മറയൂര്‍: ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ മര്‍ദിക്കുകയും യൂണിഫോം വലിച്ചുകീറുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേരെ മറയൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബാബു നഗര്‍ സ്വദേശികളായ സന്തോഷ് കുമാര്‍ (35), ഹരികുമാര്‍ (30), മുത്തുകുമാര്‍ (34) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം.
തൊടുപുഴയില്‍നിന്നെത്തിയ വിനോദസഞ്ചാരികളുടെ കാറും ബാബുനഗര്‍ സ്വദേശിയായ സന്തോഷ് കുമാറിന്റെ പിക്കപ്പ് ജീപ്പും തമ്മില്‍ കൂട്ടിയിടിച്ചിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമായി സ്ഥലത്തെത്തിയ മറയൂര്‍ സബ് ഇന്‍സ്പെക്ടര്‍ കെ.ജി. അനീഷ്കുമാറിനു നേരെയാണ് പ്രതികള്‍ അക്രമം അഴിച്ചുവിട്ടത്.
പോലീസിനെ മര്‍ദിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുകയും ചെയ്ത പ്രതികള്‍ യൂണിഫോം വലിച്ചുകീറുകയും ചെയ്തു. സംഭവശേഷം ഒളിവില്പ്പോയഒന്നാം പ്രതി സന്തോഷ് കുമാറിനെ ഇന്നലെയാണ് മറയൂര്‍ പോലീസ് പിടികൂടിയത്. മറ്റു പ്രതികളായ ഹരികുമാര്‍, മുത്തുകുമാര്‍ എന്നിവരെ സംഭവദിവസം കസ്റ്റഡിയില്‍ എടുത്തിരുന്നു.
പോലീസ് ഇന്‍സ്പെക്ടര്‍ എം. ഷാജഹാന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ അബ്ദുള്‍ അസീസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ വി.വൈ. ഷാജഹാന്, എം.എസ്. ഷാജി, സിവില്‍ പോലീസ് ഓഫീസര്‍മാരായ വിപിന്‍ പ്രകാശ്, ബേസില്‍ ജോര്‍ജ്, സജുസണ്‍ എന്നിവര്‍ അടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
