പത്മശ്രീയുടെ ആലസ്യത്തിലിരിക്കാന്‍ തല്‍ക്കാലം ഹജ്ജബ്ബയ്ക്കു സമയമില്ല ! പ്ലസ്ടു സ്‌കൂള്‍ തുടങ്ങാനുള്ള വഴികളാലോചിച്ച് ഈ മധുരനാരങ്ങ വില്‍പ്പനക്കാരന്‍…

ഹരേക്കള ഹജ്ജബ്ബ എന്ന മധുരനാരങ്ങ വില്‍പ്പനക്കാരന് ലഭിച്ച പത്മശ്രീ പുരസ്‌കാരം അര്‍ഹതയ്ക്കുള്ള അംഗീകാരമായിരുന്നു. സാധനം വാങ്ങാന്‍ റേഷന്‍ കടയില്‍ നില്‍ക്കുമ്പോഴാണ് മധുരനാരങ്ങാ വില്‍പനക്കാരന്‍ ഹജ്ജബ്ബയുടെ ജീവിതം മാറ്റി മറിച്ച ആ ഫോണ്‍ വിളി വന്നത്. അങ്ങേത്തലയ്ക്കല്‍ നിന്നു സംസാരം ഹിന്ദിയിലും ഇംഗ്ലിഷിലും. രണ്ടും അറിയാത്ത ഹജ്ജബ്ബ ഫോണ്‍ സമീപത്തെ ഓട്ടോ ഡ്രൈവര്‍ അബ്ബാസിനു കൈമാറി.

മറുതലക്കല്‍ നിന്നു കേട്ട വാക്കുകള്‍ ആദ്യം അബ്ബാസിനു വിശ്വസിക്കാനായില്ല. അബ്ബാസ് പറഞ്ഞപ്പോള്‍ ആദ്യം ഹജ്ജബ്ബയും നാട്ടുകാരും വിശ്വസിച്ചില്ല ഹജ്ജബ്ബയ്ക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ച വിവരം അറിയിക്കാന്‍ കേന്ദ്ര ഭരണ സിരാകേന്ദ്രത്തില്‍ നിന്നുള്ള വിളിയായിരുന്നു അത്. ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചുള്ള മധുര നാരങ്ങ വില്‍പ്പനയിലൂടെ കിട്ടുന്ന വരുമാനത്തില്‍ നിന്ന് മിച്ചം പിടിച്ച് ഒരു സ്‌കൂളെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കിയ ഹജ്ജബ്ബയെ തേടി രാജ്യത്തെ ഉന്നതപുരസ്‌കാരങ്ങളിലൊന്ന് എത്തിയതോടെ ആ നന്മ മനസ്സിനുള്ള പ്രോത്സാഹനമായി അത്.

‘ഒരുപാട് സന്തോഷമുണ്ട്. ഈ ബഹുമതി എന്റെ സ്‌കൂളിന് സമര്‍പ്പിക്കുന്നു.’പുരസ്‌കാര നേട്ടത്തെ കുറിച്ച് നന്മമാത്രമുള്ള ആ മനുഷ്യന്റെ പ്രതികരണം ഇതാണ്. പ്രാഥമിക വിദ്യാഭ്യാസം പോലുമില്ലാത്ത നാരങ്ങാ വില്‍പനക്കാരന്‍ ഹജ്ജബ്ബയെ പത്മശ്രീയിലെത്തിച്ച മാറ്റങ്ങളുടെ തുടക്കം 20 വര്‍ഷം മുന്‍പാണ്. മംഗളൂരു ഹംമ്പന്‍കട്ടെ ജംക്ഷനില്‍ രണ്ട് വിദേശികള്‍ നാരങ്ങ വാങ്ങാനെത്തി. അവര്‍ ഇംഗ്ലിഷില്‍ പറഞ്ഞതൊന്നും ഹജ്ജബ്ബയ്ക്ക് മനസ്സിലായില്ല. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഹജ്ജബ്ബ തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്.

