കസ്റ്റഡിയിലെടുത്തത് രാവിലെ: അറസ്റ്റ് വൈകിട്ട്; നാദിര്‍ഷയും അപ്പുണ്ണിയും കസ്റ്റഡിയില്‍; ഇരുവരെയും ചോദ്യം ചെയ്യുന്നു

dileep_nadirsha_250617
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ കസ്റ്റഡിയിലെടുത്തത് തിങ്കളാഴ്ച രാവിലെയായിരുന്നു. രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വൈകുന്നേരത്തോടെയാണ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

തിങ്കളാഴ്ച രാവിലെ മുതല്‍ കേസ് സുപ്രധാന വഴിത്തിരിവിലേക്ക് നീങ്ങുന്ന അറസ്റ്റ് ഉണ്ടായേക്കുമെന്ന ശ്രുതി പരന്നിരുന്നു. വൈകുന്നേരം 6.45 ഓടെയാണ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഏഴ് മണിയോടെ ദിലീപിനെ ആലുവ പോലീസ് ക്ലബിലെത്തിച്ചു. വൈകാതെ മുഖ്യമന്ത്രിയുടെ ഓഫീസും അറസ്റ്റ് വിവരം സ്ഥിരീകരിച്ചു.

വാര്‍ത്ത പരന്നതോടെ ആലുവ പോലീസ് ക്ലബ് പരിസരത്ത് ആളുകള്‍ തിങ്ങിക്കൂടി. പള്‍സര്‍ സുനിയെ രണ്ടാമത് കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യം ചെയ്യലിലാണ് ഗൂഢാലോചനയില്‍ ദിലീപിന്റെ പങ്ക് സംബന്ധിച്ച നിര്‍ണായക തെളിവ് പോലീസിന് ലഭിച്ചത്.അതോടെയാണ് അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.

ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും മാനേജര്‍ അപ്പുണ്ണിയും പോലീസ് കസ്റ്റഡിയിലാണ്. ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുന്നതായാണ് വിവരം. അതേ സമയം ദിലീപിന്റെ അറസ്റ്റിനോട് പ്രതികരിക്കാനില്ലെന്ന് ആക്രമണത്തിനിരയായ നടിയുടെ കുടുംബം വ്യക്തമാക്കി.

Related posts