പേരൂര്‍ക്കട: സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ കവടിയാര്‍ കൊട്ടാരത്തിലെ രാജകുടുംബാംഗങ്ങള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നു ഉന്നത പോലീസ് വൃത്തങ്ങള്‍.
കൊട്ടാരവുമായി ബന്ധപ്പെട്ടു നില്ക്കുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകള്‍ പോലീസ് പരിശോധിച്ചതിനു തൊട്ടുപിന്നാലെയാണ് കൃത്യമായ വിവരങ്ങള്‍ കൊട്ടാരത്തിലെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കാത്തതെന്നാണു പോലീസിന്റെ പരാതി.
2025 ഒക്ടോബര്‍-നവംബര്‍ മാസത്തിലാണ് കൊട്ടാരത്തില്‍നിന്നു രണ്ടുകോടിയോളം രൂപ മൂല്യം വരുന്ന വിവിധ ആകൃതിയിലും വലുപ്പത്തിലും കാലയളവിലുമുള്ള സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്.
പൂയം തിരുനാൾ ഗൗരി പാര്‍വതി ബായി ആണ് ഇതുസംബന്ധിച്ച് ഉന്നത പോലീസ് അധികാരികള്‍ക്കു പരാതി നല്‍കിയത്. ആദ്യം രാജകുടുംബം തങ്ങളുടെ വഴിക്ക് അന്വേഷണം നടത്തിയശേഷം ഫലമില്ലാതായപ്പോഴാണു പോലീസിൽ പരാതി നൽകിയത്.
എന്നാല്‍ കേസെടുക്കാതെ അന്വേഷണം വേണമെന്ന ആവശ്യം ഇവര്‍ ഉന്നയിച്ചു. ഇത് പോലീസിനു സ്വീകാര്യമായിരുന്നില്ല. പിന്നീട് കേസെടുത്ത് അന്വേഷണം ആരംഭിച്ചപ്പോള്‍ 2026 മാര്‍ച്ച് മാസമാകുകയും ചെയ്തു.
ഇതിനിടെ അന്വേഷണത്തിനിടെ പോലീസ് ഉപദ്രവിക്കുന്നുവെന്നു കാട്ടിയാണ് രാജകുടുംബം ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ മാസത്തില്‍ ബംഗളൂരുവിലേക്കു പോകുന്നതിനു മുന്നോടിയായി ആഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്.
കേസന്വേഷണത്തിന്റെ ഭാഗമായി കൊട്ടാരത്തിലെ താമസക്കാരില്‍നിന്നും ജീവനക്കാരില്‍ ചിലരില്‍നിന്നും സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം മൊഴിയെടുത്തിരുന്നു.
കൊട്ടാരം സന്ദര്‍ശിക്കാനെത്തിയ വിദേശികളുടെ വിവരങ്ങള്‍ ശേഖരിച്ചു വരുന്നു. വിവിധ കാലങ്ങളിലായി നിരവധി വിദേശികള്‍ കൊട്ടാരം സന്ദര്‍ശിക്കാനെത്തിയിട്ടുണ്ട്. വിരലടയാളങ്ങള്‍ ശേഖരിക്കുന്ന പോലീസ് നടപടി ഏറെക്കുറെ പൂര്‍ത്തീകരിച്ചു കഴിഞ്ഞു.
കൊട്ടാരത്തിലെ മുറികളില്‍നിന്നും അലമാരയില്‍ നിന്നും വിരലടയാളങ്ങള്‍ എടുത്തിട്ടുണ്ട്. മൊഴി രേഖപ്പെടുത്തല്‍ പൂര്‍ത്തിയാക്കാന്‍ തന്നെ ദിവസങ്ങള്‍ വേണ്ടിവരുമെന്നാണ് സൂചന. കൊട്ടാരം ജീവനക്കാര്‍തന്നെ 40-ലേറെപ്പേരുണ്ട് എന്നതാണ് അതിനു കാരണം. കൊട്ടാരത്തിനു സമീപത്തെ കാമറാ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്.
അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി നിത്യേന ഉപയോഗിക്കുന്ന ആഭരണങ്ങൾക്കൂടാതെ തിരുവിതാംകൂറിന്റെ അവസാന രാജാവായിരുന്ന ചിത്തിര തിരുനാള്‍ ബാലരാമവർമ സമ്മാനമായി നല്കിയ ആഭരണങ്ങളും പുരാതനമായ ആഭരണങ്ങളും മോഷണം പോയവയിലുണ്ട്.
അതേസമയം അന്വേഷണവുമായി രാജകുടുംബം സഹകരിക്കാത്തതും ഉപദ്രവിക്കുന്നതായി പരാതിപ്പെടുന്നതും കൊട്ടാരവുമായി ബന്ധമുള്ളവരാണോ മോഷണത്തിനു പിന്നിലെന്നുള്ള സംശയം വര്‍ധിപ്പിക്കുന്നുണ്ട്. പേരൂര്‍ക്കട പോലീസ് ആദ്യം അന്വേഷിച്ച കേസ് ഇപ്പോള്‍ കന്റോൺമെന്റ് എ.സിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിച്ചു വരുന്നത്.
