ഭൂഗര്‍ഭ അറകളില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ വരെ കണ്ടെത്തി നശിപ്പിക്കാം; സൈന്യത്തിന്റെ പുതിയ ഹൈടെക് റഡാറിന്റെ സവിശേഷതകള്‍ ഇതൊക്കെ

radar600ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിനു കരുത്തേകി പുതിയ ഹൈടെക് റഡാറുകള്‍ എത്തുന്നു.  ഭൂഗര്‍ഭ ബങ്കറുകളിലും മറ്റും ഒളിച്ചിരിക്കുന്ന ഭീകരരെ വരെ കണ്ടുപിടിക്കാവുന്ന അത്യാധുനീക റഡാറുകള്‍  യുഎസ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ സ്വന്തമാക്കുന്നത്. കശ്മീരിലും നിയന്ത്രണരേഖയിലും പാക്ക് ഭീകരരുടെ നുഴഞ്ഞകയറ്റവും ഏറ്റുമുട്ടലും വ്യാപകമായതോടെയാണു ആധുനിക സങ്കേതങ്ങളെക്കുറിച്ചു സേന ആലോചിച്ചത്. മൈക്രോവേവ് തരംഗങ്ങള്‍ അടിസ്ഥാനമാക്കിയാണു റഡാറിന്റെ പ്രവര്‍ത്തനം.

കശ്മീര്‍ താഴ്‌വാരയില്‍ ഭീകരരെ നേരിടാന്‍ ഇപ്പോള്‍ത്തന്നെ ഇത്തരം റഡാറുകള്‍ ഉപയോഗിക്കുന്നുണ്ടെന്നു ഉന്നത സൈനിക വൃത്തങ്ങള്‍ പറഞ്ഞു. അതിസൂക്ഷ്മതയാണു റഡാറുകളുടെ സവിശേഷത. പ്രത്യേക ചുമരുകള്‍ക്കുള്ളിലോ വീടുകള്‍ക്ക് അകത്തോ ഭൂഗര്‍ഭ അറയ്ക്കുള്ളിലോ ഒളിച്ചിരിക്കുന്ന ഭീകരരെ റഡാറിലൂടെ കൃത്യമായി കണ്ടുപിടിക്കാനാകും. സൈനികരുടെ ഭാഗത്തെ ആള്‍നാശം പരമാവധി കുറച്ച്, പ്രഹരശേഷി കൂട്ടുകയാണു തന്ത്രം. ജനവാസ മേഖലയില്‍, നാട്ടുകാരെ കവചമാക്കുന്ന ഭീകരരെ കൃത്യമായി ലക്ഷ്യമിടാം എന്നതും നേട്ടമാണ്.

2008ലെ മുംബൈ ഭീകരാക്രമണം സംഭവിച്ചതിനു ശേഷമാണ് ഈയൊരു പദ്ധതിയെക്കുറിച്ച് ഇന്ത്യ ആലോചിക്കുന്നത്. ഇറക്കുമതി ചെയ്യുന്ന റഡാറിന് രണ്ടു കോടി രൂപയാണ് ചെലവ്.ഇന്ത്യയിലും തദ്ദേശീയമായ റഡാര്‍ നിര്‍മാണം പുരോഗമിക്കുന്നുണ്ട്. ബംഗളൂരു കേന്ദ്രമായ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് റഡാറുകള്‍ വികസിപ്പിക്കുന്നത്.

ട്രൈപോഡില്‍ വയ്ക്കാവുന്നതും കയ്യില്‍ കൊണ്ടുനടക്കാവുന്നതുമായ റഡാറിനു ‘ദിവ്യചക്ഷു’ എന്നാണു പേര്. മൈക്രോവേവ് തരംഗങ്ങളെ അടിസ്ഥാനമാക്കിത്തന്നെയാണു പ്രവര്‍ത്തനം. റഡാറുകള്‍ക്കു 20 മുതല്‍ 40 മീറ്റര്‍ ദൂരെയുള്ള തടസങ്ങളുടെ മറുവശത്തെ ചിത്രങ്ങള്‍ എടുക്കാനാകുമെന്നു ഡിആര്‍ഡിഒ മുന്‍ ഡയറക്ടര്‍ രവി ഗുപ്ത പറഞ്ഞു. പരീക്ഷണങ്ങള്‍ അവസാനഘട്ടത്തിലാണ്. 35 ലക്ഷം രൂപയാണ് ചെലവ്. ഇറക്കുമതി ചെയ്യുന്നതിന്റെ മൂന്നിലൊന്നു വിലയ്ക്കു ഇവ ലഭ്യമാകുന്നതു സേനയ്ക്കു മുതല്‍ക്കൂട്ടാകും. എന്തായാലും ഭീകരതയ്‌ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടമാണ് സൈന്യം ഇതിലൂടെ ലക്ഷ്യമിടുന്നത്.

Related posts