രണതുംഗ കടന്നുപിടിച്ചു ! സ്വകാര്യഭാഗങ്ങളിലേക്ക് കൈ കൊണ്ടുപോയി; ശ്രീലങ്കന്‍ ക്രിക്കറ്റ് മുന്‍ നായകനെതിരേ മുന്‍ ഇന്ത്യന്‍ എയര്‍ഹോസ്റ്റസിന്റെ വെളിപ്പെടുത്തല്‍; മീ ടു ക്യാമ്പയ്ന്‍ കടല്‍ കടന്ന് ലങ്കയിലേക്ക്…

മുംബൈ: ഇന്ത്യയില്‍ കത്തിപ്പടര്‍ന്നു കൊണ്ടിരിക്കുന്ന മീ ടു ക്യാമ്പയ്‌ന്റെ അയല്‍രാജ്യമായ ശ്രീലങ്കയിലേക്കും വ്യാപിക്കുന്നു. ശ്രീലങ്കയെ ലോകകപ്പ് ക്രിക്കറ്റ് കിരീടത്തിലേക്ക് നയിച്ച നായകനും നിലവിലെ പെട്രോളിയം മന്ത്രിയുമായ അര്‍ജുന രണതുംഗയ്‌ക്കെതിരേ മുന്‍ ഇന്ത്യന്‍ എയര്‍ഹോസ്റ്റസിന്റെ ആരോപണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇന്ത്യാ പര്യടനത്തിനിടയില്‍ ഹോട്ടല്‍ മുറിയില്‍ വെച്ച് അര്‍ജുന രണതുംഗ തന്റെ അരക്കെട്ടില്‍ ചുറ്റിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചതായി ആരോപിച്ചിരിക്കുന്നത്.

ലോകത്തുടനീളമായി പടര്‍ന്നു പിടിച്ചിരിക്കുന്ന മീ ടൂ ക്യാമ്പയിന്റെ ഭാഗമായി ക്രിക്കറ്റ് ലോകത്തു നിന്നുള്ള ആദ്യ ലൈംഗികാരോപണമാണ് പുറത്തു വന്നിരിക്കുന്നത്. താന്‍ നേരിട്ട അനേകം പീഡനാനുഭവങ്ങള്‍ക്കൊപ്പമാണ് അര്‍ജുന രണതുംഗയില്‍ നിന്നും നേരിട്ട ദുരനുഭവത്തെക്കുറിച്ചും യുവതി സൂചിപ്പിച്ചിരിക്കുന്നത്. ശ്രീലങ്കന്‍ ടീമിന്റെ ഇന്ത്യാ സന്ദര്‍ശന വേളയിലാണ് സംഭവം. ടീം താമസിക്കുന്ന മുംബൈയിലെ ഒരു ഹോട്ടലില്‍ വെച്ച് രണതുംഗ കയറിപ്പിടിച്ചെന്നും അരയ്ക്ക് ചുറ്റിപ്പിടിച്ച ശേഷം മാറിടത്തിനരികിലേക്ക് വിരലുകള്‍ കൊണ്ടുപോയെന്നും യുവതി പറയുന്നു.

തുടര്‍ന്ന് സഹായത്തിനായി ഹോട്ടല്‍ റിസപ്ഷനിലേക്ക് ഓടിയെന്നും എന്നാല്‍ ഇത് നിങ്ങളുടെ സ്വകാര്യ കാര്യമാണെന്ന് പറഞ്ഞ് ഹോട്ടല്‍ ജീവനക്കാര്‍ കൈയൊഴിയുകയായിരുന്നുവെന്നും യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 1996 ലോകകപ്പില്‍ ശ്രീലങ്കയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് രണതുംഗ. 93 ടെസ്റ്റില്‍ നിന്ന് 5105 റണ്‍സും 269 ഏകദിനങ്ങളില്‍ നിന്ന് 7456 റണ്‍സും രണതുംഗയുടെ പേരിലുണ്ട്.

യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഹോട്ടല്‍ ജുഹു സെന്ററിലെ എലിവേറ്ററില്‍ വെച്ച് ക്രിക്കറ്റ് ആരാധികയായ എന്റെ സഹപ്രവര്‍ത്തക ഇന്ത്യയുടേയും ശ്രീലങ്കയുടേയും താരങ്ങളെ കണ്ടു. തുടര്‍ന്ന് റൂമില്‍ പോയി ഓട്ടോഗ്രാഫ് വാങ്ങാമെന്ന് അവള്‍ പറഞ്ഞു. അവളുടെ സുരക്ഷ ആലോചിച്ച് ഞാനും കൂടെപ്പോകാന്‍ തീരുമാനിച്ചു. ഹോട്ടല്‍ റൂമിലെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് കഴിക്കാന്‍ മദ്യം തന്നു. ഞാന്‍ വേണ്ടെന്ന് പറഞ്ഞു. എനിക്ക് ആകെ പേടിയായി. കൈയില്‍ കരുതിയിരുന്ന വെള്ളക്കുപ്പിയും പിടിച്ച് ഞാന്‍ എന്തുചെയ്യണമെന്നറിയാതെ നിന്നു. അവര്‍ ഏഴു പേരുണ്ടായിരുന്നു. ഞങ്ങള്‍ രണ്ട് പേരും. റൂമിന്റെ വാതില്‍ അടച്ച് ചെയ്ന്‍ കൊണ്ട് ലോക്ക് ചെയ്തിരുന്നു. ഞാനാകെ വിയര്‍ക്കാന്‍ തുടങ്ങി. എത്രയും പെട്ടെന്ന് പുറത്തുകടക്കണമെന്ന് ഞാന്‍ അവളോട് പറഞ്ഞു.

എന്നാല്‍ ക്രിക്കറ്റ് ആരാധികയായ അവള്‍ താരങ്ങളെ കണ്ട് അന്തംവിട്ട് നില്‍ക്കുകയായിരുന്നു. അവിടെയുള്ള നീന്തല്‍ക്കുളത്തിന്റെ കരയിലൂടെ നടക്കാനുള്ള മാനസികാവസ്ഥയിലായിരുന്നു അവള്‍. രാത്രി ഏഴു മണിയായിക്കാണും. ഹോട്ടലിന്റെ പിറകിലുള്ള മങ്ങിയ വെളിച്ചമുള്ള, ശൂന്യമായ വഴിയായിരുന്നു അത്. ഞാന്‍ തിരിഞ്ഞുനോക്കിയപ്പോള്‍ അവളെ കണ്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെല്ലാം കാഴ്ച്ചക്ക് അപ്പുറവുമായിരുന്നു. പെട്ടെന്ന് രണതുംഗ എന്റെ അരയില്‍ കടന്നുപിടിച്ചു. എന്റെ മാറിടത്തിലേക്ക് കൈകള്‍ കൊണ്ടുവന്നു. ആകെ പേടിച്ചരണ്ട ഞാന്‍ നിലവിളിച്ചു. അയാളുടെ കാലിലും കാല്‍പാദത്തിലുമെല്ലാം എനിക്ക് കഴിയുംവിധം ചവിട്ടി വേദനിപ്പിച്ചു.

ഇതിന്റെ അനന്തരഫലം വളരെ വലുതായിരിക്കുമെന്നും നിങ്ങളുടെ പാസ്പോര്‍ട്ട് റദ്ദാക്കുമെന്നും ഞാന്‍ ഭീഷണിപ്പെടുത്തി. ഒരു ശ്രീലങ്കക്കാരന്‍ ഇന്ത്യക്കാരിയോട് അപമര്യാദയായി പെരുമാറുകയാണെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും ഞാന്‍ ഓര്‍മിപ്പിച്ചു. കിട്ടിയ അവസരത്തില്‍ അയാളെ തള്ളിയിട്ട് ഒട്ടും സമയം കളയാതെ ഞാന്‍ റിസപ്ഷനിലേക്ക് ഓടി. എന്നാല്‍ ‘ഇത് നിങ്ങളുടെ സ്വകാര്യ കാര്യമല്ലേ’ എന്നായിരുന്നു റിസപ്ഷനിസ്റ്റിന്റെ മറുപടി. അവരെന്ന സഹായിച്ചതുമില്ല. യുവതി ഫേസ്ബുക്കില്‍ എഴുതുന്നു. മീടു ക്യാമ്പയ്ന്‍ ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഒരു ക്രിക്കറ്റ് താരം ആരോപണത്തില്‍ കുടുങ്ങുന്നത്.

Related posts