ഞാനിടയ്ക്ക് വരും, പോകും, എന്നെ ആരും ടാറ്റാ തന്ന് പറഞ്ഞു വിടേണ്ട! തന്റെ തിരിച്ചു വരവിനെക്കുറിച്ച് സ്വയം ട്രോളുമായി ജഗതി ശ്രീകുമാര്‍; വീഡിയോ

അപ്രതീക്ഷിതമായി സിനിമാ ലോകത്തു നിന്ന് വിട പറഞ്ഞ ജഗതി ശ്രീകുമാര്‍ തിരിച്ചു വരുന്നു എന്ന വാര്‍ത്ത അത്യാഹ്ലാദത്തോടെയാണ് മലയാളികള്‍ കേട്ടത്. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ജഗതി തിരിച്ചു വരുന്നു എന്നത് ആകാംക്ഷയോടെയാണ് കേരളം കേട്ടത്. തൃശൂരിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ പരസ്യചിത്രത്തിലൂടെയാണ് ജഗതി കാമറയ്ക്ക് മുന്നിലേയ്ക്ക് എത്തുന്നത്.

ജഗതി ശ്രീകുമാറിന്റെ മകന്‍ രാജ്കുമാറാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോള്‍ തന്റെ തിരിച്ചുവരവ് ട്രോളാക്കി മാറ്റിയിരിക്കുകയാണ് ജഗതി തന്നെ. താന്‍ അഭിനയിച്ച ഛോട്ടാ മുംബൈ എന്ന സിനിമയിലെ ഒരു രംഗം ഫേസ്ബുക്കില്‍ പങ്കുവച്ചുകൊണ്ടാണ് തന്റെ തിരിച്ചുവരവിനെ ജഗതി ട്രോളാക്കി മാറ്റിയത്.

ഞാനിടയ്ക്ക് പോകും, വരും. എന്നെ ആരും ടാറ്റാ തന്ന് പറഞ്ഞ് വിടേണ്ട- ചിത്രത്തില്‍ ജഗതിയുടെ കഥാപാത്രമായ പടക്കം ബഷീര്‍ നാരായണന്‍കുട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തോട് പറയുന്ന രംഗമാണ് വീഡിയോയിലുള്ളത്. ജഗതിയുടെ ഈ സെല്‍ഫ് ട്രോളിനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് ജഗതി വീണ്ടും അഭിനയിക്കാന്‍ എത്തുന്നത്. 2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത് നടന്ന വാഹനാപകടത്തിന്റെ രൂപത്തില്‍ വന്ന ദുരന്തമാണ് ജഗതിയെ സിനിമയില്‍ നിന്ന് അകറ്റിയത്.

Related posts