ഫൈസര്‍ വാക്‌സിന്‍ എടുത്ത ശേഷം വേച്ചു വേച്ചു കുഴഞ്ഞു വീഴുന്ന യുവതി ! വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കി വാക്‌സിന്‍ വിരുദ്ധന്മാര്‍…

ലോകരാജ്യങ്ങള്‍ കോവിഡിനെതിരായ വാക്‌സിനേഷന്‍ ധ്രുതഗതിയിലാക്കാന്‍ അരയും തലയും മുറുക്കി ശ്രമം തുടരുമ്പോള്‍ വാക്‌സിനെതിരായ അപവാദ പ്രചാരണങ്ങളുമായി ഒരു കൂട്ടരും രംഗത്തുണ്ട്.

അതിനായി ഇത്തരക്കാര്‍ ഇപ്പോള്‍ വടിയാക്കുന്നത് ഒരു വീഡിയോയാണ്. അടുക്കളയില്‍ വേച്ചു വേച്ചു നടന്ന് വീഴുന്ന ഒരു യുവതിയെയാണ് വീഡിയോയില്‍ കാണുന്നത്.

4.7 മില്ല്യണ്‍ ഫോളോവര്‍മാരുള്ള ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോയില്‍ പറയുന്നത് ഫൈസര്‍ വാക്‌സിന്‍ എടുത്തതിനു ശേഷമാണ് യുവതിക്ക് വിറയല്‍ ഉണ്ടായതെന്നാണ്.

ഇതിന്റെ തുടര്‍ച്ചയെന്ന് തോന്നിപ്പിക്കുന്ന മറ്റൊരു വീഡിയോയില്‍, ആശുപത്രിക്കിടക്കയില്‍ കിടക്കുന്ന ഇവരുടെ കാലുകള്‍ കോച്ചിവലിക്കുന്ന ദൃശ്യവുമുണ്ട്.

ജൂണ്‍ 29 ന് ഫൈസര്‍ വാക്‌സിന്‍ രണ്ടാം ഡോസ് എടുത്തതിനു ശേഷം ജോര്‍ജിയ-റോസ് സെഗാല്‍ എന്ന ഈ 34 കാരിക്ക് നിത്യേനയെന്നോണം തളര്‍ച്ചയും നാഡീസംബനധമായ ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകുന്നു എന്നാണ് ഈ വീഡിയോയ്‌ക്കൊപ്പം നല്‍കിയിരിക്കുന്ന കുറിപ്പില്‍ പറയുന്നത്.

വാക്‌സിനു മുന്‍പ് തികച്ചും ആരോഗ്യവതിയായിരുന്ന ഇവര്‍ക്ക് ഇപ്പോള്‍ നേരാംവണ്ണം നടക്കാന്‍ പോലുമാകുന്നില്ല എന്നും പറയുന്നു. ഏതായാലും ഈ വീഡിയോ നിരവധി ചെറുപ്പക്കാരെ സംശയാലുക്കളാക്കിയിരിക്കുകയാണ്. വീഡിയോ കണ്ട നിരവധി യുവാക്കള്‍ വാക്‌സിനെടുക്കാന്‍ മടിക്കുന്നതായാണ് വിവരം.

ഒരു ലക്ഷത്തിലധികം ലൈക്കുകള്‍ വാരിക്കൂട്ടിയ ഈ വീഡിയോ വാക്‌സിന്‍ സംബന്ധമായ ഒരു ചര്‍ച്ചയ്ക്കും വഴിതെളിച്ചിരിക്കുകയാണ്. വാക്‌സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള ആശങ്ക പോസ്റ്റിനടിയിലെ കമന്റ് കോളത്തില്‍ പലരും പങ്കുവയ്ക്കുന്നുമുണ്ട്.

ജോര്‍ജിയയുടെ അവസ്ഥ വളരെ വിരളമാണെങ്കിലും ഇപ്പോള്‍ അവര്‍ അനുഭവിക്കുന്ന പാര്‍ശ്വഫലം അംഗീകരിക്കപ്പെട്ട ഒന്നായതിനാല്‍ ഇന്‍സ്റ്റാഗ്രാം വീഡിയോ നീക്കം ചെയ്യുന്നുമില്ല.

അടുത്തയിടെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ചെറുപ്പക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം വര്‍ദ്ധിക്കുകയാണ്. അതേസമയം വാക്‌സിന്‍ എടുക്കുന്നവരുടെ എണ്ണം ഈ വിഭാഗത്തില്‍ കുറഞ്ഞുവരുന്നതായും കാണുന്നു.

എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നത് 18 മുതല്‍ 29 വരെ പ്രായമുള്ള ചെറുപ്പക്കാരില്‍ പലരും ഇപ്പോഴും വാക്‌സിന്‍ എടുത്തിട്ടില്ല എന്നാണ്.

എന്നാല്‍, ഈ വിഭാഗക്കാര്‍ക്കിടയില്‍ രോഗവ്യാപനം ശക്തമാകുന്നുമുണ്ട്. ഈ വീഡിയോയ്ക്ക് കീഴില്‍ വന്ന കമന്റുകളില്‍ യുവാക്കളുടെ വാക്്‌സിനെ കുറിച്ചുള്ള ആശങ്ക വ്യക്തമാകുന്നുമുണ്ട്.

കോവിഡ് വന്നാല്‍ ഒരുപക്ഷെ സുഖപ്പെട്ടേക്കും എന്നാല്‍, വാക്‌സിന്‍ എടുത്ത് പ്രശ്‌നങ്ങള്‍ ക്ഷണിച്ചു വരുത്തണോ എന്നാണ്. ഒരാള്‍ ചോദിച്ചത്. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന ഭയം മൂലമാണ് താന്‍ വാക്‌സിന്‍ എടുക്കാത്തതെന്ന് മറ്റൊരാള്‍ പറയുന്നു.

ഏകദേശം 30 ലക്ഷത്തോളം പ്രായപൂര്‍ത്തിയായ യുവാക്കള്‍ ഇനിയും ബ്രിട്ടനില്‍ വാക്‌സിന്‍ എടുക്കേണ്ടതായിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് ഭീതിദമായ ഈ വീഡിയോ വൈറലാകുന്നത്.

ഒമ്പത് ദിവസം ആശുപത്രിയില്‍ കഴിഞ്ഞിട്ടും രോഗാവസ്ഥയില്‍ കാര്യമായ പുരോഗതി കാണാത്തതിനാല്‍ കാലിഫോര്‍ണിയയില്‍ ആള്‍ട്ടര്‍നേറ്റീവ് മെഡിസിനില്‍ ചികിത്സതേടാന്‍ ഉദ്ദേശിക്കുകയാണ് ജോര്‍ജിയ ഇപ്പോള്‍. ഇതിനായുള്ള ചെലവുകള്‍ കണ്ടെത്താന്‍ ക്രൗഡ് ഫംണ്ടിംഗിനും അവര്‍ ഉദ്ദേശിക്കുന്നു.

Related posts

Leave a Comment