കൊഴിഞ്ഞാന്പാറ: അത്തിക്കോടിനു സമീപം ബൈക്ക് യാത്രികൻ റോഡിലെ ഗർത്തത്തിലിറങ്ങി നിയന്ത്രണം വിട്ട് മറിഞ്ഞ് ലോറികയറി മരിച്ച സംഭവത്തിൽ ജനകീയമുന്നണി പ്രതിഷേധ റോഡുപരോധസമരം നടത്തി. തകർന്ന് സഞ്ചാരയോഗ്യമല്ലാത്ത റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ നവീകരിക്കണമെന്നതാണ് സമരക്കാരുടെ അടിയന്തരാവശ്യം.
ഇരട്ടക്കുളം മുതൽ ഗോപാലപുരം വരെ കഴിഞ്ഞ ഒരു വർഷത്തിനിടെ നടന്ന വാഹനാപകടങ്ങളിൽ നിരത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 11 ആയി. ഇരട്ടക്കുളം, അത്തിക്കോട് കരുവപ്പാറ, മൂങ്കിൽമട, നീലംകാച്ചി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് വാഹനഅപകടങ്ങളും മരണങ്ങളും നടന്നിരിക്കുന്നത്.
ഓരോതവണ അപകടമരണങ്ങൾ നടക്കുന്പോഴും സംഭവസ്ഥലത്തെത്തുന്ന പൊതുമരാമത്ത് റോഡ് വിഭാഗം അധികൃതർ ഉടൻ റോഡ് നവീകരണം നടത്തുമെന്ന് ഉറപ്പ് നൽകി തിരിച്ചുപോയാൽ പിന്നീട് സ്ഥലം സന്ദർശിക്കുന്നത് മറ്റൊരു അപകട മരണം നടന്ന് റോഡുപരോധം നടക്കുന്പോഴാണെന്നുംസമരക്കാർ ആരോപിച്ചു.
ഇന്നലെ രാവിലെ 9.30 നാണ് അത്തിക്കോട് ജംഗ്ഷനിൽ ഉപരോധസമരം തുടങ്ങിയത്. 12 മണിക്ക് റോഡ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സജി ഷാജി സംഭവസ്ഥലത്തെത്തി. തുടർന്ന് നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് വി. ബിനു, കൊഴിഞ്ഞാന്പാറ സ്റ്റേഷൻ എസ്എച്ച്ഒ എം.ആർ. അരുണ്‍ കുമാർ, എസ്ഐ കെ. ഷിജു എന്നിവർ സമര പ്രതിനിധികളുമായി ചർച്ച നടത്തി. ഇന്നുമുതൽ ഇരട്ടക്കുളം-ഗോപാലപുരം പാതയിലെ ഗർത്തങ്ങൾ അടയ്ക്കുന്ന നടപടി തുടങ്ങുമെന്നറിയിച്ചു .
സർക്കാർ അനുമതി ലഭിച്ച 9.5 കോടി ചെലവിലുള്ള പൂർണതോതിൽ റോഡ് നവീകരിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ഉണ്ടാവുമെന്നും എൻജിനീയർ അറിയിച്ചതോടെ 12 മണിക്ക് സമരം നിർത്തി ഗതാഗതം പുന:സ്ഥാപിച്ചു.
