ദുബായില്‍ യുവാവിനെ ദിലീപ് അപകടത്തില്‍ നിന്ന് രക്ഷിച്ച കഥ ഓര്‍മ്മയുണ്ടോ! രക്ഷകന്റെ റോളിലെത്തിയ ദിലീപ് തന്റെ ജീവിതത്തില്‍ വില്ലനായെന്ന വെളിപ്പെടുത്തലുമായി പ്രവാസി മലയാളിയായ യുവാവ്

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് ജയിലില്‍ കഴിയുമ്പോള്‍ ഇതെല്ലാം കണ്ട് നെടുവീര്‍പ്പിടുന്ന ഒരു യുവാവുണ്ട്. ദിലീപ് കാരണം ജീവിതം തിരിച്ചുകിട്ടുകയും ദിലീപ് കാരണം ജീവിതം കഷ്ടത്തിലാവുകയും ചെയ്ത ജാസിര്‍ എന്ന യുവാവ്. ദിലീപിനെ നേരിട്ട് കണ്ടിരുന്നെങ്കില്‍ കുറേ ചോദ്യങ്ങള്‍ ചോദിക്കാനുണ്ടായിരുന്നു എനിക്ക്. എന്തിനായിരുന്നു പ്രതിമാസം ആയിരത്തോളം ദിര്‍ഹം ടിപ്‌സ് അടക്കം നാലായിരത്തോളം ദിര്‍ഹം സമ്പാദിക്കാന്‍ സാധിച്ചിരുന്ന ജോലി രാജിവയ്പിച്ചത്. എന്തിനായിരുന്നു കുറഞ്ഞ ശമ്പളത്തിനുള്ള ജോലിയില്‍ കയറ്റി കഷ്ടപ്പാടിലാക്കിയത്. എന്തുകൊണ്ടാണ് തന്റെ ഫോണ്‍ കോളുകള്‍ക്ക് പോലും മറുപടി നല്‍കാത്തത്. ഇതിന് മറുപടി പറയാന്‍ ദിലീപും ദുബൈയിലെ സുഹൃത്തും ബാധ്യസ്ഥരാണ്’-കോഴിക്കോട് വടകര പള്ളിത്തായ സ്വദേശി ജാസിര്‍ തന്റെ വേദന വാക്കുകളിലൂടെ പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്. ഒരു വര്‍ഷം മുമ്പ് സംഭവിച്ച ഒരു അപകടത്തില്‍ നിന്ന് തന്നെ രക്ഷിച്ച ദിലീപും അദ്ദേഹത്തിന്റെ സുഹൃത്തും തന്നെ വഴിയാധാരമാക്കിയെന്നാണ് യുവാവ് പറയുന്നത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ദുബൈ മുഹൈസിന മൂന്നിലെ കഫ്റ്റീരിയയില്‍ ഡെലിവറി ബോയിയുടെ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. ഒരു ദിവസം ഡെലിവറി കഴിഞ്ഞ് മടങ്ങുമ്പോള്‍, ജാസിറിന്റെ ബൈക്കില്‍ ഒരു ഫോര്‍ വീലറിടിച്ചു നിര്‍ത്താതെ പോയി. റോഡരികിലേയ്ക്ക് തെറിച്ചുവീണ ജാസിറിന്റെ കാലിന് പരുക്കേറ്റു. എണീറ്റ് നില്‍ക്കാനാകാതെ വഴിയരികില്‍ കിടന്ന ജാസിറിനെ അതുവഴി വാഹനത്തില്‍ വരികയായിരുന്ന ദിലീപും സുഹൃത്തും ചേര്‍ന്ന് എണീപ്പിച്ചു തങ്ങളുടെ വാഹനത്തിലിരുത്തി. തുടര്‍ന്ന് പൊലീസെത്തി ജാസിറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത് വലിയ വാര്‍ത്തയായി. മലയാളി യുവാവിനെ രക്ഷിച്ച ദിലീപ് താരവുമായി. ദിലീപ് വാഹനാപകടത്തില്‍പ്പെട്ട മലയാളി യുവാവിനെ രക്ഷിച്ചു എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത വളരെ പെട്ടെന്ന് വൈറലായി. പ്രവാസി മലയാളികളും മറ്റും അദ്ദേഹത്തെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയും മനുഷ്യത്വപരമായ ആ പ്രവര്‍ത്തിയെ പ്രകീര്‍ത്തിക്കുകയും ചെയ്തു. മാധ്യമങ്ങളോടു സംസാരിക്കുമ്പോള്‍ ദിലീപാണ് എല്ലാ സഹായവും ചെയ്തതെന്നും ഇഷ്ടനായകന്‍ അദ്ദേഹമാണെന്നു പറയണമെന്നും നിര്‍ദ്ദേശം ലഭിച്ചു. യഥാര്‍ഥത്തില്‍ മമ്മൂട്ടിയായിരുന്നു ജാസിറിന്റെ ഇഷ്ടനടന്‍.

