കൊച്ചി: ഹാള്‍മാര്‍ക്കിംഗ് എച്ച് യുഐഡി ദുരുപയോഗം തടയുന്നതിനായി സ്വര്‍ണത്തിന്റെ ഹാള്‍മാര്‍ക്കിംഗ് മാനദണ്ഡങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാൻ കേന്ദ്രം. ഇതുവഴി ഡ്യൂപ്ലിക്കേഷന്‍ തടയുന്നതിനും കുറ്റകൃത്യങ്ങൾ കണ്ടെത്തുന്നതിനുമാണ് കേന്ദ്രം ലക്ഷ്യമിടുന്നത്.
ഏകീകൃത തിരിച്ചറിയല്‍ നമ്പറുകളുടെ ഉപയോഗം ഹാള്‍മാര്‍ക്ക് യുണിക്ക് ഐഡന്റിഫിക്കേഷന്‍ (എച്ച് യുഐഡി) ഇതിനകം ഉപയോഗത്തിലുണ്ടെങ്കിലും ഓരോ ആഭരണത്തിനും അതിന്റെ രൂപകല്പന, വലുപ്പം, മറ്റ് സവിശേഷതകള്‍ എന്നിവയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഒരു പ്രത്യേക ഐഡി ഉണ്ടെന്ന ചട്ടക്കൂട് ഉറപ്പാക്കാനാണ് സർക്കാരിന്റെ നീക്കം.
ഇതുമൂലം സ്വർണം സമാനമായി തോന്നുകയോ ഉരുക്കിക്കഴിഞ്ഞാല്‍ ഇത് വീണ്ടും ഉപയോഗിക്കാന്‍ കഴിയില്ലെന്നതാണ് സവിശേഷത. അതായത്, ഒരു ആഭരണം ഒരിക്കല്‍ ഉരുക്കിക്കഴിഞ്ഞാല്‍ അതിന് നല്‍കിയിട്ടുള്ള സവിശേഷ ഐഡി മറ്റൊരു ഉല്‍പ്പന്നത്തിനും വീണ്ടും ഉപയോഗിക്കാന്‍ കഴിയില്ലെന്ന് ഈ നീക്കം ഉറപ്പാക്കും. ഇത് സര്‍ട്ടിഫിക്കേഷന്റെ തനിപ്പകര്‍പ്പോ ദുരുപയോഗമോ തടയും.
പുതിയ സംവിധാനം റെഗുലേറ്റര്‍മാര്‍ക്കും വാങ്ങുന്നവര്‍ക്കും ഹാള്‍മാര്‍ക്ക് നമ്പര്‍ മാത്രമല്ല, ഔദ്യോഗിക രേഖകള്‍ വഴി ഉല്പന്നത്തിന്റെ നിര്‍ദ്ദിഷ്ട ഗുണങ്ങളും പരിശോധിക്കാന്‍ സൗകര്യമൊരുക്കും. പ്രത്യേക ഹാള്‍മാര്‍ക്ക് ഐഡിയും പ്യൂരിറ്റി ലെവലും ഉപയോഗിച്ച് വാങ്ങിയ ആഭരണങ്ങളെക്കുറിച്ചുള്ള പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
ഹാള്‍മാര്‍ക്കിംഗ് ചട്ടക്കൂട് നിലവില്‍ വന്നാല്‍, ഓരോ സ്വര്‍ണാഭരണത്തിനും ഒരു സവിശേഷ ഐഡി ഉണ്ടായിരിക്കും. കൂടാതെ വിതരണ ശൃംഖലയിലുടനീളം അതിന്റെ രേഖ നിലനിര്‍ത്താനും ബാധ്യതയുണ്ടെന്നാണ് അധികൃതർ നൽകുന്ന വിശദീകരണം.
- സ്വന്തം ലേഖിക
