കൊല്ലം: രാജ്യത്തെ മൊബൈൽ ഓപ്പറേറ്റർമാരോട് ജാഗ്രത പാലിക്കാനും തടസമില്ലാത്ത കണക്ടിവിറ്റി ഉറപ്പാക്കാനും കേന്ദ്ര സർക്കാർ നിർദേശം. ടെലികമ്യൂണിക്കേഷൻസ് വകുപ്പിലെ ദുരന്ത നിവാരണ വിഭാഗമാണ് നിർദേശം നൽകിയിട്ടുള്ളത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നിലവിലെ സംഘർഷങ്ങൾ കണക്കിലെടുത്താണ് ഭാരതി എയർ ടെൽ, റിലയൻസ് ജിയോ, ബിഎസ്എൻഎൽ, വിഐ എന്നിവർക്കാണ് അടിയന്തിര നിർദേശം കൈമാറിയത്.
സൈബർ ആക്രമണ സാധ്യതകൾ ഉള്ളതിനാൽ ഓപ്പറേറ്റർമാർ നെറ്റ് വർക്ക് കണക്ടിവിറ്റി മെച്ചപ്പെടുത്തുന്നതിന് ഒപ്പം ശൃംഖലകൾ സുരക്ഷിതമാക്കുകയും വേണമെന്ന് നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു. ഓപ്പറേഷൻ സിന്ദൂറിന് തുടക്കമിട്ട സാഹചര്യത്തിൽ ടെലികോം കമ്പനികൾ അതിർത്തി പ്രദേശങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.മാത്രമല്ല അടിയന്തിര ഘട്ടങ്ങളിൽ സുരക്ഷയും തടസമില്ലാത്ത കണക്ടിവിറ്റി തുടർച്ചയും ഉറപ്പാക്കണം.
ഇതിനായി അടിസ്ഥാന സൗകര്യങ്ങളുടെയും ഇൻസ്റ്റലേഷനുകളുടെയും അപ്ഗ്രേഡ് ചെയ്ത പട്ടിക സമാഹരിക്കാനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ടെലികോം ഇൻഫ്രാസ്ട്രക്ചറിലേക്ക് തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിന് ഡിജി സെറ്റുകൾക്ക് ആവശ്യമായ ഡീസൽ കരുതൽ ശേഖരം ഉറപ്പാക്കാനും ടെലികോം കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
അടിയന്തിര സാഹചര്യങ്ങളിൽ ടെലികോം സേവനങ്ങൾ വേഗത്തിൽ പുനസ്ഥാപിക്കുന്നതിന് നിർണായക സ്പെയറുകൾ ഉള്ള റിപ്പയർ ക്രൂ ഉൾപ്പെടെ റിസർവ് ടീമുകളെ സുപ്രധാന മേഖലകളിൽ ഉടൻ വിന്യസിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 100 കിലോമീറ്ററിനുള്ളിൽ ബേസ് ട്രാൻസിവർ സ്റ്റേഷനുകളുടെ (ബിടിഎസ്) സുഗമമായ പ്രവർത്തനം ഉറപ്പാക്കുകയും വേണം. 2020-ൽ നിലവിൽ വന്ന സ്റ്റാൻഡാർഡ് ഓപ്പറേറ്റിംഗ് നടപടി ക്രമങ്ങൾ കർശനമായി പാലിക്കാനും നിർദേശമുണ്ട്.
കൂടാതെ അടിയന്തിര ഘട്ടങ്ങളിൽ ടെലികോം ലോജിസ്റ്റിക്സിൻ്റെ നീക്കം സുരക്ഷിതമാക്കുന്നതിനും അവയുടെ സംരക്ഷണം ഉറപ്പാക്കാനും സംസ്ഥാന സർക്കാരുകളുമായി ബന്ധപ്പെടാൻ എല്ലാ ലോക്കൽ സർവീസ് ഏരിയാ മേധാവികൾക്കും ടെലികോം മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. ഓപ്പറേറ്റർമാർ അവരുടെ ഇൻട്രാ സർക്കിൾ റോമിംഗ് സേവനങ്ങൾ പരീക്ഷിച്ച് പ്രവർത്തന ക്ഷമമാണെന്ന് ഉറപ്പാക്കണം.
ദുരന്ത സമയങ്ങളിലാണ് ടെലികോം കമ്പനികൾ സാധാരണയായി ഇൻട്രാ സർക്കിൾ റോമിംഗ് സേവനങ്ങൾ സജീവമാക്കുന്നത്. ഇത് ഉപഭോക്താക്കൾക്ക് കണക്ടിവിറ്റി പ്രശ്നങ്ങൾ നേരിടുന്നത് തടയും. ഈ സേവനം സജീവമാകുമ്പോൾ ഉപഭോക്താക്കൾക്ക് ഏത് ടെലികോം ഓപ്പറേറ്റർമാരുടെ നെറ്റ്വർക്കുമായും കണക്ട് ചെയ്യാനാകും എന്നതാണ് ഏറ്റവും വലിയ സവിശേഷത. ഹോം നെറ്റ്വർക്കിന്റെ അഭാവത്തിൽ പോലും സ്വന്തം നമ്പരുകളിൽ നിന്ന് കോളുകൾ വിളിക്കാൻ ഇതു വഴി സാധിക്കും.
- എസ്.ആർ. സുധീർ കുമാർ