കോതമംഗലം: പിണ്ടിമന പഞ്ചായത്തില്‍ ജനവാസ മേഖലയില്‍ നാശം വിതയ്ക്കുന്ന കാട്ടാനയെ ഉള്‍വനത്തിലേക്ക് തുരത്താൻ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചിട്ടും നടപടിയായില്ല. പഞ്ചായത്തിലെ മലിപ്പാറ കുളങ്ങാട്ടുകുഴി മേഖലയില്‍ തമ്പടിച്ച കാട്ടാനയെ പലതവണ കാടുകയറ്റി വിട്ടെങ്കിലും തിരികെയെത്തുന്നുവെന്നാണ് നാട്ടുകാരുടെ പരാതി.
കാട്ടാന ശല്യം രൂക്ഷമായപ്പോള്‍ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി സാജുവും ഭരണസമിതി അംഗങ്ങളും ജില്ലാ കളക്ടറെ നേരില്‍കണ്ട് പരാതി ബോധിപ്പിച്ചിരുന്നു. ആവശ്യമെങ്കില്‍ കുങ്കിയാനകളുടെ സഹായത്തോടെ കാട്ടാനയെ കാടുകയറ്റാന്‍ ജില്ലാ കളക്ടര്‍ ജി. പ്രിയങ്ക മലയാറ്റൂര്‍ ഡിഎഫ്ഒക്ക് നിര്‍ദേശം നല്‍കിയെങ്കിലും അഞ്ചു ദിവസം പിന്നിട്ടിട്ടും നടപടിയായില്ല എന്നാണ് ആക്ഷേപം.
കഴിഞ്ഞ ദിവസം ഭുതത്താന്‍കെട്ട് ഡാമിന് സമീപം ജനവാസമേഖലയില്‍ എത്തിയ പിടിയാന കൃഷിയിടങ്ങൾ നശിപ്പിക്കുകയും, കോഴിഫാമിലേക്കുള്ള വൈദ്യുതി കേബിളും പൊട്ടിച്ചുകളയുകയും ചെയ്തിരുന്നു. കോട്ടപ്പാറ പ്ലാന്റേഷനിലേക്കോ പെരിയാര്‍ കടന്ന് മറുകരയിലേക്കോ ആന പോയെന്ന് ഉറപ്പുവരുത്തുക മാത്രമാണ് ദിവസേനെ വനപാലകര്‍ ചെയ്യുന്നത്.
എന്നാൽ ആന മണിക്കൂറുകള്‍ക്കകം ജനവാസമേഖലകളിലേക്ക് തിരിച്ചെത്തും. വ്യാഴാഴ്ച രാവിലെ ഭൂതത്താന്‍കെട്ട് ഡാമിന് താഴ്ഭാഗത്തു കൂടിയാണ് ആന വനത്തിലേക്ക് പോയത്. എന്നാല്‍ രാത്രിയായതോടെ വീണ്ടും ഇക്കരെ തിരിച്ചെത്തി.
