ഹനാന്‍ ഇനി തനിച്ചല്ല ! കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹനാനെ ആശ്വസിപ്പിക്കാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ചു പോയ വാപ്പച്ചി എത്തി

കൊച്ചി:കാറപടകത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹനാന് സ്വാന്ത്വനമായി വര്‍ഷങ്ങള്‍ക്കു മുമ്പ് ഉപേക്ഷിച്ചു പോയ വാപ്പച്ചി എത്തി. വ്യാഴാഴ്ചയാണ് ഹനാനെ കാണാന്‍ പിതാവ് ഹമീദ് ആശുപത്രിയില്‍ എത്തിയത്. കാറപടകത്തില്‍ നട്ടെല്ലിന് സാരമായി പരിക്കേറ്റ ഹനാന്‍ പതിയെ സുഖം പ്രാപിച്ചു വരികയാണ്. പഠനത്തിനിടെ കുടുംബം പുലര്‍ത്താനായി മീന്‍ വില്‍പ്പന നടത്തുകയായിരുന്ന ഹനാന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്ന് ശ്രദ്ധേയയാകുകയായിരുന്നു.

പിതാവ് തങ്ങളെ ഉപേക്ഷിച്ചു പോയതിനെത്തുടര്‍ന്നാണ് തങ്ങളുടെ ജീവിതം ബുദ്ധിമുട്ടിലായതെന്നും ഹനാന്‍ അന്നു പറഞ്ഞിരുന്നു. മകളെക്കാണാന്‍ ആശുപത്രിയിലെത്തിയ ഹമീദ് മകളോടുള്ള സ്‌നേഹം ഏപ്പോഴും തന്റെ മനസില്‍ ഉണ്ടായിരുന്നുവെന്നും പറഞ്ഞു. പലര്‍ക്കും അറിയാവുന്നതുപോലെ താനൊരു മദ്യപാനിയാണെന്നും ഹനാനെക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നതോടെ തനിക്ക് പശ്ചാത്താപമുണ്ടായെന്നും ഹമീദ് പറഞ്ഞു.

അതേസമയം ഹനാന്‍ പ്രശസ്തയായതോടെ മകളുടെ അരികിലേക്ക് തിരികെ വന്നാല്‍ ആളുകള്‍ തന്നെ അവസരവാദിയെന്ന് വിളിക്കുമോയെന്ന് ഭയപ്പെട്ടിരുന്നുവെന്നും ഹമീദ് പറയുന്നു. ഇപ്പോള്‍ ഹനാന് സ്‌നേഹവും സഹായവും ആവശ്യമുണ്ടെന്നും അതിനായാണ് താന്‍ മകളുടെ അടുത്തേക്ക് മടങ്ങിവന്നിരിക്കുന്നതെന്നും ഹമീദ് പറയുന്നു. തന്റെ മകള്‍ ഇനി തനിച്ചല്ലെന്നും ഹമീദ് പറഞ്ഞു.

Related posts