പത്തു തലയാ ഇവന് തനി രാവണന്‍ ! മരിച്ച അമ്മൂമ്മയുടെ പെന്‍ഷന്‍ എട്ടുവര്‍ഷമായി കൈപ്പറ്റി കൊച്ചുമകന്‍; ഒടുവില്‍ കുടുങ്ങി

എട്ടുവര്‍ഷം മുമ്പ് മരിച്ച അമ്മൂമ്മയുടെ പെന്‍ഷന്‍ തന്ത്രപരമായി കൈപ്പറ്റിക്കൊണ്ടിരുന്ന കൊച്ചു മകന്‍ ഒടുവില്‍ കുടുങ്ങി.അതിയന്നൂര്‍ അരംഗമുകള്‍ ബാബു സദനത്തില്‍ പ്രജിത്‌ലാല്‍ ബാബു(35) ആണ് അറസ്റ്റിലായത്.

അമ്മൂമ്മയും കെ.എസ്.ഇ.ബി.യില്‍നിന്ന് വിരമിച്ച ജീവനക്കാരിയുമായ അരംഗമുകള്‍ സ്വദേശിനി പൊന്നമ്മയുടെ പെന്‍ഷനാണ് ഇയാള്‍ കൈപ്പറ്റിക്കൊണ്ടിരുന്നത്. പൊന്നമ്മ മരിച്ച വിവരം കെ.എസ്.ഇ.ബി. അധികൃതരെ അറിയിക്കാതെ ബാങ്ക് അക്കൗണ്ടില്‍നിന്ന് ഇയാള്‍ എട്ടുവര്‍ഷമായി പണം പിന്‍വലിച്ചുകൊണ്ടാണ് തട്ടിപ്പ് നടത്തിയത്.

ഇതിനിടെ നെയ്യാറ്റിന്‍കര ഡിവിഷന്‍ ഓഫീസില്‍ കെ.എസ്.ഇ.ബി. ആഭ്യന്തര പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇക്കാലയളവിലൊന്നും പൊന്നമ്മയുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് പെന്‍ഷന്‍ വാങ്ങിയിരുന്നതെന്ന് തെളിഞ്ഞു.

തുടര്‍ന്ന് കെ.എസ്.ഇ.ബി. അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ പൊന്നമ്മ മരിച്ചുപോയതായി കണ്ടെത്തുകയായിരുന്നു. കൊച്ചുമകനാണ് പെന്‍ഷന്‍ വാങ്ങിയതെന്ന് കണ്ടെത്തിയ കെ.എസ്.ഇ.ബി. അധികൃതര്‍ പോലീസില്‍ പരാതി നല്‍കി.

നെയ്യാറ്റിന്‍കര പോലീസ് ഇയാള്‍ക്കെതിരേ കേസ് എടുക്കുകയും ചെയ്തു. മരിച്ചുപോയയാള്‍ പെന്‍ഷന്‍ കൈപ്പറ്റിയ സംഭവത്തെക്കുറിച്ച് കെ.എസ്.ഇ.ബി. വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്. പോലീസ് കേസ് എടുത്തെങ്കിലും പ്രതിയെ പിടികൂടിയില്ലായിരുന്നു.

പണി പാളിയെന്നു മനസ്സിലായതോടെ പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോടതി പ്രതിയോട് പോലീസില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതി പ്രജിത്‌ലാല്‍ ബാബുവിന്റെ അറസ്റ്റ് നെയ്യാറ്റിന്‍കര പോലീസ് രേഖപ്പെടുത്തുകയായിരുന്നു. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

Related posts

Leave a Comment