നേരെ ചൊവ്വ ! ചന്ദ്രനെക്കുറിച്ച് ഇനി ആലോചിക്കേണ്ട; ലോകാവസാനത്തിനു മുമ്പ് എങ്ങനെയെങ്കിലും ചൊവ്വയിലേത്താന്‍ നോക്കൂ…ഇലോണ്‍ മസ്‌കിന്റെ മനസില്‍ വിരിയുന്ന ചൊവ്വാ സാമ്രാജ്യം ഇങ്ങനെ…

ELON-MUSK-600ചന്ദ്രനില്‍ കോളനി സ്ഥാപിക്കാമെന്ന വ്യാമോഹം ഉപേക്ഷിച്ച് ആ മോഹം ചൊവ്വയിലേക്ക് പറിച്ചു നടൂ…ഇതു പറയുന്നത് ലോകത്തെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ ഏജന്‍സിയായ സ്പേസ് എക്സിന്റെ സിഇഒയായ എലോണ്‍ മസ്‌ക് ആകുമ്പോള്‍ അത്ര പെട്ടെന്ന് തള്ളിക്കളയാനാകില്ല. ലോകം വൈകാതെ അവസാനിക്കുക തന്നെ ചെയ്യും. എന്നാല്‍ അതിന് മുമ്പ് നാം ചൊവ്വയില്‍ കോളനി സ്ഥാപിക്കണം. ഒരു പട്ടണം തന്നെയാക്കി രൂപപ്പെടുത്തണം. അങ്ങനെ ഭൂമിയില്‍ ലോകാവസാനം വന്നാലും രക്ഷപെടാം. ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകള്‍ കൈവശമുള്ള കമ്പനിയുടെ സ്ഥാപകന്‍ മനുഷ്യന് സാധ്യമാകുന്ന പദ്ധതികള്‍ ന്യൂ സ്പേസ് ജേണലില്‍ വിശദമായി അവതരിപ്പിച്ചു.

ചന്ദ്രനില്‍ ജീവിക്കാനും പട്ടണങ്ങള്‍ സ്ഥാപിക്കാനുമുള്ള ശ്രമങ്ങളില്‍ ഒരു കാര്യവുമില്ലെന്നാണ് മസ്‌കിന്റെ പക്ഷം. ചന്ദ്രന്‍ ഭൂമിയുടെ ഉപഗ്രഹം മാത്രമാണെന്നും ഭൂമിയില്‍ ഉണ്ടാകാവുന്ന ഏതൊരു ആഘാതത്തില്‍ നിന്നും ഒരുപക്ഷേ ചന്ദ്രനും രക്ഷപെടില്ല എന്നും ആര്‍ക്കും ഊഹിക്കാം. അത് മാത്രമല്ല, ചന്ദ്രേനിലേക്കാള്‍ കൂടുതല്‍ ധാതുവിഭവങ്ങളും ചൊവ്വയിലുണ്ട്. അന്തരീക്ഷം പോലുമില്ലാത്ത ചന്ദ്രനില്‍ എന്ത് ചെയ്യാനാണെന്നും അദ്ദേഹം ചോദിക്കുന്നു. അസാധ്യമെന്നു തോന്നിക്കുന്ന പലതും ചെയ്തു കാണിച്ചു ശീലമുള്ള മസ്‌കിന്റെ വാക്കുകള്‍ ആര്‍ക്കും അത്ര പെട്ടെന്ന് തള്ളിക്കളയാനാവില്ല.

ഇത് ഒരു ദിവസം കൊണ്ടു നടത്താവുന്ന കാര്യമല്ലെങ്കിലും തന്റെ ജീവിത കാലത്തുതന്നെ ചൊവ്വയില്‍ കോളനി സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവയ്ക്കാനാകുമെന്ന് അദ്ദേഹം ഉറച്ച് വിശ്വസിക്കുന്നു. ചൊവ്വയിലെ അന്തരീക്ഷം മനുഷ്യന് ചേരുന്ന രീതിയില്‍ പാകപ്പെടുത്തിയെടുക്കണം എന്ന് അദ്ദേഹം പറയുന്നു. തണുപ്പാണെങ്കിലും മനുഷ്യന് അത് മാറ്റിയെടുക്കാനാവും. ഊഷ്മാവ് കൃത്രിമമായി വര്‍ദ്ധിപ്പിക്കാം. കാര്‍ബണ്‍ ഡയോക്സൈഡും നൈട്രജനുമൊക്കെയാവും കൂടുതലെങ്കിലും കംപ്രസ് ചെയ്ത് എല്ലാം മാറ്റിയെടുക്കാം. മസ്‌കിന്റെ ആത്മവിശ്വാസം അനന്ദമായി നീളുന്നു. എന്നാല്‍ 10 ലക്ഷം ഡോളര്‍ വേണ്ടിവരും ഒരാള്‍ക്ക് ചൊവ്വയിലെത്താന്‍ എന്നാല്‍ കൂടുതല്‍ ആളുകള്‍ പോകുന്നതോടെ ചിലവ് കുറയ്ക്കാം. 115 ദിവസം വേണ്ടിവരും ചൊവ്വയിലെത്താന്‍. പത്ത് ലക്ഷം പേരെങ്കിലും വേണം ഒരു പട്ടണം രൂപപ്പെടുത്തിയെടുക്കണമെങ്കില്‍. അതിന് ഒരു 100 വര്‍ഷമെങ്കിലും വേണ്ടിവന്നേക്കാം. എങ്കിലും അത് തുടങ്ങിവയ്ക്കാന്‍ സാധിക്കുമെന്നും എലോണ്‍ മസ്‌കിന്‍ പറയുന്നു.

ഭൂമിയില്‍ രണ്ടുതരം ആളുകളുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ഭൂമിയില്‍ എക്കാലവും സുഖമായി കഴിയാമെന്ന് വിശ്വസിക്കുന്നവര്‍, പിന്നെ ഏതു നിമിഷവും ലോകാവസാനം പ്രതീക്ഷിക്കുന്ന ആളുകളും. അതില്‍ രണ്ടാമത്തെ വിഭാഗക്കാരനാണ് താന്‍ എന്ന് മസ്‌കിന്‍ പറയുന്നു. സ്പേസ് എക്സ് എന്ന അത്ഭുതമുളവാക്കുന്ന സ്ഥാപനത്തിന്റെ ഉടമയായ ഇദ്ദേഹം തന്നെയാണ് ടെസ്ല എന്ന ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയുടേയും ഉടമ. മസ്‌കിനെക്കുറിച്ച് അറിയാവുന്നവര്‍ക്ക് അദ്ദേഹം വെറുംവാക്കു പറയാറില്ലെന്ന് നല്ല ബോധ്യവുമുണ്ട്. എന്തായാലും മനുഷ്യന്റെ ചൊവ്വാ സ്വപ്‌നങ്ങള്‍ ഇതോടെ വാനോളം ഉയരുമെന്നു തീര്‍ച്ച.

Related posts