മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ഇത്തവണത്തെ മത്സരക്രമം അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്, ഐഎസ്എല്‍ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം.
ഐഎസ്എല്‍ നടത്തിപ്പിന് ക്ലബുകള്‍ ഒരു കോടി രൂപ പങ്കാളിത്ത ഫീ നല്‍കണമെന്നും എഐഎഫ്എഫ് അറിയിച്ചു. സംപ്രേഷണ, റഫറീയിംഗ് ചെലവുകള്‍ എഐഎഫ്എഫ് വഹിക്കും. രണ്ടോ മൂന്നോ വേദികളിലായി മത്സരങ്ങള്‍ സംഘടിപ്പിക്കാനാണ് ധാരണ.
ഫെബ്രുവരിയില്‍ ലീഗ് തുടങ്ങാനാണ് ആലോചന. എന്നാല്‍ പ്രധാന താരങ്ങളെല്ലാം ക്ലബ് വിടുന്നതില്‍ ആരാധകര്‍ നിരാശരാണ്. ടെണ്ടര്‍ വിളിച്ചെങ്കിലും പുതിയ സ്പോണ്‍സറെ കിട്ടാത്തതിനാല്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും ക്ലബുകളും ചേര്‍ന്നാണ് ഈ സീസണില്‍ ലീഗ് നടത്തുക.
ലീഗിനെ സംബന്ധിച്ച അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സ് ഉള്‍പ്പെടെ 13 ക്ലബ്ബുകളും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് വീണ്ടും കത്ത് നല്‍കിയെങ്കിലും ഫെഡറേഷന്റെ ഭാഗത്തു നിന്ന് അനുകൂല മറുപടിയല്ല ലഭിച്ചത്.
ഐഎസ്എല്‍ നടത്താന്‍ ക്ലബ്ബുകള്‍ തന്നെ പണം കണ്ടെത്തണമെന്ന സൂചനയാണ് കായികമന്ത്രാലയവും നല്‍കിയിരുന്നത്. ഇതിനെ തുടര്‍ന്നാണ് പുതിയ രീതിയില്‍ ഐഎസ്എല്‍ നടത്താന്‍ തീരുമാനമായത്.