രണ്ട് ദിവസം കഴിഞ്ഞ് നടനും സംവിധായകനുമായ ദിലീപിന്റെ സുഹൃത്ത് നാദിര്‍ഷ ജാസിറിനെ വന്നു കണ്ട് കാര്യങ്ങള്‍ അന്വേഷിച്ചു. സിദ്ദീഖ് സംവിധാനം ചെയ്ത കിങ് ലയര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ദുബൈയില്‍ നടക്കുന്ന സമയമായിരുന്നു അത്. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ചതിനോടനുബന്ധിച്ച് ജുമൈറയില്‍ നടത്തിയ പാര്‍ട്ടിയിലേയ്ക്ക് ജാസിറിനെ ക്ഷണിച്ചു. ”അന്ന് എന്റെ കുടുംബകാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ദിലീപ്, എന്നോട് കഫ്റ്റീരിയയിലെ ഡെലിവറി ബോയിയുടെ ജോലി ഉപേക്ഷിക്കാന്‍ പറഞ്ഞു. കൂടുതല്‍ ശമ്പളം ലഭിക്കുന്ന മെച്ചപ്പെട്ട ജോലി തന്റെ സ്‌പോണ്‍സറുടെ കമ്പനിയില്‍ ശരിയാക്കിത്തരാമെന്നും ഏറ്റു. ഇതേ തുടര്‍ന്ന് ഞാന്‍ ജോലി വിടാന്‍ തീരുമാനിച്ചു. നാട്ടിലേയ്ക്ക് വിളിച്ച് ഉമ്മയോടും സഹോദരിമാരോടും കാര്യങ്ങള്‍ പറഞ്ഞു. നമുക്ക് നല്ല കാലം വരാന്‍ പോകുന്നുവെന്നും നടന്‍ ദിലീപ് നമ്മളെ രക്ഷപ്പെടുത്തുമെന്നും പറഞ്ഞപ്പോള്‍ അവരെല്ലാം അദ്ദേഹത്തിന്റെ നല്ല മനസ്സിനെ പ്രകീര്‍ത്തിച്ചു പലരും അരുതെന്ന് പറഞ്ഞിട്ടും ജോലി വിട്ടു, വീസ റദ്ദാക്കി നാട്ടിലേയ്ക്ക് പോയി. എന്നാല്‍, നാട്ടിലെത്തി മൂന്ന് മാസം കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിച്ചില്ല. ദിലീപിന്റെ മൊബൈല്‍ ഫോണ്‍ സംഘടിപ്പിച്ച് വിളിച്ചെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല. തുടര്‍ന്ന് സുഹൃത്തിനോടൊപ്പം എറണാകുളത്തേയ്ക്ക് പോയി ദിലീപിന്റെ ‘ദേ പുട്ടി’ ല്‍ ചെന്നു അന്വേഷിച്ചു.

