ഹരിപ്പാട്: ആറാട്ടുപുഴ രാമഞ്ചേരിയിൽ ബസ് കാത്തുനിന്ന വീട്ടമ്മയുടെ മാല സ്കൂട്ടറിലെത്തിയ മോഷ്ടാവ് കവർന്നു. രാമഞ്ചേരി ലീല ഭവനത്തിൽ ഷീല(46)യുടെ മൂന്നര പവൻ തൂക്കം വരുന്ന സ്വർണമാലയാണ് നഷ്ടപ്പെട്ടത്. ഇന്നലെ രാവിലെ എട്ടരയോടെ രാമഞ്ചേരി ജ്യോതി നഗറിനു സമീപമായിരുന്നു സംഭവം.
അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനായി ഷീല ബസ് കാത്തുനിൽക്കുകയായിരുന്നു. ഈ സമയം മറ്റൊരു സ്ത്രീയോട് സംസാരിച്ചുകൊണ്ടിരുന്ന ഷീലയുടെ കഴുത്തിൽ നിന്നും ബൈക്കിലെത്തിയ ആൾ മാല പൊട്ടിച്ചെടുക്കുകയായിരുന്നു. ഹെൽമെറ്റ് ധരിച്ച ഒരാൾ മാത്രമാണ് ബൈക്കിലുണ്ടായിരുന്നത്.
മാല പൊട്ടിച്ചശേഷം അതിവേഗത്തിൽ ബൈക്കോടിച്ചു പോയി. സംഭവത്തെത്തുടർന്ന് തൃക്കുന്നപ്പുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചെങ്കിലും വ്യക്തത കുറവായതിനാൽ പ്രതിയെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല.
