ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളുടെ വരവോടെ തനിക്ക് ഇനി ഒരു ഡെവലപ്പർ ആണെന്ന് തോന്നുന്നില്ലെന്ന ഒരു ഐടി ജീവനക്കാരന്റെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. ചോദ്യങ്ങൾ ചോദിച്ചാലുടൻ എഐ ടൂളുകൾ പരിഹാരം നൽകുന്നതിനാൽ, കോഡിങ് ചെയ്യുമ്പോഴുള്ള യഥാർഥ സന്തോഷം നഷ്ടപ്പെട്ടതായും അമിതമായ ഓട്ടോമേഷൻ കാരണം ജോലിയുടെ അടിസ്ഥാന കാര്യങ്ങൾ പോലും മറന്നുപോകുന്നതായും ഈ ടെക്കി വ്യക്തമാക്കുന്നു. റെഡ്ഡിറ്റിൽ പങ്കുവെച്ച ഈ കുറിപ്പ് ഇപ്പോൾ വൈറലാണ്.
എഐ വന്നതിന് ശേഷം എനിക്ക് ഇപ്പോൾ ഒരു ഡെവലപ്പർ ആണെന്ന് തോന്നുന്നില്ല. എനിക്ക് ഈ ജോലി ഇപ്പോൾ ഒട്ടും ഇഷ്ടപ്പെടുന്നില്ല. പണ്ടൊക്കെ പല സൈറ്റുകളിൽ കയറിയിറങ്ങി നമ്മൾ സ്വയം പരിഹാരം കണ്ടെത്തുമായിരുന്ന ആ ഒരു രസം ഇതിലില്ലെന്ന് റെഡ്ഡിറ്റ് കുറിപ്പിൽ പറയുന്നു. കൂടുതൽ കോഡ് എഴുതാൻ കമ്പനികൾ എഐ ഉപയോഗിക്കാൻ നിർബന്ധിക്കുമ്പോഴും, അഭിമുഖ പരീക്ഷകൾ ഇപ്പോഴും പഴയ രീതിയിൽ തന്നെയാണ് തുടരുന്നതെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഈ പോസ്റ്റ് വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി ഐടി ജീവനക്കാരാണ് രംഗത്തെത്തിയത്. സ്വന്തം ബുദ്ധിയും ഗവേഷണ പാടവവും ഉപയോഗിച്ച് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുമ്പോൾ ലഭിച്ചിരുന്ന ആത്മസംതൃപ്തി ഇപ്പോൾ ഇല്ലാതാവുകയാണെന്ന് പലരും സമ്മതിക്കുന്നു.
ഞാൻ ഇതിനെ മറികടക്കാൻ എഐയും സ്വന്തം കോഡിങ്ങും ഒന്നിടവിട്ട് ഉപയോഗിക്കുന്നു. 20 ശതമാനം കോഡ് സ്വന്തമായി എഴുതുമ്പോൾ ബാക്കി എഐക്ക് വിടും. ഇത് ജോലിയിൽ എപ്പോഴും സജീവമായിരിക്കാൻ സഹായിക്കുമെന്നും ഒരാൾ കമന്റിൽ കുറിച്ചു.
