വാഷിംഗ്ടൺ ഡിസി: ഇറാന് 300 ബില്യൺ ഡോളറിന്റെ പുനർനിർമാണ ഫണ്ട് നൽകുന്നുവെന്ന വാർത്ത നിഷേധിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. അമേരിക്ക നേരിട്ടു പണം നൽകുകയല്ല ചെയ്യുന്നതെന്നും, മറിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിലെ വ്യവസ്ഥകൾ ഇറാൻ കൃത്യമായി പാലിച്ചാൽ മറ്റു രാജ്യങ്ങൾക്ക് അവിടെ നിക്ഷേപം നടത്താനുള്ള അനുമതി നൽകുക മാത്രമാണ് യുഎസിന്റെ പദ്ധതിയെന്നും വാൻസ് വ്യക്തമാക്കി.
ട്രംപ് ഭരണകൂടം മുൻകൈയെടുത്ത് രൂപീകരിച്ച സമാധാന കരാറിന്റെ ഭാഗമായി ഇറാന് വൻതോതിൽ സാമ്പത്തിക സഹായം ലഭിക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു യുഎസ് വൈസ് പ്രസിഡന്റ്.
“ഇറാൻ തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്താൻ തയാറായാൽ മാത്രമേ മറ്റ് രാജ്യങ്ങളെ അവിടെ നിക്ഷേപം നടത്താൻ അനുവദിക്കുക. യുഎസ് നേരിട്ട് ഇറാന് പണം നൽകുന്നു എന്ന വാദം തെറ്റാണ്.’ വാൻസ് വ്യക്തമാക്കി.
യുഎഇ പോലുള്ള സഖ്യകക്ഷികൾക്ക് ഇറാനിലെ ആണവനിലയങ്ങളിലോ മറ്റു പദ്ധതികളിലോ നിക്ഷേപം നടത്തണമെങ്കിൽ നിലവിലുള്ള ആഗോള സാമ്പത്തിക ഉപരോധങ്ങളിൽ ഇളവു വരുത്തേണ്ടതുണ്ട്. ഇറാൻ അനുകൂല നിലപാടു സ്വീകരിച്ചാൽ മാത്രമേ ഈ ഉപരോധങ്ങൾ നീക്കുകയുള്ളുവെന്നും വാൻസ് കൂട്ടിച്ചേർത്തു.
ഇറാനിൽ നിക്ഷേപം ആകർഷിക്കുന്നതിനായി 300 ബില്യൺ ഡോളറിന്റെ സ്വകാര്യ ഫണ്ട് രൂപീകരിക്കുന്ന കാര്യം യുഎസ്-ഇറാൻ കരാറിൽ വിഭാവനം ചെയ്യുന്നതായി പ്രമുഖ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ പകുതിയിലധികം തുക വിവിധ കമ്പനികൾ ഇതിനകം തന്നെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
ഇതു പൂർണമായും സ്വകാര്യ നിക്ഷേപ സംവിധാനമാണ്. ഇതിൽ സർക്കാർ ഫണ്ടുകളോ ഗ്രാന്റുകളോ ഉൾപ്പെടുന്നില്ല. യുഎസ്, ഗൾഫ് രാജ്യങ്ങൾ, ഏഷ്യ, തെക്കേ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലെ സ്വകാര്യ കമ്പനികളാണ് നിക്ഷേപത്തിനു തയാറായിട്ടുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.
യുദ്ധത്തിൽ തകർന്ന റിഫൈനറികൾ, വിമാനത്താവളങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമാണത്തിനായി പ്രാദേശിക രാജ്യങ്ങളിൽനിന്നു വായ്പയായോ, നേരിട്ടുള്ള നിക്ഷേപമായോ തുക ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഫെബ്രുവരി 28-ന് യുഎസ്-ഇസ്രായേൽ സഖ്യം ഇറാനിൽ നടത്തിയ ആക്രമണത്തെത്തുടർന്ന് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനും, ഹോർമുസ് കടലിടുക്ക് വഴിയുള്ള എണ്ണ-വാതക ഗതാഗതം പുനരാരംഭിക്കാനും ധാരണയായിരുന്നു. യുദ്ധനഷ്ടപരിഹാരമായി 400 ബില്യൺ ഡോളർ വേണമെന്ന ഇറാന്റെ ആവശ്യം യുഎസ് തള്ളിയിരുന്നു.
ഉപരോധങ്ങൾ കാരണം പതിറ്റാണ്ടുകളായി വിദേശ നിക്ഷേപം ലഭിക്കാതിരുന്ന ഇറാന് കരാർ വലിയൊരു സാമ്പത്തിക ഉത്തേജനമാകും. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ പ്രകൃതിവാതക ശേഖരവും നാലാമത്തെ എണ്ണശേഖരവുമുള്ള രാജ്യമാണ് ഇറാൻ.
