കൊച്ചി: അങ്കമാലിയില്‍ കോളജ് വിദ്യാര്‍ഥിനിയായ ജാസ്ലിയ ജോണ്‍സണിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ അങ്കമാലി പോലീസിന് ക്ലീന്‍ ചിറ്റ്. പ്രതി ഡോ. സിറിയക് ജോര്‍ജിനെ പിടികൂടുന്നതില്‍ അങ്കമാലി പോലീസ് വീഴ്ചവരുത്തിയിട്ടില്ലെന്നാണ് ആലുവ ഡിവൈഎസ്എപിയുടെ റിപ്പോര്‍ട്ട്.
നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചെന്നും പ്രതി രക്ഷപ്പെട്ടത് പോലീസിന്റെ കണ്ണ് വെട്ടിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസിനെതിരെ ജാസ്ലിയയുടെ കുടുംബം രംഗത്തെത്തിയിരുന്നു. പ്രതിയെ പിടികൂടുന്നതില്‍ പോലീസ് അലംഭാവം കാണിച്ചെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. തുടര്‍ന്നാണ് കുടുംബത്തിന്റെ പരാതി അന്വേഷിക്കാന്‍ ആലുവ ഡിവൈഎസ്എപിയെ ചുമതലപ്പെടുത്തിയത്.
ഇക്കഴിഞ്ഞ ആറിനാണ് പ്രതി ഡോ. സിറിയക്കിനെ വാഗമണ്ണിലെ റിസോര്‍ട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ തിരിച്ചറിയാതിരിക്കാന്‍ രൂപമാറ്റം വരുത്തിയിരുന്നു. വാഗമണ്ണിലെ റിസോര്‍ട്ടില്‍ എത്തിച്ചത് ബന്ധുവാണെന്നായിരുന്നു ഇയാള്‍ പോലീസിനെ അറിയിച്ചത്.
പ്രതിയുടെ പിതാവായ അതിരമ്പുഴ സ്വദേശി ജോര്‍ജ് പി. മാത്യുവിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ഡോ. സിറിയകിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനായിരുന്നു അറസ്റ്റ്. ജോര്‍ജ് പി. മാത്യുവിന് അറസ്റ്റ് ചെയ്ത അന്ന് തന്നെ ജാമ്യം ലഭിച്ചിരുന്നു.
പ്രതിക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും
പ്രതി ഡോ. സിറിയക്കിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യുന്നതിനായി പോലീസ് ഇന്ന് അപേക്ഷ നല്‍കും. അതേസമയം പ്രതി ലഹരി ഉപയോഗിച്ചിരുന്നോ എന്ന സംശയത്തിലാണ് അന്വേഷണ സംഘം. പ്രതിയുടെ നഖത്തിന്റേയും മുടിയുടെയും അടക്കം സാമ്പിളുകള്‍ പരിശോധനയ്ക്ക് അയിച്ചിട്ടുണ്ട്.
അങ്കമാലി മോര്‍ണിംഗ് സ്റ്റാര്‍ കോളജിലെ രണ്ടാംവര്‍ഷ ബികോം വിദ്യാര്‍ഥിനിയും വൈപ്പിന്‍ എടവനക്കാട് സ്വദേശിയുമായ ജാസ്ലിയ ജോണ്‍സണിനെ ഫെബ്രുവരി 28നായിരുന്നു പാര്‍ട്ട് ടൈം ജോലി കഴിഞ്ഞുമടങ്ങുന്നതിനിടെ ഡോ. സിറിയക് ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചത്.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജാസ്ലിയയ്ക്ക് ചികിത്സയിലിരിക്കെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. അവയവങ്ങള്‍ ദാനം ചെയ്തിരുന്നു.ജാസ്ലിയ പഠനത്തോടൊപ്പം സ്പോര്‍ട്സിലും മികവ് പുലര്‍ത്തിയിരുന്നു. പാര്‍ട്ട്ടൈമായി ജോലി ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. അങ്കമാലിയിലെ പിസാ വില്പന ശാലയിലായിരുന്നു ജോലി. കോളജ് ഹോസ്റ്റലിലായിരുന്നു താമസം.
