ഒരു തെരുവുഗുണ്ടയില്‍ നിന്നാണ് ഇത്തരം പദപ്രയോഗങ്ങള്‍ ഉണ്ടാകുന്നത് ! മുഖ്യമന്ത്രിയ്ക്ക് ചേരുന്ന പദപ്രയോഗങ്ങളല്ല ഇത്‌ ; പിണറായിയുടെ ‘ഡാഷ്’ പ്രയോഗത്തിനെതിരേ തുറന്നടിച്ച് കെ സുധാകരന്‍

കോണ്‍ഗ്രസുകാരെ ‘ഡാഷ്’ എന്ന് വിശേഷിപ്പിച്ച പിണറായി വിജയന് ചുട്ടമറുപടിയുമായി കണ്ണൂര്‍ എംപി കെ സുധാകരന്‍. പിണറായി വിജയന്‍ അവനവനെ വിളിക്കേണ്ട പേരാണ് ‘ഡാഷ്’ എന്ന് കെ സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു. ഒരു തെരുവ് ഗുണ്ടയില്‍ നിന്നാണ് ഇത്തരം പ്രയോഗങ്ങള്‍ ഉണ്ടാകുന്നത്. മുഖ്യമന്ത്രി പദവിക്ക് ചേരുന്ന പദപ്രയോഗങ്ങളല്ല പിണറായി വിജയന് ഉള്ളതെന്നും സുധാകരന്‍ വ്യക്തമാക്കി. ബിജെപിയിലേക്ക് പോയ കോണ്‍ഗ്രസുകാരെ പരിഹസിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ‘ഡാഷ്’ പരാമര്‍ശം നടത്തിയത്.

കോണ്‍ഗ്രസുകാരെ വിശ്വസിക്കാന്‍ പറ്റില്ലെന്ന് സിപിഎം പണ്ടേ പറയുന്നതാണ്. അതിനുള്ള തെളിവാണിപ്പോള്‍ നടക്കുന്നത്. എപ്പോഴാണ് കോണ്‍ഗ്രസുകാര്‍ പാര്‍ട്ടി മാറിപ്പോവുക എന്ന് പറയാന്‍ പറ്റില്ലെന്നായിരുന്നു പിണറായിയുടെ പ്രതികരണം.ബിജെപി ഒഴുക്കുന്ന പണത്തിന് കയ്യും കണക്കുമില്ല. ”പ്ലാവില കാണിച്ചാല്‍ നാക്ക് നീട്ടിപ്പോകുന്ന ആട്ടിന്‍കുട്ടിയെപ്പോലെ കുറേ…..(ഡാഷ്) പറയാന്‍ വേറെ വാക്കുണ്ട്, പക്ഷേ പറയുന്നില്ല. തല്‍ക്കാലം ഡാഷ് എന്ന് കണക്കാക്കിയാല്‍ മതി”, എന്നായിരുന്നു പിണറായി പറഞ്ഞത്. ആ പ്രസ്താവനയ്ക്കാണ് കെ. സുധാകരന്‍ ഇപ്പോള്‍ മറുപടി പറഞ്ഞിരിക്കുന്നത്.

Related posts