ചെന്നൈ: വിവാഹമോചനക്കേസുകൾ കൂടാൻ കാരണം മൊബൈൽ ഫോൺ ഉപയോഗമാണെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റീസ് ജി.ആർ. സ്വാമിനാഥൻ.
മൊബൈൽ ഫോണിന്റെയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെയും അമിത ഉപയോഗം ദമ്പതികൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കുന്നതായും ആശയവിനിമയം ദുർബലപ്പെടുത്തുന്നതായും ജഡ്ജി പറഞ്ഞു.
ഡിജിറ്റൽ ലോകത്തെ വ്യക്തിപരമായ ഇടപെടലുകളും ശ്രദ്ധതിരിക്കലുകളും പലപ്പോഴും ദാമ്പത്യജീവിതത്തിൽ വിശ്വാസതകർച്ചയ്ക്കും തർക്കങ്ങൾക്കും കാരണമാകുന്നുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
പുതിയ സാങ്കേതികവിദ്യയെ അമിതമായി ആശ്രയിക്കുന്നത് വ്യക്തിബന്ധങ്ങളിൽ വിള്ളൽ വീഴാൻ കാരണമാകുന്നുണ്ടെന്ന് മദ്രാസ് ഐഐടിയിൽ ഒരു പുസ്തക പ്രകാശനച്ചടങ്ങിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
സാങ്കേതികവിദ്യ സൗകര്യങ്ങൾ സമ്മാനിച്ചെങ്കിലും, അതിന്റെ ദുരുപയോഗം വ്യക്തിബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നുണ്ട്. ദാമ്പത്യ ഐക്യം നിലനിർത്താൻ ദമ്പതികൾക്കിടയിൽ സുതാര്യതയും ആരോഗ്യകരമായ ആശയവിനിമയവും ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
