മാന്നാർ: വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വയോധികന് ഏഴു വർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചു. മാന്നാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ചെങ്ങന്നൂർ അസി. സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. 2022 മെയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മാന്നാർ കുട്ടൻപേരൂർ ആറിന് മുകളിൽ കൂടിവെള്ളം പോകുന്നതിനായി സ്ഥാപിച്ചിട്ടുള്ള കനാലിന്റെ താഴെ കോൺക്രീറ്റ് പ്ലാറ്റ്ഫോമിൽ മുൻ വൈരാഗ്യം കാരണം സ്ത്രീയെ കത്തി ഉപയോഗിച്ച് കുത്തിയും വെട്ടിയും കൊലപ്പെടുത്താൻ ശ്രമിച്ചതായിട്ടായിരുന്നു കേസ്. മാന്നാർ കുട്ടമ്പേരൂർ പ്ലാമൂട്ടിൽ ജിജിമോനെ(62)തിരേ മാന്നാർ പോലീസ് കേസെടുത്ത് വിചാരണ നടന്നുവരുകയായിരുന്നു.
ഇന്നലെയാണ് കോടതി ഏഴുവർഷം കഠിനതടവിനും പതിനായിരം രൂപ പിഴയ്ക്കും ശിക്ഷ വിധിച്ചത്. മാന്നാർ പോലീസ് ഇൻസ്പെക്ടർ ഹരോൾഡ് ജോർജ് രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ജി. സുരേഷ് കുമാർ കുറ്റപത്രം സമർപ്പിക്കുകയും ചെയ്ത കേസിലാണ് ചെങ്ങന്നൂർ അസി. സേഷൻസ് കോടതി ജഡ്ജി വി.എസ്. വീണ ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ദിവ്യ ഉണ്ണികൃഷ്ണൻ ഹാജരായി.
