എരുമേലി: നിയന്ത്രണങ്ങളും ക്രമീകരണങ്ങളും റോഡിലെ ഓരോ പോയിന്റിലും പോലീസ് ഡ്യൂട്ടിയും 24 മണിക്കൂറും പട്രോളിംഗ് സംഘവും ഉണ്ടായിട്ടും ശബരിമല പാത ചോരയിൽ കുതിരുന്നു. സ്കൂട്ടറിൽ സഞ്ചരിച്ച യുവാവ് അപകടത്തിൽപ്പെട്ട് ദാരുണമായി മരിച്ചത് നാടിന് നടുക്കമായി.
ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി എരുമേലി ടൗണിന് അടുത്ത് കരിങ്കല്ലുമ്മുഴിയിൽ പോലീസ് ഡ്യൂട്ടി പോയിന്റിന് സമീപമായിരുന്നു അപകടം. കൂവപ്പള്ളി സ്വദേശി ചെരുവിളപുത്തൻവീട് സന്ദീപ് (24) ആണ് മിനി ബസിൽ സ്കൂട്ടർ ഇടിച്ച് മാരകമായ പരിക്കേറ്റ് ആശുപത്രിയിൽ വെച്ച് ഇന്നലെ പുലർച്ചെ മരണപ്പെട്ടത്.
അമിതവേഗം തടയാൻ കഴിയാത്തതാണ് അപകടങ്ങൾക്ക് കാരണമായി മാറുന്നത്. തിരക്കേറിയ ശബരിമല പാതയിൽ തീർഥാടക വാഹനത്തിരക്ക് അൽപ്പം കുറയുമ്പോൾ അമിത വേഗത്തിൽ പായുന്ന മറ്റ് വാഹനങ്ങളും അപകടം സൃഷ്ടിക്കുകയാണ്.
തീർഥാടക വാഹനങ്ങൾക്ക് സിഗ്നൽ നൽകി കടത്തിവിടുന്നത് അല്ലാതെ റോഡിൽ അമിത വേഗത്തിൽ വരുന്ന വാഹനങ്ങൾ തടയാൻ കഴിയുന്നില്ല. അമിത വേഗം സംബന്ധിച്ച പരിശോധക സംഘങ്ങൾ ശബരിമല പാതയിൽ ഇല്ല. അപകട പോയിന്റുകളിൽ ഇത്തരം പരിശോധന ഏർപ്പെടുത്തിയാൽ അപകടങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് നാട്ടുകാർ പറയുന്നു.
ഇത്തവണ ശബരിമല സീസൺ ആരംഭിച്ച ശേഷം ഒട്ടേറെ അപകടങ്ങളാണ് സംഭവിച്ചത്. ഈ അപകടങ്ങളിൽ എല്ലാം വില്ലനായത് അമിത വേഗമാണ്. ഇത് സംബന്ധിച്ച് സുരക്ഷാ നടപടിയായി പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്ത പരിശോധന നടത്തി അമിത വേഗക്കാർക്കെതിരേ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ ഇനിയും ജീവനുകൾ പൊലിയുമെന്നും നാട്ടുകാർ പറയുന്നു.
