ്യന്തരകാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടലുണ്ടാകുന്നതിനെ ശക്തമായി എതിർക്കുന്നുവെന്നു ചൈന. ദ്വീപിന്റെ സ്വാതന്ത്ര്യവും പരമാധികാരവും നിലനിർത്തുന്നതിനെ പൂർണമായി പിന്തുണയ്ക്കുമെന്നും മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ സന്ദർശനത്തിനൊടുവിൽ ചൈനയും മാലദ്വീപും പുറത്തിറക്കിയ സംയുക്തപ്രസ്താവനയിൽ പറയുന്നു. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്രതർക്കം രൂക്ഷമായതിനിടെയാണു ചൈനയുടെ പ്രസ്താവന. എന്നാൽ, പ്രസ്താവനയിൽ ഇന്ത്യയെക്കുറിച്ചു പരാമർശമില്ല. ചൈനയോട് ആഭിമുഖ്യമുള്ള മുഹമ്മദ് മുയിസുവിന്റെ മന്ത്രിസഭയിലെ മൂന്നംഗങ്ങൾക്ക്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ നടത്തിയ പ്രസ്താവനകളുടെ പേരിൽ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. മാലദ്വീപിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ യാത്ര കൂട്ടത്തോടെ റദ്ദാക്കുന്നതിനും ഇതു കാരണമായി. ഒറ്റ ചൈന നയത്തിനു മാലദ്വീപ് പിന്തുണ പ്രഖ്യാപിച്ചതാണു ശ്രദ്ധേയം. തായ്വാൻ ചൈനയുടെ അവിഭാജ്യഘടകമാണെന്നും ചൈനയുടെ പരമാധികാരത്തിനു തുരങ്കംവയ്ക്കുന്ന നടപടികളെ എതിർക്കുന്നതായും മാലദ്വീപ് ഒപ്പുവച്ച സംയുക്ത പ്രസ്താവനയിലുണ്ട്.
Read Moreഇസ്രയേൽ-ഹമാസ് യുദ്ധം; യുഎൻ കോടതിയിൽ വാദം തുടങ്ങി
ജറൂസലേം: ഹമാസിനെതിരായ ഇസ്രയേലിന്റെ യുദ്ധം വംശഹത്യയാണെന്ന ദക്ഷിണാഫ്രിക്കയുടെ ആരോപണത്തിൽ, ഐക്യരാഷ്ട്രസഭാ കോടതിയിൽ വാദം തുടങ്ങി. ഗാസ മുനന്പ് വംശഹത്യക്കായുള്ള കോണ്‍സൻട്രേഷൻ ക്യാന്പാണെന്നാണു ദക്ഷിണാഫ്രിക്കയുടെ ആരോപണം. ഇസ്രയേൽ ഈ ആരോപണത്തെ ശക്തമായി എതിർത്തു. ഗാസയിലെ ഇസ്രയേൽ നടപടി അവസാനിപ്പിക്കാൻ രാജ്യാന്തരകോടതി അടിയന്തരനിർദേശം നൽകണമെന്നു ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടെങ്കിലും, കേസ് അവസാനിക്കാൻ വർഷങ്ങളെടുക്കുമെന്നാണു നിരീക്ഷണം. ഗാസയിൽ ഇസ്രയേലിന്റെ തിരിച്ചടി ശക്തമായി തുടരുന്നതിനിടെ, അമേരിക്കൻ ആഭ്യന്തര സെക്രട്ടറി ആന്റണി ബ്ലിങ്കൻ പശ്ചിമേഷ്യൻ നേതാക്കളുമായി കൂടിക്കാഴ്ച തുടരുകയാണ്. പലസ്തീൻ പ്രസിഡന്റ് മഹമ്മൂദ് അബ്ബാസിനെ ബ്ലിങ്കൻ കഴിഞ്ഞ ദിവസം കണ്ടു. യുദ്ധം അവസാനിച്ചശേഷം ഗാസയിൽ പലസ്തീനിയൻ ഭരണകൂടം സ്ഥാപിക്കുന്നതിന്റെ സാധ്യതകൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ഇതിനുശേഷം ബ്ലിങ്കൻ ബഹ്റിൻ തലസ്ഥാനമായ മനാമയിലേക്കു പോയി. അതിനിടെ, ഗാസയിൽ ഇസ്രയേൽ ബോംബാക്രമണം കടുപ്പിച്ചു. 24 മണിക്കൂറിനിടെ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 62 പേർ കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ഗാസയുടെ ദക്ഷിണമേഖലയിലെ…
