ഓര്‍ഡറിനൊപ്പം സൗജന്യ ചപ്പാത്തി നല്‍കാഞ്ഞതില്‍ കലിമൂത്ത് സിപിഎംകാരനായ പിതാവും മകനും ചപ്പാത്തിക്കടക്കാരനെ തല്ലിച്ചതച്ചു ! പരാതി ഒതുക്കിത്തീര്‍ക്കാന്‍ സിപിഎം നേതൃത്വത്തിന്റെ ഇടപെടല്‍…

ചപ്പാത്തിക്കടയില്‍ കടന്ന് കടക്കാരനായ യുവാവിനെ തല്ലിച്ചതച്ച സിപിഎം പ്രവര്‍ത്തകനും മകനുമെതിരേ കേസെടുത്തു.ഓര്‍ഡര്‍ നല്‍കിയ ചപ്പാത്തിയോടൊപ്പം സ്ഥിരമായി നല്‍കാറുള്ള സൗജന്യ ചപ്പാത്തി നല്‍കാത്തതിനെത്തുടര്‍ന്നാണ് ഇവര്‍ കടക്കാരനെ ആക്രമിച്ചത്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യം പുറത്തായി.. ബാലരാമപുരം വഴിമുക്കിലെ ചപ്പാത്തിക്കടയില്‍ 11നു രാത്രി 9 മണിയോടെയാണ് സംഭവം. ഹോട്ടല്‍ നടത്തുന്ന റഊഫ്, മകന്‍ റാഷിദ് എന്നിവര്‍ക്കെതിരെയാണ് പരാതി. മലപ്പുറം സ്വദേശിയായ മുനീറിനെ മര്‍ദ്ദിച്ച് അവശനാക്കുന്ന വീഡിയോ ദൃശ്യമാണ് പ്രചരിക്കുന്നത്.

മുനീറിന് തലയ്ക്ക് മൂന്ന് തുന്നലുണ്ട്. അതേസമയം ജാമ്യം കിട്ടുന്ന വകുപ്പുകള്‍ ചേര്‍ത്താണ് ബാലരാമപുരം പൊലീസ് കേസെടുത്തിരിക്കുന്നതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. റഊഫ് സമീപത്ത് നടത്തുന്ന കുടുംബശ്രീ ഹോട്ടലിലേക്ക് ഈ കടയില്‍ നിന്നാണ് സ്ഥിരമായി ചപ്പാത്തി വാങ്ങിയിരുന്നത്. ഹര്‍ത്താല്‍ ദിവസമായ 11 ന് മറ്റ് കടകള്‍ തുറക്കാത്തതിനാല്‍ ചപ്പാത്തിക്ക് ഓര്‍ഡര്‍ കൂടുതലായിരുന്നു. അതിനാല്‍ അന്ന് റഊഫ് ഓര്‍ഡര്‍ നല്‍കിയ 80 ചപ്പാത്തിയോടൊപ്പം മൂന്നെണ്ണം മാത്രമാണ് അധികം നല്‍കിയത്.

അഞ്ചെണ്ണം കൂടുതല്‍ വയ്ക്കണമെന്ന് റഊഫ് ആവശ്യപ്പെട്ടതായി മുനീര്‍ പറഞ്ഞു. മൂന്നുദിവസം മുമ്പുമാത്രം ജോലിക്ക് കയറിയ മുനീര്‍ കൂടുതല്‍ ചപ്പാത്തി സൗജന്യമായി നല്‍കണമെങ്കില്‍ ഉടമസ്ഥന്റെ അനുവാദം വേണമെന്ന് പറഞ്ഞു. ഇതോടെ പൊതിഞ്ഞുവച്ച ചപ്പാത്തി എടുക്കാതെ മടങ്ങിയ റഊഫ് മകനുമായെത്തി മുനീറിനെ കടയ്ക്കുള്ളിലിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവം വിവാദമായതോടെ പരാതി ഒതുക്കിത്തീര്‍ക്കാന്‍ സിപിഎം നേതൃത്വം ഇടപെട്ടതായി ആരോപണമുണ്ട്. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മുനീര്‍ നാട്ടിലേക്ക് മടങ്ങാന്‍ ഒരുങ്ങുകയാണ്.

Related posts