മനുഷ്യരുടെ ഒപ്പമുള്ള ജീവിതം മടുത്തപ്പോള്‍ കാട്ടിലേക്ക് ! നാട്ടില്‍ നിന്നും ഒളിച്ചോടി കാട്ടിലെത്തിയ പശു ഇപ്പോള്‍ ജീവിക്കുന്നത് കാട്ടുപോത്തുകള്‍ക്കൊപ്പം; വീഡിയോ കാണാം…

സ്വതന്ത്രമായ ജീവിതമാണ് ഓരോ ജീവിയും ആഗ്രഹിക്കുന്നത്. മനുഷ്യന്‍ അടക്കി വളര്‍ത്തുമ്പോഴും കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തുജീവികളുടെ ഉള്ളിന്റെയുള്ളില്‍ സ്വതന്ത്രരാവാനുള്ള അടങ്ങാത്ത ആഗ്രഹമുണ്ട്. കന്നുകാലികളെ അടക്കി ഭരിക്കുന്ന മനുഷ്യനെ വെല്ലുവിളിച്ച് കാട്ടു പോത്തുകള്‍ക്കൊപ്പം ജീവിക്കാന്‍ പോയ പശുവിനെക്കുറിച്ചാണ്. പോളണ്ടിലെ ബിയോവോലീസ് ദേശീയ പാര്‍ക്കിലാണ് യൂറോപ്പിലെ കാട്ടു പോത്തുകളായ ബൈസണുകള്‍ക്കൊപ്പം ഒരു പശു കഴിഞ്ഞ ഒന്‍പതു മാസമായി ജീവിക്കുന്നത്.

ബൈസണുകളുടെ കൂട്ടത്തിലൊരാളായി അവരുടെ കൂടെ ജീവിക്കുന്ന നിലയില്‍ ലിമൗസിന്‍ ഇനത്തില്‍ പെട്ട തവിട്ടു നിറമുള്ള പശുവിനെയാണ് കിഴക്കന്‍ പോളണ്ടില്‍ കണ്ടെത്തിയത്. ബൈസണുകളെ നിരീക്ഷിക്കുന്ന റാഫേല്‍ എന്ന ഗവേഷകനാണ് ഈ അസാധാരണ കാഴ്ച ആദ്യമായി കാണുന്നത്. ഇദ്ദേഹം ഈ പശുവിന്റെ ചിത്രമെടുക്കുകയും ചെയ്തു. ബൈസണ്‍ കൂട്ടത്തോട് ഇണങ്ങി ചേര്‍ന്നാണ് പശു കഴിയുന്നതെന്നും ഇവയോടൊപ്പം തന്നെ ഭക്ഷണം തേടുകയും മറ്റും ചെയ്യുന്നുണ്ടെന്നും റാഫേല്‍ പറയുന്നു. കുട്ടിയായിരിക്കുമ്പോള്‍ തന്നെ പശു ബൈസണുകളോടൊപ്പം കൂടിയതാകാമെന്നാണ് റാഫേല്‍ ആദ്യം കരുതിയത്.

എന്നാല്‍ റാഫേല്‍ എടുത്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പശുവിന് ഉടമസ്ഥനുണ്ടെന്ന സത്യം അറിഞ്ഞത്. കിഴക്കന്‍ പോളണ്ടിലെ തന്നെ ഒരു കൃഷിക്കാരനാണ് പശു തന്റേതാണെന്നവകാശപ്പെട്ടു രംഗത്തു വന്നത്. ഒമ്പതുമാസം മുമ്പാണ് പശു നാടുവിട്ടതെന്നും ഇയാള്‍ പറഞ്ഞു. അത്ര സൗഹൃദസ്വഭാവമില്ലാത്ത ബൈസണുകളോട് പശു ഇണങ്ങി ജീവിക്കുന്നത് അദ്ഭുതകരമാണെന്ന് റാഫേല്‍ പറയുന്നു.

ശൈത്യകാലത്ത് കനത്ത മഞ്ഞു വീഴ്ചയുള്ള മേഖലയില്‍ ഈ പശു അതീജിവിച്ചതും അദ്ഭുതകരമായി റാഫേല്‍ കരുതുന്നു. ലിമൗസിന്‍ പശുക്കള്‍ക്ക് പൊതുവെ കട്ടിയേറിയ രോമ കവചമാണുള്ളത്. ഇതാകാം കൊടുംതണുപ്പില്‍ നിന്ന് പശുവിനെ രക്ഷിച്ചത്. തണുപ്പ് മാത്രമല്ല ചെന്നായ്ക്കളെയും പശുവിന് ഈ മേഖലയില്‍ ഭയക്കണം. എന്നാല്‍ പോത്തിന്‍ കൂട്ടത്തിനൊപ്പമാകുമ്പോള്‍ ചെന്നായ്ക്കളെയും ഇപ്പോള്‍ പശുവിന് പേടിക്കേണ്ടതില്ല. അങ്ങനെ എല്ലാം കൊണ്ടും സുരക്ഷിതമായ ഒരു സ്ഥലത്താണ് ഇപ്പോള്‍ പശുവിന്റെ സുന്ദരമായ ജീവിതം.

അതേസമയം ബൈസണുകള്‍ക്കൊപ്പം പശു കഴിയുമ്പോള്‍ ഗവേഷകര്‍ ഭയക്കുന്ന ഒരു കാര്യമുണ്ട്. ഏതെങ്കിലും കാട്ടു പോത്തുമായി പശു ഇണ ചേര്‍ന്നാല്‍ അതിലുണ്ടാകുന്ന കുട്ടിയും അതിന്റെ പിന്‍മുറക്കാരും പതിയെ ബൈസണുകളുടെ ശുദ്ധമായ ജീനില്‍ കലര്‍പ്പു വരുത്തിയേക്കും എന്നതാണ് ഈ ഭയം. എന്നാല്‍ ഇണ ചേര്‍ന്ന് ഗര്‍ഭിണിയായാല്‍ പശുവും കുട്ടിയും പ്രസവത്തോടെ മരിക്കാനാണ് സാധ്യതയെന്നും ഒരു സംഘം ഗവേഷകര്‍ കരുതുന്നു. കാരണം പശുവിന് പ്രസവിക്കാനാകുന്നതിലും വലുതാകും വയറ്റിലുണ്ടാകുന്ന കുട്ടി. എന്തായാലും ഈ സംഭവങ്ങള്‍ കേട്ട് അതിശയിച്ചിരിക്കുകയാണ് ലോകം.

Related posts