ജസീക്കയെ കൊന്നത് ഇന്‍സുലിന്‍ കുത്തിവെച്ച്, പ്ലാസ്റ്റിക് കൂട് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച്, സ്വവര്‍ഗാനുരാഗിയായ ഭര്‍ത്താവ് ക്രൂരകൊലപാതകം നടത്തിയത് കൂട്ടുകാരനൊപ്പം ജീവിക്കാന്‍

ഇന്ത്യന്‍ വംശജയായ ഫാര്‍മസിസ്റ്റ് ബ്രിട്ടനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. ജസീക്ക പട്ടേല്‍ എന്ന മുപ്പത്തിനാലുകാരിയെ ഭര്‍ത്താവ് മിതേഷ് പട്ടേല്‍, ഇന്‍സുലില്‍ കുത്തിവച്ച ശേഷം പ്ലാസ്റ്റിക് കൂട് ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊന്നതാണെന്നാണ് കണ്ടെത്തല്‍. മിതേഷിനുളള ശിക്ഷ അടുത്ത ദിവസം പ്രഖ്യാപിക്കും.

മാഞ്ചസ്റ്ററില്‍ പഠനത്തിനിടെ കണ്ടുമുട്ടി പ്രണയവിവാഹിതരായ ഇരുവരും ഒന്നിച്ച് വടക്കന്‍ ഇംഗ്ലണ്ടിലെ മിഡില്‍സ്ബറോയില്‍ ഫാര്‍മസി നടത്തുകയായിരുന്നു. കഴിഞ്ഞ മാസമാണ് കേസില്‍ കോടതി വാദം കേട്ടു തുടങ്ങിയത്. സ്വവര്‍ഗാനുരാഗിയായിരുന്ന മിതേഷ് ഡേറ്റിങ് ആപ്പിലൂടെ കണ്ടെത്തിയ കൂട്ടുകാരന്‍ ഡോ. അമിത് പട്ടേലിനൊപ്പം പുതുജീവിതം തുടങ്ങുന്നതിനാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും ജൂറി വ്യക്തമാക്കി.

മിഡില്‍സ്ബറോയിലെ വീട്ടിലാണ് ഈ വര്‍ഷം മേയ് 14 ന് ഫാര്‍മസിസ്റ്റായ ജസീക്കയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പങ്കില്ലെന്നും വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ഭാര്യയെ പരുക്കേറ്റ നിലയില്‍ കണ്ടെത്തിയതെന്നും മിതേഷ് ആദ്യം വാദിച്ചെങ്കിലും തുടര്‍ അന്വേഷണത്തില്‍ അറസ്റ്റിലാവുകയായിരുന്നു. ജസീക്കയുടെ മരണത്തിനു ശേഷം രണ്ടു ദശലക്ഷം പൗണ്ടിന്റെ ഇന്‍ഷുറന്‍സ് തുക കൈക്കലാക്കി കൂട്ടുകാരനൊപ്പം ഓസ്‌ട്രേലിയയിലേക്കു കടക്കാനായിരുന്നു മിതേഷിന്റെ പദ്ധതിയെന്നു കോടതി കണ്ടെത്തി.

Related posts