മലവെള്ളത്തില്‍ ഒഴുകിയെത്തിയ പശുവിന്റെ അവകാശം പറഞ്ഞെത്തിയത് അഞ്ചുപേര്‍ ! പശുവിനെ കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞും ചിലര്‍;ഒടുവില്‍ പശുവിനെത്തേടി യഥാര്‍ഥ ഉടമ എത്തിയതോടെ വ്യാജന്മാര്‍ കണ്ടംവഴി ഓടി…

കഴിഞ്ഞ വര്‍ഷമുണ്ടായ മഹാ പ്രളയത്തോളം വരില്ലെങ്കിലും ഇക്കൊല്ലവും ചെറുതല്ലാത്ത പ്രളയമാണ് കേരളത്തെ ബാധിച്ചത്. പ്രളയത്തില്‍ വീടും വാഹനവും മുതല്‍ ഉപജീവനമാര്‍ഗമായിരുന്ന കന്നുകാലികളെ വരെ നഷ്ടപ്പെട്ടത് ഒട്ടേറെ ആളുകള്‍ക്കാണ്. ഇക്കുറിയും കനത്ത മഴയും പ്രളയും കേരളത്തെ വലയ്ക്കുന്ന വേളയിലാണ് മലവെള്ളപ്പാച്ചിലില്‍ ഒഴുകി വന്ന കന്നുകാലിക്ക് അഞ്ച് അവകാശികള്‍ എത്തിയ കഥയും പുറത്ത് വരുന്നത്. പശു തങ്ങളുടെയാണെന്ന് ഉറപ്പിക്കാന്‍ അവകാശം പറയുകയും അടയാളം മുതല്‍ പശുവിനെ വളര്‍ത്തിയ അനുഭവം വരെ കഥകളായി പറഞ്ഞവര്‍ യഥാര്‍ത്ഥ ഉടമ എത്തിയപ്പോള്‍ മുങ്ങുകയും ചെയ്തിരുന്നു.

മൂവാറ്റുപുഴയിലാണ് പ്രളയജലത്തില്‍ പശു ഒഴുകിയെത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 21നു വാളകം മേക്കടമ്പിലാണു സംഭവം. ഒഴുകിയെത്തിയ പശുവിനെ നാട്ടുകാര്‍ കരയ്ക്കു കയറ്റി. നല്ല ലക്ഷണമൊത്ത പശുവിനെ കണ്ടതോടെ പശുവിന്റെ ഉടമകള്‍ ചമഞ്ഞ് ഓരോരുത്തരായി എത്താന്‍ തുടങ്ങി. ചിലര്‍ അതിനെ കെട്ടിപ്പിടിച്ചു കരയാനും തിരികെ കിട്ടിയതിലുള്ള ആഹ്ലാദം പ്രകടിപ്പിക്കാനും തുടങ്ങി. ഉടമസ്ഥാവകാശം സ്ഥാപിക്കാന്‍ അഞ്ചു പേരും ഒന്നിനൊന്ന് അഭിനയം മെച്ചമാക്കി.

പശുവിന്റെ യഥാര്‍ഥ ഉടമ ആരെന്നു തര്‍ക്കമായതോടെ, പ്രദേശത്തെ ഹോമിയോ ഡോക്ടര്‍ പശുവിന്റെ ചെവിയിലെ ഇന്‍ഷുറന്‍സ് ടാഗ് കണ്ടെത്തി. തുടര്‍ന്ന് ഊരമനയിലെ വെറ്ററിനറി ഡോക്ടറുടെ സഹായം തേടി. ഇന്‍ഷുറന്‍സ് ടാഗിലെ നമ്പര്‍ ഉപയോഗിച്ച് ഐടി സെല്ലിലെ ഉദ്യോഗസ്ഥര്‍ പശുവിന്റെ യഥാര്‍ഥ ഉടമയാരെന്നു കണ്ടെത്തി. റാക്കാട് എടക്കരയില്‍ ബേബിയുടേതായിരുന്നു പശു. ഇതോടെ വ്യാജ ഉടമകള്‍ മുങ്ങി. ബേബിയുടെ വീട്ടിലും തൊഴുത്തിലും വെള്ളം കയറിയിരുന്നു. വീട്ടിലുള്ളവരെ രക്ഷിക്കുന്നതിനിടെ പശുവിനെ അഴിച്ചു വിടുകയായിരുന്നു. വെള്ളം കയറി സര്‍വതും തകര്‍ന്ന വീട്ടിലേക്കു ബേബി പശുവിനെ തിരികെ കൊണ്ടുപോയതു ദിവസങ്ങള്‍ കഴിഞ്ഞായിരുന്നു.

Related posts