ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ മൊത്തം പ്രതിഫലത്തിൽ വൻ വർധന. അടുത്ത മൂന്നു വർഷത്തേക്ക് ഏകദേശം 692 മില്യൺ ഡോളർ (ഏകദേശം 63,617 കോടി രൂപ) വരെ ലഭിക്കാവുന്ന പുതിയ പാക്കേജാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന കോർപ്പറേറ്റ് മേധാവികളിൽ ഒരാളായി പിച്ചൈ മാറി.
ഫിനാൻഷൽ ടൈംസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, പിച്ചൈയുടെ പ്രതിഫലത്തിന്റെ വലിയൊരു ഭാഗം ഓഹരികളുമായി ബന്ധപ്പെട്ടതാണ്. കമ്പനിയുടെ ലാഭവിഹിതവും വളർച്ചയും അടിസ്ഥാനമാക്കി നിശ്ചയിച്ചിട്ടുള്ള ഈ പാക്കേജിൽ 126 മില്യൺ ഡോളർ മൂല്യമുള്ള ഓഹരികളാണുള്ളത്. ലക്ഷ്യങ്ങൾ കൈവരിക്കുകയാണെങ്കിൽ ഇത് ഇരട്ടിയായി (252 മില്യൺ ഡോളർ) വർധിക്കാൻ സാധ്യതയുണ്ട്.
നേട്ടങ്ങളുടെ കരുത്തിൽ
2015ൽ ഗൂഗിൾ സിഇഒ ആയി ചുമതലയേറ്റ ശേഷം കമ്പനിയുടെ വിപണി മൂല്യം ഏഴിരട്ടിയോളം വർധിപ്പിക്കാൻ സുന്ദർ പിച്ചൈയ്ക്ക് സാധിച്ചു. 535 ബില്യൺ ഡോളറിൽനിന്ന് 3.6 ട്രില്യൺ ഡോളറിലേക്കാണ് ഗൂഗിളിന്റെ വിപണി മൂല്യം കുതിച്ചുയർന്നത്. കഴിഞ്ഞ ജനുവരിയിൽ ഇത് നാല് ട്രില്യൺ ഡോളർ വരെ എത്തിയിരുന്നു.
മറ്റ് പ്രമുഖ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല (96.5 മില്യൺ ഡോളർ), ആപ്പിൾ സിഇഒ ടിം കുക്ക് (74.3 മില്യൺ ഡോളർ) എന്നിവരേക്കാൾ ബഹുദൂരം മുന്നിലാണ് പിച്ചൈയുടെ പുതിയ പാക്കേജ്.