Read Moreപാക്കിസ്ഥാനിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയെ വെടിവച്ചുകൊന്നു
കറാച്ചി: പാക്കിസ്ഥാൻ പൊതുതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സ്ഥാനാർഥിയെ വെടിവച്ചുകൊന്നു. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യാ അസംബ്ലിയിലേക്കുള്ള സ്വതന്ത്ര സ്ഥാനാർഥി മാലിക് കലീം ഉള്ളയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ അനുയായികളായ രണ്ടുപേരും മരിച്ചു. വീടുകൾ കയറിയിറങ്ങി പ്രചാരണം നടത്തുന്നതിനിടെയാണ് കലീം ഉള്ള കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ, തെക്ക്-പടിഞ്ഞാറൻ പ്രവിശ്യയായ ബലൂചിസ്ഥാനിൽനിന്നുള്ള പാക്കിസ്ഥാൻ മുസ്ലീം ലീഗ് നവാസ് (പിഎംഎൽ-എൻ) ദേശീയ അസംബ്ലി സ്ഥാനാർഥി മിർ അസ്ലം ബുലേദിക്കുനേരേയും ആക്രമണമുണ്ടായിരുന്നു. ഇയാൾക്കു ഗുരുതരമായി പരിക്കേറ്റിരുന്നു. രാഷ്ട്രീയമായും സാമ്പത്തികമായും ഏറെ പ്രശ്നങ്ങൾ നേരിടുന്ന പാക്കിസ്ഥാനിൽ ഫെബ്രുവരി എട്ടിനാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.
Read Moreഎക്സിലും ആമസോണിലും കൂട്ടപ്പിരിച്ചുവിടിൽ
സാൻഫ്രാൻസിസ്കോ: അശ്ലീല ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ നിയോഗിക്കപ്പെട്ടിരുന്ന ടീമിലെ ആയിരം ജീവനക്കാരെ എക്സിൽനിന്നു പിരിച്ചുവിട്ടു. ഓസ്ട്രേലിയയുടെ ഇ-സേഫ്റ്റി കമ്മീഷൻ പിരിച്ചുവിടൽ സ്ഥിരീകരിച്ചു. എക്സിൽ അശ്ലീല ഉള്ളടക്കങ്ങൾ വരുന്നത് സംബന്ധിച്ച് ഇ-സേഫ്റ്റി കമ്മീഷൻ അധികൃതർ കമ്പനിക്ക് നേരത്തെ അറിയിപ്പു നൽകിയിരുന്നു. ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്ന ടീമിലെ സോഫ്റ്റ് വെയർ എൻജിനീയർമാർ, കണ്ടന്റ് മോഡറേറ്ററുമാർ എന്നിവരെയാണ് മുഖ്യമായും ഒഴിവാക്കിയത്. 2022 ഒക്ടോബർ മുതലുള്ള കണക്കുകൾ നോക്കിയാൽ കമ്പനിയുടെ ട്രസ്റ്റ് ആൻഡ് സേഫ്റ്റി വിഭാഗത്തിലെ 1,213 ജീവനക്കാരാണ് ഇതിനോടകം പിരിഞ്ഞുപോയത്. ഇതിൽ 80 ശതമാനം പേരും സോഫ്റ്റ് വെയർ എൻജിനീയർമാരായിരുന്നു. നിലവിലെ സാഹചര്യം തുടർന്നാൽ വരും ദിവസങ്ങളിൽ എക്സിൽ കൂടുതൽ വെട്ടിക്കുറയ്ക്കൽ നടന്നേക്കും. അതേസമയം, സാമ്പത്തിക ഞെരുക്കത്തെത്തുടർന്ന് 500 പേരെ ആമസേൺ പിരിച്ചുവിട്ടു. ഗെയിം സ്ട്രീമിംഗ് വിഭാഗമായ ട്വിച്ചിലാണു കൂട്ടപ്പിരിച്ചുവിടൽ. കമ്പനിയുടെ എന്റർടെയിൻമെന്റ് വിഭാഗത്തിൽ ഇനിയും ആളുകളെ വെട്ടിക്കുറയ്ക്കുമെന്നും സൂചനയുണ്ട്.
Read More