അവിടെ നിന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ നമ്പര്‍ ലഭിച്ചു. അതില്‍ വിളിച്ചപ്പോള്‍, വിഷമിക്കേണ്ടെന്നും ദിലീപിനോട് കാര്യം പറഞ്ഞ് എല്ലാം ശരിയാക്കാമെന്നും അറിയിച്ചു. ഇതോടെ സന്തോഷത്തോടെ വടകരയിലേയ്ക്ക് മടങ്ങി. വീണ്ടും കാത്തിരിപ്പ്. ഒടുവില്‍ അജ്മാന്‍ ഫ്രീ സോണിലെ സ്‌പോണ്‍സറുടെ കമ്പനിയില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ലഭിച്ചു. പക്ഷേ, മാസം 1500 ദിര്‍ഹമായിരുന്നു ശമ്പളം. താമസ സ്ഥലം ലഭിക്കുമെങ്കിലും ഭക്ഷണച്ചെലവ് ഈ തുകയില്‍ നിന്ന് കണ്ടെത്തണമായിരുന്നു. മാസം നാലായിരത്തോളം ദിര്‍ഹം ലഭിക്കുന്ന ജോലി കളഞ്ഞെത്തിയ എനിക്ക് എല്ലാ മാസവും ബാക്കിയാകുക 1000 ദിര്‍ഹം മാത്രം. ഡ്രൈവിങ് ലൈസന്‍സ് എടുത്തു തരാമെന്ന് പറഞ്ഞിരുന്നെങ്കിലും കമ്പനിയധികൃതര്‍ ഒഴിഞ്ഞുമാറി. സ്‌പോണ്‍സറോട് വിഷമം പറയാന്‍ ശ്രമിച്ചെങ്കിലും കാണാന്‍ പോലും സാധിച്ചില്ല. തുടര്‍ന്ന് കാര്യം പന്തിയല്ലെന്ന് കണ്ട് പത്ത് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് മടങ്ങി.

ഇതോടെ ബന്ധുക്കളും നാട്ടുകാരുമൊക്കെ കളിയാക്കാന്‍ തുടങ്ങി. എങ്ങനെയെങ്കിലും വീണ്ടും ദുബൈയിലെത്തി പഴയ ജോലി തിരികെ ലഭിക്കണമെന്നായി ചിന്ത. സഹോദരിയുടെ വിവാഹം അടുത്തു വരുന്നതിനാല്‍ കുറേയേറെ പണം അത്യാവശ്യമായിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ സന്ദര്‍ശക വീസയില്‍ മൂന്ന് മാസം മുന്‍പ് ദുബൈയിലെത്തി. പഴയ ജോലി ലഭിച്ചില്ല. റാഷിദിയ്യയിലെ ഒരു കഫ്റ്റീരയയിലാണ് ഇപ്പോള്‍ ജോലി ചെയ്യുന്നത്. എന്നാല്‍, പണ്ട് കിട്ടിയിരുന്നത്ര വരുമാനം ഇപ്പോള്‍ എത്ര പരിശ്രമിച്ചിട്ടും സാധ്യമാകുന്നില്ല. അന്നത്തെ ജോലിയില്‍ നിന്ന് സമ്പാദിച്ച പണം കൊണ്ട് നാട്ടില്‍ നാല് സെന്റ് സ്ഥലം വാങ്ങിയിരുന്നു. ആ ജോലി തുടര്‍ന്നിരുന്നെങ്കില്‍ അവിടെ ഒരു വീട് വയ്ക്കാന്‍ കഴിയുമായിരുന്നു. സഹോദരിയുടെ വിവാഹം ഭംഗിയായി നടത്താമായിരുന്നു. എന്തിനാണ് ദിലീപ് തന്റെ ഇമേജ് വര്‍ധിപ്പിക്കാന്‍ വേണ്ടി എന്നെപ്പോലെ ഒരു സാധാരണക്കാരനെ പറഞ്ഞു പറ്റിച്ചത്? എന്തിനായിരുന്നു എന്റെ വിലയേറിയ ഒരു വര്‍ഷം നഷ്ടപ്പെടുത്തിയത്? ജാസിര്‍ ചോദിക്കുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും തനിക്ക് ആരോടും ദേഷ്യമോ പരിഭവമോ ഇല്ലെന്നും ആരെയും ശപിക്കാനോ പഴിക്കാനോ ഇല്ലെന്നുമാണ് ജാസിര്‍ പറയുന്നത്.

 

Related posts