കൊച്ചി: ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്കനെ ഗുരുതര പരിക്കേല്പിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന സംഭവത്തില്‍ പ്രതികള്‍ പിടിയില്‍. കൊല്ലം സ്വദേശി ചാര്‍ളി എന്ന് വിളിക്കുന്ന കൊല്ലം ആലുംവിള പുത്തന്‍ വീട്ടില്‍ സുഗേഷ് (25), സ്വര്‍ണം വില്ക്കാന് സഹായിച്ച ആലപ്പുഴ തുമ്പോളി പള്ളിക്കത്തെയില്‍ എബി (49) എന്നിവരെയാണ് എറണാകുളം റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്
.കഴിഞ്ഞ ആറിന് ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആയിരുന്നു സംഭവം. എറണാകുളം – ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ നിന്നും തൃശൂര്‍ സ്വദേശിയെ തള്ളിയിട്ടു ഗുരുതര പരിക്കേല്‍പ്പിച്ച് ഒന്നരപവന്‍ തൂക്കം വരുന്ന സ്വര്‍ണ മാലയും മൊബൈല്‍ ഫോണുകളുമാണ് കവര്‍ന്നത്.
പ്രതിയുടെ ആക്രമണത്തില്‍ തൃശൂര്‍ സ്വദേശി സുനിലിന്റെ രണ്ട് പല്ലുകള്‍ നഷ്ടമാകുകയും പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാവുകയും ചെയ്തു. സ്വര്‍ണമാല ആലപ്പുഴയിലെ ഒരു കടയില്‍ കൊടുത്തതായി പ്രതികള്‍ സമ്മതിച്ചു.
ആലപ്പുഴയില്‍ നിന്നും എറണാകുളം റെയില്‍വേ എസ്ഐ നിസാറുദീനും സംഘവും സ്വര്‍ണം കണ്ടെടുത്തു. റെയില്‍വേ പോലീസ് ഡിവൈഎസ്പി ജോര്‍ജ് ജോസഫിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
