കലഞ്ഞൂർ: മൂന്നുനേരവും അരിയാഹാരം കഴിക്കുന്ന കുട്ടികൾക്ക് അപരിചിതമായിരുന്ന നെൽച്ചെടി പരിചയപ്പെടുത്താനുള്ള കലഞ്ഞൂർ ഗവ. എൽപി സ്കൂൾ അധ്യാപകരുടെ ഉദ്യമമാണ് സ്വർണ നിറമണിഞ്ഞത്. 120 ദിവസം മുമ്പ് സ്കൂൾ പരിസരത്ത് ആരംഭിച്ച കര നെൽകൃഷിയാണ് വളർച്ചയുടെ വിവിധ ഘട്ടങ്ങൾ മുഴുവൻ കുട്ടികളും തിരിച്ചറിയാൻ അവസരമൊരുക്കിയത്.
നാട്ടിൽ അടുത്ത കാലംവരെയും നെൽകൃഷി ചെയ്തിരുന്ന കലഞ്ഞൂർ പ്രസന്നകുമാറായിരുന്നു കൃഷിയുടെ മാർഗദർശി. രക്ഷിതാവ് സാദിക് മുഹമ്മദാണ് നെൽവിത്ത് എത്തിച്ചത്.
ഹയർ സെക്കൻഡറി വിഭാഗം നാഷണൽ സർവീസ് അംഗങ്ങൾ കൃഷിയിടം ഒരുക്കി നല്കി. വിള സന്ദർശനവും വിശദീകരണ ക്ലാസും എസ്എംസി ചെയർപേഴ്സൺ ആര്യ ഷിജു ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ ഫിലിപ്പ് ജോർജ്, കെ. പി. ബിനിത, എസ്. ഷാജഹാൻ എന്നിവർ നേതൃത്വം നല്കി.
