മാവേലിക്കര: നഗരഹൃദയത്തിലെ അമേരിക്കന്‍ ജംഗ്ഷനെന്ന വസ്ത്രവ്യാപാര ശാലയില്‍ കവര്‍ച്ച നടത്തിയ കുട്ടിക്കുറ്റവാളികള്‍ മാവേലിക്കര പോലീസിന്റെ പിടിയിലായി. പന്തളം സ്വദേശികളായ മൂവര്‍ സംഘമാണ് പിടിയിലായത്. ഇവരെ വ്യാഴാഴ്ച വൈകുന്നേരത്തോടെ വീടുകളില്‍നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
ഇവരെ ചേര്‍ത്തലയിലെ ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ 12.15 നായിരുന്നു കവര്‍ച്ച നടന്നത്. സ്ഥാപനത്തില്‍നിന്ന് 5,26,000 രൂപയും 74,000 രൂപയുടെ വസ്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളുമാണ് ഇവര്‍ കവര്‍ച്ച നടത്തിയിരിക്കുന്നത്.
സ്ഥാപനത്തിന്റെ പൂട്ടുകളും ഉള്ളിലെ ഗ്ലാസ് ഡോറുകളും തകര്‍ത്തായിരുന്നു മോഷണം. ഇവരില്‍നിന്ന് 1,18,000 രൂപ പോലീസ് കണ്ടെടുത്തിട്ടുണ്ട്. വിവിധ ഇടങ്ങളിലെ സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചു നടന്ന അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചേരുവാന്‍ പോലീസിന് സഹായിച്ചത്.
ഡിസംബര്‍ 25ന് മാവേലിക്കര മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിനുള്ളിലെ ബേക്കറിയില്‍ മോഷണം നടത്തുകയും അടഞ്ഞുകിടന്ന രണ്ട് കടമുറികള്‍ കുത്തിത്തുറക്കുകയും അമേരിക്കന്‍ ജംഗ്ഷനില്‍ മോഷണ ശ്രമവും നടന്നിരുന്നു. അതിലും ഉള്‍പ്പെട്ടിരുന്നത് ഇവരാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ആ സംഭവത്തില്‍ ആരും പരാതിപ്പെട്ടിട്ടില്ല. മാവേലിക്കര എസ്എച്ച്ഒ സി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുറ്റവാളികളെ പിടികൂടിയത്.