ദാരിദ്യത്തിന്റെ നേര്‍ക്കാഴ്ചയായ ഗ്രാമത്തില്‍ വിദ്യാഭ്യാസമെന്നത് അന്നുവരെ കാണാക്കിനാവ് മാത്രമായിരുന്നു. എന്നാല്‍ ഗ്രാമത്തിലെ വരും തലമുറയ്ക്ക് ഈ ദുരവസ്ഥയില്‍ നിന്ന് മോചനമുണ്ടാവണമെന്ന് ഹജ്ജബ്ബ ചിന്തിച്ചു. തുടര്‍ന്നു ന്യൂപദുപ്പിലെ മുസ്ലിം പള്ളിയുടെ ഒരു മുറി തരപ്പെടുത്തിയ ഹജ്ജബ്ബ 1999ലാണു സ്‌കൂളിനു തുടക്കം കുറിക്കുന്നത്. പ്രദേശത്തെ സ്‌കൂളില്‍ പോകാതെ ബീഡി തെറുക്കാനും മറ്റും പഠിക്കുന്ന ഏതാനും കുട്ടികളെ കണ്ടെത്തി അവിടെ എത്തിച്ചു. ഒരു അധ്യാപകനെയും നിയമിച്ചു. അധ്യാപകന്റെ ശമ്പളവും സ്‌കൂളിന്റെ മറ്റ് ചിലകളുമെല്ലാം നാരങ്ങാ വിറ്റു കിട്ടുന്ന തന്റെ വരുമാനത്തില്‍ നിന്നു കണ്ടെത്തി.

ആദ്യം പരിഹസിച്ചവരെല്ലാം പിന്നീട് ഹജ്ജബ്ബയെ അഭിനന്ദിക്കുകയും കൂടെ നില്‍ക്കുകയും ചെയ്തു. കുട്ടികളുടെ എണ്ണം കൂടിയതോടെ പള്ളിയില്‍ നിന്ന് പഠനം വാടകക്കെട്ടിടത്തിലേക്ക് മാറ്റി. നിരന്തര ശ്രമ ഫലമായി സ്‌കൂളിന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചു. പലരില്‍ നിന്നും കടവും സംഭാവനയും ഒക്കെ വാങ്ങി സ്വന്തം കെട്ടിടം പണിതു. സ്‌കൂള്‍ പിന്നീട് സര്‍ക്കാരിനു കൈമാറി ദക്ഷിണ കന്നട ജില്ലാ പഞ്ചായത്ത് ഹയര്‍ പ്രൈമറി സ്‌കൂളായി മാറി. തുടര്‍ന്ന് ഇത് ഹൈസ്‌കൂള്‍ ആക്കുന്നതിനായി ഹജ്ജബ്ബയുടെ ശ്രമം. അതും സാധിച്ചു. ഇനി പ്ലസ്ടു (പിയുസി) കൂടി ആരംഭിച്ചു കിട്ടാനുള്ള ശ്രമത്തിലാണു ഹജ്ജബ്ബ.

കേരളത്തിലെ പത്താം ക്ലാസ് സാമൂഹികപാഠത്തില്‍ അധ്യായം 10 പൗരബോധത്തില്‍ പ്രവേശക പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടുത്തി ഹജ്ജബ്ബയെ പരിചയപ്പെടുത്തുന്നുണ്ട്. ശിവമോഗയിലെ കൂവേമ്പു സര്‍വകലാശാല, ധാര്‍വാഡിലെ കര്‍ണാടക സര്‍വകലാശാല, മംഗളൂരു സര്‍വകലാശാല എന്നിവിടങ്ങളിലും ഹജ്ജബ്ബ പാഠ്യവിഷയമാണ്. പത്മശ്രീ ലഭിച്ചതോടെ രാജ്യശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞത് ഹജ്ജബ്ബയുടെ ശ്രമങ്ങള്‍ക്ക് പ്രേരകശക്തിയാകാന്‍ സാധ്യതയുണ്ട്. ഹജ്ജബ്ബയുടെ ഉദ്യമങ്ങള്‍ക്ക് പിന്തുണ നല്‍കേണ്ടത് രാഷ്ട്രബോധമുള്ള ഓരോ ഭാരതീയന്റെയും ചുമതലയാണ്.

Related posts

Leave a Comment