കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് മോദിയെ സ്തുതിക്കാമെന്ന് ആരും കരുതേണ്ട ! അത്തരക്കാര്‍ക്ക് ബിജെപിയിലേക്ക് പോകാം; തരൂരിനെതിരേ തുറന്നടിച്ച് മുരളീധരന്‍…

മോദിയെ സ്തുതിക്കേണ്ടവര്‍ക്ക് ബിജെപിയിലേക്ക് പോകാമെന്ന് കെ.മുരളീധരന്‍ എംപി. ഇത്തരം നിലപാടുകള്‍ കാണുമ്പോള്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്തുപറ്റി എന്ന് അദ്ഭുതപ്പെടുകയാണ്. കര്‍ശന നടപടി ആവശ്യപ്പെടും. ശശി തരൂരിന്റെ മോദി അനുകൂല പ്രസ്താവനയെക്കുറിച്ച് കെപിസിസി പ്രസിഡന്റിന് ഒരുപക്ഷേ പഠിച്ചിട്ടേ പറയാന്‍ കഴിയൂ എന്നുണ്ടാവാം. പാര്‍ലമെന്റിലിരുന്ന് നേരിട്ടു കേട്ട തനിക്ക് അതിന്റെ ആവശ്യമില്ല.

മോദി വിരുദ്ധ പ്രചാരണം നടത്തിയാണ് തിരുവനന്തപുരത്ത് ഉള്‍പ്പെടെ ജയിച്ചത്. യുപിഎ ഭരിച്ച പത്തുവര്‍ഷവും ബിജെപിക്കാര്‍ മന്‍മോഹന്‍സിംഗിനെപ്പോലും വ്യക്തിപരമായി ആക്രമിക്കുകയായിരുന്നെന്ന് ഓര്‍ക്കണം. ഒഴിവുള്ള എല്ലാ നിയമസഭാ സീറ്റിലും സെപ്റ്റംബര്‍ 23നുതന്നെ ഉപതിരഞ്ഞെടുപ്പ് നടത്തണം. ഇതിനായി തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കും. മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പ് വൈകുന്നതിനു കാരണം ബിജെപിയാണെന്നും മുരളീധരന്‍ ആരോപിച്ചു. മോദിയെ മഹത്വവല്‍ക്കരിക്കല്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഉത്തരവാദിത്തമല്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ തിരുവനന്തപുരത്ത് പറഞ്ഞു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണമാതൃകയെ അന്ധമായി എതിര്‍ക്കുന്നതു ഗുണം ചെയ്യില്ലെന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശിന്റെ പരാമര്‍ശം ശരിവച്ച് എംപിമാരായ ശശി തരൂരും അഭിഷേക് സിങ്‌വിയും രംഗത്തെത്തിയതാണ് വാക്‌പോരിനു തുടക്കമിട്ടത്. ജയറാം രമേശിനെ എതിര്‍ത്തും നേതാക്കള്‍ രംഗത്തുവന്നതോടെ പാര്‍ട്ടിക്കുള്ളിലെ പോരു മുറുകുകയായിരുന്നു.

മോദിയെ എപ്പോഴും കുറ്റപ്പെടുത്തുന്നതു ഗുണം ചെയ്യില്ലെന്നും അദ്ദേഹത്തിന്റെ ഭരണമാതൃക പൂര്‍ണമായും മോശമല്ലെന്നും കഴിഞ്ഞ ദിവസം പുസ്തകപ്രകാശന ചടങ്ങില്‍ ജയറാം രമേശ് നടത്തിയ പരാമര്‍ശമാണു വിവാദമായത്. പാചകവാതക വിതരണ പദ്ധതി (ഉജ്വല) മോദി സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കിയതിലേക്കും അദ്ദേഹം വിരല്‍ചൂണ്ടി. പരാമര്‍ശത്തില്‍ നിന്നു കോണ്‍ഗ്രസ് അകലം പാലിച്ചപ്പോള്‍, അതിനെ അനുകൂലിച്ച് തരൂരും സിങ്വിയും ട്വിറ്ററില്‍ കുറിപ്പിട്ടു.

ജയറാം രമേശ് എന്ന ഹാഷ്ടാഗ് കൂടി ട്വീറ്റില്‍ ചേര്‍ത്ത സിങ്‌വി, ജയറാമിനുള്ള പൂര്‍ണ പിന്തുണ വ്യക്തമാക്കി. എന്നാല്‍, നേതാക്കളുടെ പരാമര്‍ശങ്ങള്‍ക്കുള്ള പ്രതികരണം അവരോടു തന്നെ ചോദിക്കണമെന്നും രാജ്യത്തെ സമ്പദ്വ്യവസ്ഥ തകര്‍ന്നടിയുന്നതിനു വഴിയൊരുക്കിയ സര്‍ക്കാരാണു നിലവിലുള്ളതെന്നും കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി വ്യക്തമാക്കി. ”മോദിയെ ദുഷ്ടനായി എപ്പോഴും ചിത്രീകരിക്കുന്നതു തെറ്റാണ്. അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. വ്യക്തിയെ നോക്കിയല്ല, വിഷയത്തിന്റെ അടിസ്ഥാനത്തിലാവണം അവയെ വിലയിരുത്തേണ്ടത്. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങളിലൊന്നാണ് ഉജ്വല പദ്ധതി”. ഇങ്ങനെയായിരുന്നു തരൂരിന്റെ വാക്കുകള്‍.

Related posts