നവവധൂവരന്മാര്‍ക്ക് ലഭിച്ച സമ്മാനം തുറന്നുനോക്കുന്നതിനിടെ പൊട്ടിത്തെറിച്ചു! വരനും മുത്തശ്ശിയും തത്ക്ഷണം മരിച്ചു; സംഭവം വിവാഹ സത്കാര സമയത്ത് ലഭിച്ച സമ്മാനം വീട്ടിലെത്തി തുറന്നു നോക്കുന്നതിനിടെ

വിവാഹ വിരുന്നിന് അഞ്ജാതന്‍ കൊടുത്ത സമ്മാനം തുറന്നു നോക്കുന്നതിനിടെ അകത്തുണ്ടായിരുന്ന വസ്തു പൊട്ടിത്തെറിച്ച് നവവരനും മുത്തശ്ശിയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ നവവധു ചികിത്സയിലാണ്. ഒഡീഷയിലെ ബോലംഗീര്‍ ജില്ലയില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. വിവാഹം കഴിഞ്ഞ് അഞ്ച് ദിവസത്തിനുശേഷം നടന്ന റിസപ്ഷനിടെയായിരുന്നു സംഭവം.

എന്ത് തരത്തിലുള്ള സ്‌ഫോടക വസ്തുവാണ് സമ്മാനപ്പൊതിയ്ക്കുള്ളിലുണ്ടായിരുന്നതെന്നും ആരാണ് സമ്മാനം കൊടുത്തതെന്നും പോലീസ് അന്വേഷിച്ച് വരികയാണ്. റിസപ്ഷനുശേഷം വീട്ടിലെത്തി സമ്മാനപ്പൊതി തുറന്നപ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്.

വരന്റെ മുത്തശ്ശി സംഭവസ്ഥലത്തു വച്ചും വരന്‍ റൂര്‍ക്കിയിലെ ഇസ്പത് ജനറല്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ വധു ബുര്‍ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. തെളിവുകള്‍ ശേഖരിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പട്‌നഗര്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ സെസാദേവ ബരിഹ പറഞ്ഞു.

Related posts