ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലയിലെ കലശമല പുല്മേടുകളില്നിന്ന് ശാസ്ത്രലോകത്തിന് പുതിയൊരിനം തസ്കര ഈച്ചയെ കണ്ടെത്തി. ക്രൈസ്റ്റ് കോളജിലെ ഷഡ്പദ എന്റമോളജി റിസര്‍ച്ച് ലാബിലെ ഗവേഷകരാണ് ഈ നേട്ടം കൈവരിച്ചത്. ലോവിനെല്ല കലശമല എന്‍സിസ് എന്ന് ശാസ്ത്രീയ നാമം നല്‍കിയിരിക്കുന്ന ഈ പുതിയ ഇനം, ലോവിനെല്ല ജനുസില്‍ പെട്ട ഇന്ത്യയിലെതന്നെ ആദ്യത്തെ കണ്ടെത്തലാണ്.
121 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഓറിയന്റല്‍ മേഖലയില്‍ ഈ ജനുസില്‍പ്പെട്ട ഒരിനത്തെ കണ്ടെത്തുന്നത് എന്ന ചരിത്രപരമായ പ്രത്യേകതയും ഇതിനുണ്ട്. 1902-ല്‍ പാകിസ്ഥാനിലെ ക്വറ്റയില്നിന്നാണ് ഇതിനുമുന്‍പ് ഈ വിഭാഗത്തില്‍പ്പെട്ട ഒരിനത്തെ ഓറിയന്റല്‍ മേഖലയില്‍നിന്നും രേഖപ്പെടുത്തിയിട്ടുള്ളത്.
ആഗോളതലത്തില്‍ ഏറെ അപൂര്‍വമായ ഈ ജനുസില്‍ ഇതുവരെ 9 ഇനങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പുതിയ കണ്ടെത്തലോടെ ലോകത്താകെയുള്ള ലോവിനെല്ല ഇനങ്ങളുടെ എണ്ണം പത്തായി ഉയര്‍ന്നു. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ (ഇടവപ്പാതി) കാലയളവില്‍ കലശമലയിലെ പുല്‍മേടുകളില്‍ നിന്നാണ് ഈ പുതിയ ഇനത്തെ ശേഖരിച്ചത്. ജൈവവൈവിധ്യ സമ്പന്നമായ കേരളത്തിലെ ഇടനാടന്‍ ചെങ്കല്‍ക്കുന്നുകളുടെയും പുല്‍മേടുകളുടെയും പാരിസ്ഥിതിക പ്രാധാന്യം വിളിച്ചോതുന്നതാണ് ഈ കണ്ടെത്തല്‍.
ഷഡ്പദങ്ങളെ ആഹാരമാക്കുന്നവയില്‍ പ്രധാനികളായ തസ്കര ഈച്ചകള്‍, പ്രാണികളുടെ എണ്ണം നിയന്ത്രിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ജര്‍മന്‍ എന്റമോളജിസ്റ്റായ ഹെര്‍മന്‍ ലോവിനോടുള്ള ആദരസൂചകമായാണ് ഈ ജനുസിന് ലോവിനെല്ല എന്ന് പേര് നല്‍കിയിരിക്കുന്നത്. കലശമല എന്ന സ്ഥലനാമത്തില്നിന്നുമാണ് കലശമലഎന്‍സിസ് എന്ന സ്പീഷിസ് നാമം സ്വീകരിച്ചത്.
ക്രൈസ്റ്റ് കോളജിലെ ഗവേഷക വിദ്യാര്‍ഥിനി കാവ്യ ജി. പിള്ള, റിസര്‍ച്ച് ഗൈഡും ലാബ് മേധാവിയുമായ അസിസ്റ്റന്റ് പ്രഫസര്‍ ഡോ. സി. ബിജോയ്, ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ജിജി പൗലോസ്, അമേരിക്കയിലെ നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകന് ക്രിസ് എം. കോഹന് എന്നിവരടങ്ങിയ സംഘമാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.
