പരവൂർ (കൊല്ലം): ജിഎസ്ടി നിരക്കിളവ് പ്രാബല്യത്തിൽ വരുന്ന 22 ന് മുമ്പ് സ്റ്റോക്കുകൾ പരമാവധി വിറ്റഴിക്കാൻ വ്യാപാരികൾക്ക് വമ്പൻ ഓഫറുകളുമായി എഫ്എംസിജി കമ്പനികൾ. സോപ്പ്, ടൂത്ത് പേസ്റ്റ്, ഷാംപൂ, ഹെയർ ഓയിൽ തുടങ്ങി നിരവധി നിത്യോപയോഗ സാധനങ്ങൾക്ക് അമ്പരപ്പിക്കുന്ന വിലക്കുറവാണ് കമ്പനികൾ വാഗ്ദാനം ചെയ്തിട്ടുള്ളത്.
ചില ഉത്പന്നങ്ങൾക്ക് ചില്ലറ വിൽപ്പനക്കാർക്ക് അടക്കം 20 ശതമാനം വരെ വിലയിൽ ഡിസ്കൗണ്ട് ഏർപ്പെടുത്തിയിട്ടുണ്ട്. ഇപ്പോൾ 12 മുതൽ 18 ശതമാനം വരെയുള്ള പല ഉത്പന്നങ്ങളുടെയും ജിഎസ്ടി അഞ്ച് ശതമാനമായി കുറയ്ക്കാനാണ് ജിഎസ്ടി കൗൺസിൽ തീരുമാനിച്ചിട്ടുള്ളത്.
ഇക്കാരണത്താൽ പ്രോക്ടർ ആൻഡ് ഗാംബിൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യൂണിലിവർ, ഡാബർ ഇന്ത്യ, ലോറിയൽ ഇന്ത്യ, ഹിമാലയ വെൽനെസ് തുടങ്ങിയ നിരവധി പ്രമുഖ കമ്പനികൾ അവരുടെ കൈവശം സ്റ്റോക്കുള്ള ഉയർന്ന ജിഎസ്ടി രേഖപ്പെടുത്തിയ ഉത്പന്നങ്ങൾ പൂർണമായും വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
ഇക്കാരണത്താലാണ് കമ്പനികൾ അവിശ്വസനീയമായ രീതിയിൽ വമ്പൻ ഡിസ്കൗണ്ടുകൾ നൽകി സ്റ്റോക്കുകൾ വിറ്റഴിക്കുന്നത്. ജിഎസ്ടിയിൽ ഇളവ് ഏർപ്പെടുത്തിയിട്ടുള്ള നിരവധി ഉത്പന്നങ്ങൾക്ക് ഇത്തരത്തിൽ വിലക്കുറവ് ലഭിക്കും.
ഹിന്ദുസ്ഥാൻ യൂണിലിവർ അവരുടെ സോപ്പ് ഉത്പന്നങ്ങൾക്ക് നിലവിൽ നൽകുന്ന മാർജിന് പുറമേ നാല് ശതമാനം വരെ ഡിസ്കൗണ്ട് റീട്ടെയിൽ വ്യാപാരികൾക്ക് ഇതിനകം ഏർപ്പെടുത്തിക്കഴിഞ്ഞു. റീട്ടയിൽ ബൊണാൻസ എന്ന പേരിലുള്ള ഈ ഡിസ്കൗണ്ട് ഓഫർ 20 വരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.
ഷാംപൂവിന് പത്തു മുതൽ 20 ശതമാനം വരെയും ഹെയർ ഓയിലുകൾക്ക് ഏഴ് മുതൽ 11 വരെ ശതമാനവും ഡിസ്കൗണ്ട് ലഭിക്കും. 20 രൂപയ്ക്ക് മുകളിൽ വിലയുള്ള ടൂത്ത് പേസ്റ്റുകൾക്ക് എട്ടു ശതമാനമാണ് ഇളവ്. ഉയർന്ന വിലയുള്ള ഹെൽത്ത് ഡ്രിങ്കുകൾക്ക് അഞ്ച് ശതമാനവും ശീതള പാനീയങ്ങൾക്ക് ഏഴ് ശതമാനവും ഡിസ്കൗണ്ട് അനുവദിച്ചിട്ടുണ്ട്.
ഡാബർ ഇന്ത്യ അവരുടെ ടൂത്ത് പേസ്റ്റ് അടക്കമുള്ള ചില ഉത്പന്നങ്ങൾക്ക് ഈ മാസം 21 വരെ പത്ത് ശതമാനം ഇളവാണ് നൽകുന്നത്. പ്രോക്ടർ ആൻഡ്് ഗാംബിൾ കമ്പനി അവരുടെ ഉത്പന്നങ്ങളായ ഡിറ്റർജന്റ് സാനിറ്ററി നാപ്കിൻ എന്നിവയ്ക്ക് നിലവിലെ ഡിസ്കൗണ്ടിന് പുറമേ പത്തു ശതമാനം അധിക ഡിസ്കൗണ്ടും ഏർപ്പെടുത്തിയിട്ടുണ്ട്.
നെവർ ബിഫോർ ജിഎസ്ടി എന്നാണ് അവർ നൽകുന്ന ഓഫറുകളുടെ പേര്. ഇത് ഈ മാസം 21 വരെ പ്രാബല്യത്തിലുണ്ട്. ടാൽക്കം പൗഡർ അടക്കം ഇവരുടെ മറ്റ് ചില ഉത്പന്നങ്ങൾക്കും നിരക്കിളവുണ്ട്.
കേന്ദ്ര സർക്കാർ ജിഎസ്ടി നിരക്ക് കുറച്ചതോടെ ഭൂരിഭാഗം കമ്പനികളും തങ്ങളുടെ മൊത്ത വിതരണക്കാർക്കും ഡീലർമാർക്കും ഓഫറുകൾ സംബന്ധിച്ച നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഇനിയുള്ള അഞ്ച് ദിവസങ്ങൾ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാനുള്ള സുവർണാവസരം കൂടിയാണ്.