കോട്ടയം: എക്കാലത്തും വിവാദങ്ങളുടെ തോഴനായിരുന്നു മുന്‍ ഡിജിപി ടോമിന് ജെ. തച്ചങ്കരി. ഇലക്ട്രോണിക്സ് കട മുതല്‍ വ്യാജ സിഡി റെയ്ഡും ഭൂമി ഇടപാടും രഹസ്യവിദേശയാത്രകളും ഉള്‍പ്പടെയുള്ള വിവാദങ്ങൾ. കേസുകളും പരാതികളും ഉയര്‍ന്നെങ്കിലും അതില്‍നിന്നെല്ലാം തന്ത്രവും കുബുദ്ധിയും ഉപയോഗിച്ച് രക്ഷപ്പെട്ടിരുന്ന തച്ചങ്കരിക്ക് ഒടുവില്‍ ജയിൽവാസം.
ഇത്രയേറേ വിവാദങ്ങളില്‍പ്പെട്ട മറ്റൊരു ഐഎഎസുകാരന് ഉണ്ടാകില്ല. സര്‍വീസിലിരുന്ന മൂന്നര പതിറ്റാണ്ടോളം കാലം വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന തച്ചങ്കരി, ഒടുവില്‍ അഴിമതിക്കേസിലാണ് നാലു വര്‍ഷത്തെ കഠിനതടവിനും പിഴശിക്ഷയ്ക്കും വിധിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തിയിരിക്കുന്നത്. ഒരു കാലത്ത് ജയില്‍ മേധാവി പദവിയിലിരുന്ന അതേ ആള് തന്നെ, ശിക്ഷിക്കപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിക്കുന്ന സംഭവത്തിനും കേരളം സാക്ഷിയായിരിക്കുകയാണ്
കേരളത്തില്‍ ശിക്ഷിക്കപ്പെട്ട് ജയിലാവുന്ന മൂന്നാമത്തെ ഐപിഎസുകാരനാണ് ടോമിന് ജെ. തച്ചങ്കരി. വര്‍ഗീസ് കൊലപാതകവുമായി ബന്ധപ്പെട്ട് കെ. ലക്ഷ്മണയും കസ്റ്റഡി മര്‍ദനക്കേസില്‍ കെ.ജി. പ്രേം ശങ്കറുമാണ് ജയില്‍ശിക്ഷ അനുഭവിച്ച മറ്റുള്ളവര്‍. ടോമിന് ജെ. തച്ചങ്കരിയെ തടവിനു ശിക്ഷിച്ചത് അഴിമതിക്കേസിലാണ്. സംസ്ഥാനത്ത് അഴിമതിക്കേസില്‍ ജയില്‍ശിക്ഷക്ക് വിധേയനാകുന്ന ആദ്യ ഐപിഎസുകാരനും ഇന്ത്യയില്‍ അഴിമതിക്കേസില്‍ ശിക്ഷിയ്ക്കപ്പെടുന്ന മൂന്നാമത്തെയാളുമാണ് തച്ചങ്കരി.
◄നിയമപാലനത്തിനൊപ്പം നിയമലംഘനങ്ങളും
1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായി സര്‍വീസില്‍ പ്രവേശിച്ച തച്ചങ്കരിയുടെ വേറിട്ട പ്രവര്‍ത്തനരീതി അതിവേഗംതന്നെ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നതായിരുന്നു. നിയമപാലനത്തിനൊപ്പം നിയമലംഘനങ്ങളും ഉള്‍പ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം. മാറിമാറിവരുന്ന സര്‍ക്കാരുകളില്‍ നിര്‍ണായക പദവികള്‍ വഹിച്ച തച്ചങ്കരി ഇരുമുന്നണികളുടെയും കണ്ണിലെ കരടാകുകയും ചെയ്തു.
◄വ്യാജ സിഡി നിര്‍മാണം
റെയാന്‍ സ്റ്റുഡിയോയുമായി ബന്ധപ്പെട്ടതായിരുന്നു തച്ചങ്കരിയുമായി ബന്ധപ്പെട്ട പ്രധാന വിവാദങ്ങളിലൊന്ന്. ഭാര്യയുടെ ഉടമസ്ഥതയില്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന ഈ സ്റ്റുഡിയോയുടെ മറവില്‍ വന്‍ തോതില്‍ പകര്‍പ്പവകാശ ലംഘനവും വ്യാജ സിഡി നിര്‍മാണവും നടത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു.
◄നീണ്ടകാലത്തെ സസ്പെന്ഷന്
ഐപിഎസ് ഉദ്യോഗസ്ഥനായിരിക്കേ അന്നത്തെ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശയാത്രകള്‍ നടത്തിയെന്നു കണ്ടെത്തിയതോടെ വി.എസ്. അച്യുതാനന്ദന് സര്‍ക്കാര്‍ തച്ചങ്കരിയെ സര്‍വീസില്‍നിന്ന് നീണ്ടകാലത്തേക്കു സസ്പെന്‍ഡ് ചെയ്തിരുന്നു.
കണ്ണൂര്‍ റേഞ്ച് ഐജി ആയിരുന്ന സമയത്ത് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളിലും തച്ചങ്കരിയുടെ പേര് ഉയര്‍ന്നുവന്നു.
ഗതാഗത കമ്മിഷണറായിരിക്കേ ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ഹെല്‍മെറ്റും സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കിയതും ഗതാഗത വകുപ്പിലെ ഉദ്യോഗസ്ഥരെ സ്വന്തം ജന്മദിനത്തില് ഹരിത ഗീതം പാടിച്ചതും വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.
◄ഏറ്റുമുട്ടല്‍ പതിവ്
ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറായിരിക്കേ അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനുമായി പരസ്യമായി ഏറ്റുമുട്ടുന്ന സാഹചര്യം വന്നതോടെ ആ പദവിയില്‍നിന്ന് നീക്കം ചെയ്തു. കെഎസ്ആര്‍ടിസി എംഡിയായപ്പോള്‍ ട്രേഡ് യൂണിയനുകളുമായി ഏറ്റുമുട്ടല്‍ പതിവാക്കി. കെഎസ്എഫ്ഇ, കണ്‍സ്യൂമര്‍ഫെഡ് തുടങ്ങിയവയുടെ തലപ്പത്തിരുന്നപ്പോഴും വിവാദങ്ങള്‍ വിട്ടൊഴിഞ്ഞില്ല.
◄64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത്
2003 ജനുവരി മുതല്‍ 2007 ജൂലൈ വരെയുള്ള ഔദ്യോഗികകാലയളവില്‍ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്.
വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഇത്രയും തുകയ്ക്കുള്ള ചെലവ് കണ്ടെത്തിയെങ്കിലും അതിനുള്ള വരവ് കാണിക്കാന്‍ തച്ചങ്കരിക്ക് കഴിഞ്ഞില്ല.
സ്ഥലം വാങ്ങിയ വകയില്‍ സ്റ്റാംപ് ഡ്യൂട്ടി അടയ്ക്കാതെ സര്‍ക്കാരിനു നഷ്ടം വരുത്തിയെന്നും വിജിലന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
2013ല്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസ് പിന്നീടു മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലേക്കും തുടര്‍ന്നു കോട്ടയത്തേക്കും മാറ്റുകയായിരുന്നു.
