തിരുവനന്തപുരം: കിളിമാനൂരില്‍ ജീപ്പിടിച്ച് ദമ്പതികള്‍ മരിക്കാനിടയായ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതി വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിന്‍കരയിലെ ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ ഇന്നലെ രാത്രി ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ചുലാലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കിളിമാനൂര്‍ പാപ്പാലക്കുസമീപംവച്ച് വിഷ്ണു ഓടിച്ചിരുന്ന ജീപ്പിടിച്ച് വാഹനയാത്രക്കാരായിരുന്ന ഭാര്യയും ഭര്‍ത്താവും ചികിത്സയിലിരിക്കെ മരണപ്പെട്ടിരുന്നു.
വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ വിഷ്ണുവിനെ നാട്ടുകാര്‍ പിടികൂടി കിളിമാനൂര്‍ പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇയാള്‍ക്ക് സ്റ്റേഷന് ജാമ്യം നല്കി വിട്ടയച്ചിരുന്നു.ദമ്പതികള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ മൃതദേഹങ്ങളുമായി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വിഷ്ണുവിനെതിരെ പോലീസ് ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുത്തു.
ഇതേ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.ഇയാളുടെ വാഹനത്തില്‍ നിന്നും ഒരു പോലീസ് ഉദ്യോഗസ്ഥന്റെയും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്റെയും ഐഡി കാര്‍ഡുകള്‍ കണ്ടെടുത്തിരുന്നു. കൃത്യസമയത്ത് കേസെടുക്കാത്തതിന് തിരുവനന്തപുരം റൂറല്‍ എസ്പി നേരത്തെ കിളിമാനൂര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ ഉള്‍പ്പെടെ മൂന്ന് പേരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത വിഷ്ണുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
