തുറവൂർ: കെഎസ്എഫ്ഇയുടെ തുറവൂർ ബ്രാഞ്ചിൽ കുത്തിയതോട് സ്വദേശി മത്തായി വർഗീസ് എന്ന് പരിചയപ്പെടുത്തി മുക്കുപണ്ടം പണയം വച്ച് 1,40,000 രൂപ കൈപ്പറ്റി കടന്നുകളഞ്ഞ പ്രതികളെ ദിവസങ്ങൾക്കുള്ളിൽ പോലീസ് പിടികൂടി. എറണാകുളം രായമംഗലം പുല്ലുവഴി കാളംമാലിയിൽ എൽദോ വർഗീസ്, ഞെഴുവങ്കൻ വീട്ടിൽ ജിബി (48), എറണാകുളം വാരപ്പെട്ടി പാറയിൽക്കുടി ചാലിൽ ബിജു സി.എ.(48) എന്നിവരാണ് പോലീസ് പിടിയിലായത്.
വികലാംഗനായി അഭിനയിച്ചാണ് മത്തായി വർഗീസ് എന്ന വ്യാജപേരിൽ എൽദോ വർഗീസെത്തിയത്. ഇയാളോട് വീടിന്റെ ലോക്കേഷൻ കെഎസ്എഫ്ഇ യുടെ തുറവൂർ ബ്രാഞ്ച് അസിസ്റ്റന്റ് മാനോജർ ചോദിച്ചപ്പോൾ ഇയാൾ സംസാരിക്കാൻ പ്രയാസമുള്ള രീതിയിൽ പെരുമാറുകയായിരുന്നു. പീന്നീട് സംശയം തോന്നി ബ്രാഞ്ച് മാനേജർ നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം പണയം വച്ചതായി കണ്ടെത്തിയത്.
മൂന്നാം പ്രതിയായ ബിജുവാണ് കൈവശമുളള മൊബൈല്‍ ഫോണുപയോഗിച്ച് ഫേക്ക് ആധാര്‍ ആപ്പില്‍ കയറി എൽദോ വർഗീസിന്റെ പേരിൽ വ്യാജ ആധാർ കാർഡ് ഉണ്ടാക്കിയത്. പെട്ടെന്നുരച്ച് നോക്കിയാൽ മുക്കുപണ്ടമാണെന്ന് മനസിലാകാത്ത രീതിയിലായിരുന്നു നിർമാണം.പഴയ ഒറിജിനൽ സ്വർണം വാങ്ങി ഒരു പവൻ സ്വർണത്തിൽ നാലു പവൻ ചെമ്പ് കയറ്റി സ്വർണം നൂലുപോലെയാക്കി അത് വളയുടെ പുറത്തു വരത്തക്കരീതിയിലാണ് വള പണിയുന്നത്.
. ഉരച്ചുനോക്കിയാലോ ലായനിയിൽ ഇട്ടാലോ തിരിച്ചറിയാൻ സാധിക്കാത്ത തരത്തിലായിരുന്നു നിർമാണം. പ്രതികൾക്കെതിരേ എറണാകുളം, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലായി 20 ഓളം മുക്കുപണ്ട പണയകേസുകൾ നിലവിലുണ്ട്. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതാലെ കൂടുതൽ വിവരങ്ങൾ ലഭിക്കൂയെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കുത്തിയതോട് എസ്ഐ ബജിത്ത് ലാൽ, സിവിൽ പോലീസ് ഓഫീസർമാരായ വിജേഷ്, അമൽരാജ്, സാജൻ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
