യുവതിയെ ഉപയോഗിച്ച് പണക്കാരായ ആളുകളെ വശീകരിക്കും ! പഞ്ചാരവാക്കുകള്‍ കേട്ടെത്തുന്നവരെ ഭീഷണിപ്പെടുത്തി വന്‍തുക തട്ടിയെടുക്കും; വയനാട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഹണിട്രാപ്പ് സംഘം പിടിയിലായതിങ്ങനെ…

യുവതിയെ ഉപയോഗിച്ച് വ്യാപാരിയെ ഹണിട്രാപ്പിലാക്കി കര്‍ണാടകത്തിലേക്ക്‌ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ രണ്ടാം പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. കോഴിക്കോട് പേരാമ്പ്രയിലുള്ള സികെ അന്‍വറാണ് വയനാട് മാനന്തവാടി പോലീസിന്റെ പിടിയിലായത്. സ്ത്രീ ഉള്‍പ്പെടെയുള്ള ഏഴംഗ സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. പണക്കാരായ ആളുകളെ സ്ത്രീ ഫോണ്‍ വിളിച്ച് വശീകരിക്കും പിന്നീട് ബ്ലാക്ക്മെയില്‍ ചെയ്ത് ഭീഷണിപ്പെടുത്തി പണം തട്ടും. ഇതാണ് സംഘത്തിന്റെ രീതിയെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ജൂലൈയിലായിരുന്നു കാസര്‍ഗോഡ് സ്വദേശിയായ യുവ വ്യാപാരിയെ സംഘം തട്ടിക്കൊണ്ട് പോയത്. ഫോണിലൂടെ ബന്ധം സ്ഥാപിച്ച യുവതി പിന്നീട് വ്യാപാരിയോട് വയനാട് മാനന്തവാടിയില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നീട് അവിടെ നിന്നും കര്‍ണാടകയിലെ ഒരു റിസോര്‍ട്ടിലെത്തിച്ചു. തുടര്‍ന്ന് യുവതിയോടൊപ്പമെത്തിയവര്‍ ഇയാളെ തടങ്കലിലാക്കുകയായിരുന്നു. സംഘം വ്യാപാരിയെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മോചനദ്രവ്യമായി 15 ലക്ഷം സംഘം ആവശ്യപ്പെട്ടു.

തുടര്‍ന്ന് യുവാവിന്റെ സുഹൃത്തുക്കള്‍ മുഖേന 1.5 ലക്ഷം രൂപ കൈപ്പറ്റി. കേസില്‍ നാലു പേരെ നേരത്തെ മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടാം പ്രതി കോഴിക്കോട് പേരാമ്പ്ര സ്വദേശി സി.കെ അന്‍വറാണ് കഴിഞ്ഞ ദിവസം പിടിയിലായത്. ഇയാളുടെ പേരില്‍ നേരത്തെ മലപ്പുറം കോട്ടക്കല്‍ സ്റ്റേഷനില്‍ ബലാല്‍സംഗക്കേസും ചെമ്മാട് പൊലീസ് സ്റ്റേഷനില്‍ ചീറ്റിംഗ് കേസും നിലവിലുണ്ട്. യുവതി ഉള്‍പ്പെടെയുള്ള രണ്ട് പേര്‍ ഇനിയും പിടിയിലാകാനുണ്ട്.

Related posts