തിരുവനന്തപുരം: പോലീസ് ജീപ്പ് തടഞ്ഞ് അസഭ്യവും ഭീഷണിയും മുഴക്കിയ സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്ത് പോലീസ്. ഒൻപത് പേർക്കെതിരെയാണ് നടപടി.നഗരൂരിൽ കോൺഗ്രസ് ഫ്ലക്സ് ബോർഡുകൾ തകർത്ത കേസിൽ നോട്ടീസ് നൽകാനെത്തിയപ്പോഴാണ് സംഭവം.
നോട്ടീസ് നൽകി മടങ്ങിയ പോലീസ് ജീപ്പിനെ കാറിലെത്തിയ സംഘം തടയുകയായിരുന്നു. എസ്എച്ച്ഒ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സംഘം അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
എന്നാൽ പോലീസ്, പ്രവർത്തകരുടെ വീട്ടിൽ കയറി അതിക്രമം കാട്ടിയെന്നാണ് സിപിഎം ആരോപണം. പോലീസുകാർ മാന്യമല്ലാത്ത രീതിയിൽ പെരുമാറിയെന്നും എസ്എച്ച്ഒ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രവർത്തകർ സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജും കെഎസ്യു പ്രവർത്തകരും തമ്മിലുണ്ടായ വാക്കേറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം കോൺഗ്രസിന്റെ ഫ്ലക്സും കൊടിമരങ്ങളും സിപിഎം പ്രവർത്തകർ തകർത്തിരുന്നു. തുടർന്നുണ്ടായ പരാതിയിന്മേലാണ് നഗരൂരിൽ പോലീസ് നോട്ടീസ് നൽകിയത്.
