ചെങ്ങന്നൂർ: പേരിശേരി മഠത്തുംപടി റെയിൽവേ ഗേറ്റിനു സമീപം പാതയോരത്ത് നിൽക്കുന്ന കൂറ്റൻ മരങ്ങൾ യാത്രക്കാർക്കു ഭീഷണിയാകുന്നു. ജനങ്ങളുടെ ജീവന് സംരക്ഷണം നൽകേണ്ട അധികൃതർ അപകടസാധ്യതയ്ക്കുനേരേ കണ്ണടയ്ക്കുന്നതിനെതിരേ നാട്ടിൽ പ്രതിഷേധം ശക്തമാണ്.
ചെങ്ങന്നൂർ മഠത്തുംപടി ജംഗ്ഷനിൽനിന്ന് ആല-നെടുവരംകോട്-ചെറിയനാട് വഴി മാവേലിക്കരയ്ക്കു പോകുന്ന പ്രധാന റോഡിന്റെ ഇരുവശങ്ങളിലുമാണ് ഉണങ്ങിയും ചാഞ്ഞും നിൽക്കുന്ന മരങ്ങൾ അപകടക്കെണിയൊരുക്കുന്നത്. ഒരു വർഷം മുൻപ് പുലിയൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ എം.ജി. ശ്രീകുമാർ ഇതുസംബന്ധിച്ച് റെയിൽവേ അധികൃതർക്കു പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
കാത്തുനിൽപ്പ് മരണനിഴലിൽ
റെയിൽ പാതയിലൂടെ 24 മണിക്കൂറും ട്രെയിൻ സർവീസുകൾ ഉള്ളതിനാൽ പേരിശേരി ഗേറ്റ് അടയ്ക്കുമ്പോൾ ദീർഘനേരം വാഹനങ്ങൾക്ക് കാത്തുനിൽക്കേണ്ടി വരുന്നു. റെയിൽവേ ഗേറ്റിനു സമീപം അപകടകരമായ രീതിയിൽ ചാഞ്ഞുനിൽക്കുന്ന മരങ്ങൾക്ക് താഴെയാണ് വാഹനങ്ങൾ നിർത്തിയിടുന്നത്.
കഴിഞ്ഞ ദിവസവും മരത്തിന്റെ വലിയൊരു ശിഖരം ഒടിഞ്ഞുവീണിരുന്നു. ആ സമയത്ത് യാത്രക്കാർ ഇല്ലാതിരുന്നതിനാൽ വലിയൊരു ദുരന്തം ഒഴിവായി. മുൻപ് ഗേറ്റിനു മുകളിലേക്ക് മരം വീണപ്പോൾ ഫയർഫോഴ്സ് എത്തിയാണ് മുറിച്ചുമാറ്റിയത്. എന്നാൽ, ബാക്കിയുള്ള മരങ്ങൾ മുറിച്ചുമാറ്റാൻ റെയിൽവേയുടെ അനുമതി വേണമെന്നാണ് അധികൃതർ പറയുന്നത്.
സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം
ജൂണിൽ അധ്യയനവർഷം ആരംഭിക്കുന്നതോടെ ആല ഹയർ സെക്കൻഡറി സ്കൂൾ, ചെറിയനാട് എസ്എൻ ട്രസ്റ്റ് സ്കൂൾ, നെടുവരംകോട് എസ്എൻഡിപി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾ സൈക്കിളുകളിലും മറ്റും ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വഴിയാണിത്. വില്ലേജ്-കൃഷി ഓഫീസുകൾ, ആരാധനാലയങ്ങൾ തുടങ്ങിയവയും ഈ പാതയോരത്തായതിനാൽ തിരക്ക് വളരെ കൂടുതലാണ്.
കാലവർഷം ആരംഭിക്കുന്നതിന് മുൻപുതന്നെ ഈ അപകടഭീഷണി ഒഴിവാക്കാൻ റെയിൽവേ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വലിയൊരു ദുരന്തം സംഭവിച്ച ശേഷം നടപടിയെടുക്കുന്ന അധികൃതരുടെ രീതി മാറണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
