കണ്ണൂർ: പോലീസ് സേനയിലുള്ളവർ സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളും കമന്റുകളുമിടുന്നതിൽ ജാഗ്രത പുലർത്തണമെന്നും കക്ഷി രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്നുമുള്ള സംസ്ഥാന പോലീസ് മേധാവിയുടെ നിർദേശത്തിന് പുല്ലുവില കൽപിച്ച് കണ്ണൂർ കെഎപി നാലാം ബറ്റാലിയനിലെ എസ്ഐ. പയ്യന്നൂരിലെ വി. കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ സിപിഎമ്മിന്റെ ന്യായീകരണ തൊഴിലാളിയായി സിനിലാൽ എന്ന എസ്ഐ മാറുന്നതായാണ് ആക്ഷേപം.
ഗതികേടു കൊണ്ടു പോലീസ് ഉന്നതന്റെ മനുഷ്യത്വരഹിത കാര്യങ്ങൾ ഫേസ്ബുക്കിൽ കുറിപ്പായി ഇട്ട പോലീസുകാരനെ അടുത്തിടെ സർവീസിൽ നിന്നും പിരിച്ചു വിട്ട പശ്ചാത്തലം പോലീസ് സേനയിലുണ്ട്.
പോലീസ് സേനയിൽ അച്ചടക്കം കർശനമാക്കി നടപ്പാക്കുന്നതിനായാണ് പോലീസുകാർ സേനയെ പൊതുസമൂഹത്തിൽ ഇകഴ്ത്തിക്കാട്ടുന്ന പോസറ്റുകളും രാഷ്ട്രീയ പോസ്റ്റുകളും ഇടരുതെന്ന് ഡിജിപി ഉത്തരവിറക്കിയത്.
അതേസയമം സിപിഎമ്മിനു വേണ്ടി പോരാളിയായി എസ്ഐ മാറുന്പോൾ ഡിജിപിയും ഭരണകൂടവും ഇതു കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആരോപണമുണ്ട്. പോലീസ് സേനയിലെ ഗ്രൂപ്പുകളിൽ ഇക്കാര്യം സജീവ ചർച്ചയായിട്ടും ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല.
പാർട്ടി ബലത്തിൽ ബറ്റാലിയനിൽ കാര്യമായ ഔദ്യോഗിക ജോലികളൊന്നും ചെയ്യാതെ പലരുടെയും ഫോട്ടോയെടുത്തു നടക്കലാണ് ഇയാളുടെ പണിയെന്നും സേനയിലുള്ള ചിലർ ചൂണ്ടിക്കാട്ടുന്നു.
പോലീസ് സേനയുടെ അച്ചടക്കം ലംഘിച്ചും പോലീസിന്റെ മാന്യതയ്ക്കു നിരക്കാത്ത തരത്തിലും സിപിഎമ്മിനു വേണ്ടി സിനിലാൽ നിരന്തരം അനുകൂല പോസ്റ്റുകളും കമന്റുകളും ഇടുകയാണെന്നും നടപടി വേണമെന്നും കാണിച്ച് ഡിജിപിക്ക് പരാതി നൽകാനുള്ള നീക്കത്തിലാണ് പ്രതിപക്ഷ പാർട്ടികൾ.
