തലയോലപ്പറമ്പ്: ഫുട്ബോൾ ലോകകപ്പ് നാടാകെ വ്യത്യസ്ത ആവേശങ്ങളാണ് സൃഷ്ടിക്കുന്നത്. തലയോലപ്പറമ്പിലെ കാർഷിക ഗ്രാമമായ പഴമ്പെട്ടിയിലെ ഫ്രാൻസ് ആരാധകർ തങ്ങളുടെ ടീം കളിക്കുന്ന ദിവസം കാഴ്ചക്കാർക്ക് സ്വന്തം ചെലവിൽ കപ്പയും മീൻചാറും നൽകുകയാണ്.
ഫ്രഞ്ച് പടയുടെ ആരാധകരായ പി.ആർ. നിഷാദ്, പി.ടി. ജഗദീഷ്, പി.ഡി. ജമിനി, പി.കെ. ജീവൻ, എസ്.ടി. അനീഷ്, പി.ജി. പ്രദീപ്, എ.പി. അജിത്ത്, പി.ജി. ജയേഷ് എന്നിവർക്കൊപ്പം ആരാധകരിലെ ഇളമുറക്കാരിയായ ആൻസിത ബി. പ്രസാദുമാണ് കപ്പയ്ക്കും മീൻചാറിനും പിന്നിൽ പ്രവർത്തിക്കുന്നത്. പുലർച്ചെ വരെ നീളുന്ന കളിയാവേശത്തിനൊപ്പം കപ്പയും മീൻചാറും കൂടി ലഭിക്കുന്നതോടെ കാഴ്ചക്കാരും ഹാപ്പി.
2006 മുതൽ ഫ്രാൻസിന്റെ മത്സരദിവസം ഭക്ഷണം നൽകാറുണ്ടെന്നാണ് ആരാധകകൂട്ടം പറയുന്നത്. ഏതാണ്ട് 50 ഓളം കാഴ്ചക്കാർ കളികാണാൻ ഉണ്ടാകും. ആരാധകനായ നിഷാദിന്റെ വീട്ടിലെ ഹാളിൽ 4kUHD പ്രൊജക്ടർ ഒരുക്കിയാണ് ആരാധകകൂട്ടം കളികാണുന്നത്.
